പത്താം ക്ലാസിൽ ഫുള്‍ എ പ്ലസ്‌ നേടുന്നവരെല്ലാം സയൻസ് ഗ്രൂപ്പെടുക്കണമെന്ന അലിഖിത നിയമം ദേവിക തെറ്റിക്കാൻ പോവുകയാണ്.

സന്ദീപ്‌ ദാസ്‌ എഴുതിയ കുറിപ്പ്…

“നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ആളുകളും വലതു കൈ ഉപയോഗിച്ച് എഴുതുന്നവരാണ്. എപ്പോഴെങ്കിലും ഇടം കൈ കൊണ്ട് എഴുതി നോക്കിയിട്ടുണ്ടോ? വളരെ പ്രയാസമുള്ള കാര്യമാണ്. പേന പിടിച്ച് പരിചയമില്ലാത്ത കൈ ഉപയോഗിച്ച് വൃത്തിയായി എഴുതണമെങ്കിൽ മാസങ്ങളുടെ നിരന്തര പ്രയത്നം വേണ്ടിവരും. പരീക്ഷകൾ കൃത്യ സമയത്ത് എഴുതിത്തീർക്കുക എന്നത് വലിയ വെല്ലുവിളിയാണ്. വേഗത്തിൽ എഴുതാനുള്ള കഴിവിനു പുറമെ, മനോബലവും ഓര്‍മ ശക്തിയും കൂടി പരീക്ഷിക്കപ്പെടുന്ന വേദിയാണത്. ”അഞ്ചു മിനുട്ട് കൂടി അനുവദിക്കുമോ” എന്ന് ഇൻവിജിലേറ്ററോട് ചോദിക്കാൻ തോന്നുന്ന നിലയിലാണ് പല പരീക്ഷകളും അവസാനിക്കാറുള്ളത്. നമ്മുടെ വീക്ക് ഹാൻ്റ് ഉപയോഗിച്ച് പരീക്ഷകൾ എഴുതിയാൽ എങ്ങനെയിരിക്കും? എക്സാം ഹാളിലിരുന്ന് നമ്മൾ നന്നായി വിയർക്കും.

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ, കാലുകൾ കൊണ്ട് എസ്.എസ്.എൽ.സി പരീക്ഷ എഴുതുകയും, എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്ത ദേവിക എന്ന മിടുക്കിക്കുട്ടിയെ എത്ര അഭിനന്ദിച്ചാലാണ് മതിവരിക? ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള അധിക സമയം രണ്ടു പരീക്ഷകളിൽ മാത്രമാണ് ദേവിക ഉപയോഗിച്ചത്. ബാക്കി എട്ടു പരീക്ഷകളും അവൾ മറ്റു കുട്ടികളോടൊപ്പം തന്നെ എഴുതിത്തീർത്തു. ഇതു പോലുള്ള കാര്യങ്ങളൊക്കെ സിനിമയിൽ മാത്രമേ സംഭവിക്കൂ എന്നായിരുന്നു എൻ്റെ ധാരണ. ദേവിക അത് തിരുത്തി. പോരാളിയുടെ മനസ്സും അർപ്പണ ബോധവും ഉണ്ടെങ്കിൽ ജീവിതത്തിലും അമാനുഷികമായ കാര്യങ്ങൾ പ്രവർത്തിക്കാം.

സഹതാപം എന്ന ശിക്ഷ കുഞ്ഞുനാൾ മുതൽ ദേവിക വേണ്ടുവോളം അനുഭവിച്ചിട്ടുണ്ടാകും. ‘വയ്യാത്ത കുട്ടി’യെ സഹായിക്കാൻ ചുറ്റുമുള്ളവർ മത്സരിച്ചിട്ടുണ്ടാവും. മറ്റു മാർഗ്ഗങ്ങൾ നോക്കാൻ പലരും നിർദ്ദേശിച്ചിട്ടുണ്ടാവും. കാലുകൾ ഉപയോഗിച്ച് വേഗത്തിൽ എഴുതാനുള്ള സിദ്ധി ഒരു അർദ്ധ രാത്രി കൊണ്ട് ഒരാളിൽ വന്നു ചേരുകയൊന്നുമില്ല. ദേവികയുടെ എത്രയെത്ര പരീക്ഷകൾ സമയക്കുറവ് മൂലം അലങ്കോലമായിട്ടുണ്ടാവും. ഉത്തരമറിയാമായിരുന്നിട്ടും എഴുതാനാകാതെ പോയ എത്രയെത്ര ചോദ്യങ്ങളെ അവൾ അഭിമുഖീകരിച്ചിട്ടുണ്ടാവും. അർഹതപ്പെട്ട എത്രയെത്ര മാർക്കുകൾ ആ പെൺകുട്ടിയ്ക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ടാവും. ഇന്ന് എല്ലാവരും പ്രശംസിക്കുന്ന വിജയത്തിനു പുറകിൽ എത്രയെത്ര കണ്ണുനീർത്തുള്ളികൾ അടർന്നു വീണിട്ടുണ്ടാവും.പക്ഷേ ദേവിക വിധിയെ പഴിച്ച് തളർന്നിരുന്നില്ല. ശപി­ക്കപ്പെട്ടവളെന്ന് സ്വയം വിശേഷിപ്പിച്ച് ഒതുങ്ങിക്കൂടിയില്ല. പലവട്ടം വീണു പോയിട്ടും ഒാരോ തവണയും വാശിയോടെ ചാടി എഴുന്നേറ്റു. വിധി പോലും ദേവികയുടെ വരുതിയ്ക്ക് നിന്നു. വിജയത്തിലേക്ക് ഒരു എളുപ്പ വഴി കണ്ടാൽ മിക്ക മനുഷ്യരും അത് ഉപയോഗപ്പെടുത്തും. ദേവിക അങ്ങനെയല്ല. പരീക്ഷയെഴുതാൻ സ്ക്രൈബിൻ്റെ സഹായം സ്വീകരിച്ചില്ല. ഗ്രേസ്മാർക്കിൻ്റെ ആനുകൂല്യവും ലഭിച്ചിട്ടില്ല. പതിനാലു-പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള ദേവികയ്ക്ക് കൃത്യമായ നിലപാടുകളും ലക്ഷ്യങ്ങളും ഉണ്ട് എന്നതും ശ്രദ്ധേയമാണ്. പത്താം ക്ലാസിൽ മികച്ച മാർക്ക് നേടുന്നവരെല്ലാം സയൻസ് ഗ്രൂപ്പെടുക്കണമെന്ന അലിഖിത നിയമം അവൾ തെറ്റിക്കാൻ പോവുകയാണ്. ഹ്യുമാനിറ്റീസ് തെരഞ്ഞെടുക്കുമെന്നും ഭാവിയിൽ സിവിൽ സർവ്വീസ് പരീക്ഷ ജയിക്കുന്നതിനു വേണ്ടി പരിശ്രമിക്കുമെന്നും ദേവിക പറയുന്നു.ഫുൾ എ പ്ലസ് കിട്ടിയ ഒരു കുട്ടി സയൻസ് ഗ്രൂപ്പ് നിഷേധിക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. കുട്ടികളുടെ അഭിരുചികൾക്ക് പുല്ലുവില കല്പിക്കുന്ന സമൂഹമാണ് നമ്മുടേത്. അവർ എന്തു പഠിക്കണം എന്ന് തീരുമാനിക്കുന്നതു തന്നെ മറ്റുള്ളവരാണ്. സയൻസിനോട് താത്പര്യമുള്ളവർ ആ ഗ്രൂപ്പ് തന്നെ എടുക്കണം. എന്നാൽ നാട്ടുകാരെയും ബന്ധുക്കളെയും തൃപ്തിപ്പെടുത്തുന്നതിനു വേണ്ടി മാത്രം സയൻസ് തിരഞ്ഞെടുക്കുന്ന കലാപരിപാടി ഇവിടെ വർഷങ്ങളായി നടന്നു വരുന്നുണ്ട്. ഈ പൊതുബോധത്തെ ദേവിക ഭയക്കുന്നില്ല.”എൻ്റെ കാര്യം ഞാൻ തീരുമാനിക്കും” എന്ന ശക്തമായ പ്രസ്താവനയാണ് അവൾ മുന്നോട്ടു വെച്ചിരിക്കുന്നത്. ഇതിനെയാണ് വ്യക്തിത്വം എന്നു പറയുന്നത്. ദേവികയ്ക്ക് എല്ലാവിധ പിന്തുണയും നൽകി കൂടെ നിൽക്കുന്ന മാതാപിതാക്കളും ഒരുപാട് പൂച്ചെണ്ടുകൾ അർഹിക്കുന്നു. അവരാണ് ദേവികയെ കാലു കൊണ്ട് എഴുതാൻ പരിശീലിപ്പിച്ചത്.ഭിന്നശേഷിക്കാരായ മക്കളെ ഭാരമായി കണക്കാക്കുന്ന അച്ഛനമ്മമാർക്ക് കണ്ടുപഠിക്കാം. പൊട്ടൻ, ചട്ടുകാലൻ മുതലായ പദങ്ങൾ ഉപയോഗിച്ച് ഭിന്ന ശേഷിക്കാരെ പരിഹസിക്കുന്നവർ ഓര്‍ത്ത് കൊള്ളുക. അവരുടെ നാട്ടുകാരൻ എന്ന നിലയിലായിരിക്കും ഭാവിയിൽ നിങ്ങൾ അറിയപ്പെടുന്നത്. ജീവിതത്തിൽ നിസ്സാരമായ പ്രശ്നങ്ങൾ വരുമ്പോഴേക്കും തളർന്നു പോകുന്നവർ കോഴിക്കോട് ജില്ലയിലെ വള്ളിക്കുന്നിലേക്ക് വണ്ടി കയറണം. അവിടെ കാൽകൊണ്ട് എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ കാണാം. അവളെ ദൂരെ നിന്ന് ഒരു പത്തു മിനുട്ട് നിരീക്ഷിക്കുക. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഞൊടിയിടയിൽ അലിഞ്ഞില്ലാതാകുന്നത് കാണാം.

Sandeep das Facebook post about Devika

Noora T Noora T :