IFFK ഇല്ലെങ്കിലും കാഴ്ച്ച ഫിലിം ഫെസ്റ്റിവല്‍ ഉണ്ടാകും: സനല്‍ കുമാര്‍ ശശിധരന്‍

IFFK ഇല്ലെങ്കിലും കാഴ്ച്ച ഫിലിം ഫെസ്റ്റിവല്‍ ഉണ്ടാകും: സനല്‍ കുമാര്‍ ശശിധരന്‍

ഐഎഫ്എഫ്‌കെ ഇല്ലെങ്കിലും കാഴ്ച്ച ഫിലിം ഫെസ്റ്റിവല്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. മെട്രോമാറ്റിനിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ നമ്മള്‍ തുടങ്ങിയതാണ് കാഴ്ച്ച ഫിലിം ഫെസ്റ്റിവല്‍. ഇത്തവണയും ഉണ്ടാകും.. അത് ഐഎഫ്എഫ്‌കെയ്‌ക്കൊപ്പം നടത്തുക എന്നത് കൊണ്ട് അതിന് എതിരായിട്ടോ അല്ലെങ്കില്‍ ഐഎഫ്എഫ്‌കെ നടത്താത്തത് കൊണ്ടോ നടത്തുന്നതല്ല..

കാഴ്ച്ച ഫിലിം ഫെസ്റ്റിവലിന് വ്യക്തമായൊരു കാഴ്ച്ചപ്പാടുണ്ട്… ഇന്‍ഡിപെന്‍ഡന്‍സ് സിനിമകള്‍ക്ക് വേണ്ടിയുള്ളൊരു പ്ലാറ്റ്‌ഫോമായി വളര്‍ത്തിക്കൊണ്ടു വരാനാണ് നമ്മള്‍ പ്ലാന്‍ ചെയ്യുന്നത്… ഐഎഫ്എഫകെയ്ക്ക് പരിമിധികളുണ്ട്… അതിനകത്ത് എല്ലാ സിനിമകളും അവര്‍ക്ക് ഉള്‍പ്പെടുത്താനാകില്ല.. അതിനകത്ത് പല കാരണങ്ങള്‍ കൊണ്ടും പല നല്ല സിനിമകള്‍ക്കും അവിടെ സെലക്ഷന്‍ കിട്ടുന്നില്ല.. അത്തരം കാര്യങ്ങളിലുള്ള വിയോജിപ്പുകളും എതിര്‍പ്പുകളും എപ്പോഴും നില നില്‍ക്കും.. ശരിയല്ലാത്ത കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ വിമര്‍ശിക്കും… അതിന് ബദലായിട്ടുള്ള കാര്യങ്ങള്‍ നമ്മള്‍ നിര്‍ദേശിക്കും.. അതൊക്കെ അവിടെയുണ്ടാകും..

IFFK എന്ന് പറയുന്ന ഫെസ്റ്റിവല്‍ അത് ഉണ്ടാവുക എന്ന് പറയുന്നത് എല്ലാ പ്രാവശ്യവും ഉള്ളതാണ്.. വിമര്‍ശിക്കുന്നു എന്ന് പറഞ്ഞിട്ട് IFFK ഇനി ഉണ്ടാകരുതെന്നോ നശിച്ചു പോകണമോയെന്നോ ആഗ്രഹിക്കുന്നത് നല്ലതല്ല. അതൊരു തെറ്റായ ധാരണയാണ്. നമ്മുടെ നാട്ടില്‍ ഏറ്റവും വലിയ പ്രശ്‌നം ആരെങ്കിലും എന്തെങ്കിലും കാര്യത്തില്‍ വിമര്‍ശിക്കുകയാണെങ്കില്‍ നശിച്ചു പോകണമെന്ന് ആഗ്രഹിക്കുന്നു എന്നാണ് പൊതുവെ ആളുകള്‍ വിചാരിക്കുന്നത്.. ഇതാണ് ശരിക്കും മാറ്റേണ്ടത്.. വിമര്‍ശനം വളരെ ക്രിയാത്മകമായൊരു പ്രക്രിയയാണ്.. നമ്മുക്കിഷ്ടമായൊരു കാര്യം വളരെ തെറ്റായ രീതിയില്‍ പോകുമ്പോഴാണ് നാം വിമര്‍ശിക്കുന്നത്. അതല്ലാതെ തെറ്റായ രീതിയില്‍ പോകുന്ന ഒന്നിനെ വിമര്‍ശിക്കില്ല. കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കത്തെയുള്ളു.. ഇത് നമ്മുടെ നാട്ടിന്റെ ഒരു വലിയ പ്രശ്‌നമാണ്… ആരെങ്കിലും ഒരു കാര്യം എതിര്‍ത്തു പറഞ്ഞാല്‍ അത് നമ്മുടെ വലിയ പുരോഗമന പ്രസ്താനങ്ങള്‍ എന്ന് പറയുന്ന പ്രസ്താനങ്ങള്‍ക്ക് പോലും പ്രശ്‌നമുണ്ട്….. ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ പടിയടച്ച് പിണ്ഠം വെയ്ക്കുക എന്ന് പറയുന്നത് ഇത് രണ്ടും രണ്ട് കാര്യങ്ങളാണ്..  വിമര്‍ശിക്കുന്നതും എതിരായി നശിച്ചു പോകണമെന്ന് ആഗ്രഹിക്കുന്നതും രണ്ടാണ്… ഇതിനെ രണ്ടായി കാണണം..

ശരിക്കും ഐഎഫ്‌കെകെ റദ്ദാക്കുന്നത് ഒരു മണ്ടത്തരമാണെന്ന് പലരും പറഞ്ഞു. അതുപോലെ തന്നെ എല്ലാവര്‍ക്കും അറിയാവുന്നൊരു കാര്യവുമാണ്…23 വര്‍ഷമായിട്ട് നമ്മള്‍ കെട്ടിപ്പൊക്കിക്കൊണ്ടു വന്ന വലിയ സംഭവമാണ് IFFK. അത് ശരിക്കും പറഞ്ഞാല്‍ നമ്മുടെ ദേശീയ ഉത്സവം പോലെയല്ല.. അന്തര്‍ദേശീയ ഉത്സവം ആയിട്ടാണ് നമ്മള്‍ വിഭാവനം ചെയ്തിരിക്കുന്നതും നടന്നിരിക്കുന്നതും. അപ്പോള്‍ അത് ക്യാന്‍സല്‍ ചെയ്യുന്നത് നമ്മളെ മാത്രമല്ല ബാധിക്കുന്നത്… നമ്മുടെ നാടിന്റെ ഒരു ബ്രാന്റ് അംബാസിഡര്‍ എന്ന് പറയുന്നൊരു സംഭവമാണിത്. അപ്പോള്‍ അതിനെ വലിയ ലാഘവത്തോടെ അത് നടത്താതിരിക്കുക എന്ന് തീരുമാനിക്കുന്നത് കുറ്റകരമായിട്ടുള്ളൊരു തീരുമാനമാണെന്നാണ് എന്റെ അഭിപ്രായം.. കാരണം ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് നമ്മള്‍ ഉണ്ടാക്കിയെടുത്ത ഒന്നല്ല… കാല്‍ നൂറ്റാണ്ടായിട്ട് നടന്നു കൊണ്ടിരിക്കുന്നതാണ്.. ഐഎഫ്എഫ്‌കെയും കൂടി കേരളത്തെ പ്രതിനിധീകരിക്കുന്നുണ്ട്… അത്തരം വലിയൊരു ഫെസ്റ്റിവല്‍ കൂടിയാണ് IFFK.

ഓണത്തെ പോലെയോ ഒരുപക്ഷേ ഓണത്തെക്കാളും മറുനാട്ടില്‍ നമ്മുടെ നാടിനെ പരിചയപ്പെടുത്തുന്ന ഒരു ഉത്സവമാണിത്. അപ്പോഴത് നടത്താതിരിക്കുക എന്നത് ഒരു തെറ്റായ കാര്യമാണ്… പക്ഷേ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തണോ എന്നത് ചര്‍ച്ചചെയ്യേണ്ടതാണ്.. ഇത്രയും വലിയ ദുരന്തം നടക്കുമ്പോള്‍ സര്‍ക്കാര്‍ ഫണ്ട് ഇതിനായി വിനിയോഗിക്കണമോ അതോ എത്ര ഫണ്ട് വിനിയോഗിക്കണം എന്നൊക്കെയുള്ളത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. അതിന് ആള്‍ട്ടര്‍നേറ്റീവ് ആയിട്ടുള്ള വഴികള്‍ കണ്ടെത്താന്‍ കഴിയും…. ഇത്തവണ ചിലവ് ചുരുക്കിയിട്ട് ചിലപ്പോള്‍ നടത്താന്‍ പറ്റും.. നമ്മളാരും ദുരന്തം ഉണ്ടായെന്ന് കരുതി ഓണം ആഘോഷിക്കാതിരുന്നില്ലല്ലോ… എല്ലാവരും ഓണം ആഘോഷിച്ചു. ഒരുപക്ഷേ 10 കറികള്‍ ഉണ്ടാക്കേണ്ടിടത്ത് ഒരു കറി വെച്ചിട്ടുണ്ടാകും… വലിയ പൂക്കളം ഉണ്ടാക്കേണ്ടിടത്ത് ഒരു പൂവ് വെച്ചിട്ട് പൂക്കളം ഉണ്ടാക്കി..

അതുപോലെ ഇത്തവണ IFFK യും അങ്ങനെ നടത്തണം.. അല്ലാതെ അത് മുടക്കുക എന്ന് പറയുന്നത് IFFK യുടെ മത്സര വിഭാഗം മുടക്കാന്‍ പാടില്ല… IFFK യിലെ ചിലകാര്യങ്ങളൊക്കെ നമ്മുക്ക് കോംപ്രമൈസ് ചെയ്യാനാകും…. ഉദാഹരണം ഉദ്ഘാടനം സമാപനം അങ്ങനെയുള്ള കാര്യങ്ങളിലൊക്കെ ചിലവഴിക്കുന്ന കാശ്, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് വേണ്ടി ചിലവഴിക്കുന്ന കാശ്, മറ്റ് ഫിലിം മേക്കേഴ്‌സിനെ കൊണ്ടുവരുന്നതിന് പകരം മത്സര വിഭാഗത്തിലുള്ളവരെ കൊണ്ടുവരാം… ഇങ്ങനെയൊക്കെ ചിലവ് ചുരുക്കാനാകും.. ഇത്തവണ ഒരുപക്ഷേ സന്നദ്ധപ്രവര്‍ത്തകരെ നമ്മുക്ക് ഇതിലേയ്ക്ക് കൊണ്ടുവരാനാകും. ധാരാളം ആളുകളും ഫ്രീയായി വര്‍ക്ക് ചെയ്യാന്‍ തയ്യാറായി വരും. ആ രീതിയിലൊക്കെ ഇതിനെ എങ്ങനെ നടത്തിക്കൊണ്ടു പോകാം എന്നാണ് ആലോചിക്കേണ്ടത്… അല്ലാതെ ഒരു കാരണം കണ്ടെത്തി അതിനെ ഒഴിവാക്കുക എന്നത് മണ്ടത്തരം എന്ന് പറയുന്നതിനേക്കാള്‍ അതിനെ കുറ്റകരമായ ഒരു കാര്യമായാണ് എനിക്ക് തോന്നുന്നത്.

നമ്മുടെ സാംസ്‌കാരിക ഉത്സവങ്ങളൊന്നും തന്നെ ഉപേക്ഷിക്കാന്‍ പാടില്ല എന്നാണ്.. നമ്മുടെ നാട് എന്ന് പറയുന്നത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ നാട് വേറിട്ട് നില്‍ക്കുന്നതിന് ഒരു കാരണം നമ്മുടെ നാട്ടില്‍ നടക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണ്.. അതു ഉണ്ടാക്കിയിട്ടുള്ള സാംസ്‌കാരികമായിട്ടുള്ള മാറ്റങ്ങളാണ് നാമിപ്പോള്‍ കാണുന്നത്.. വെള്ളപ്പൊക്കം വന്നപ്പോള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ രീതിതന്നെ നോക്കിയാല്‍ മതിയാകും. നമ്മള്‍ എങ്ങനെയാണ് പ്രതികരിച്ചത് എന്നത് നോക്കിയാല്‍ മതിയാകും.. അതെല്ലാം തന്നെ ഈ പറയുന്ന കാലാകാലമായി നടത്തിക്കൊണ്ടുവരുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കൂടെ ഭാഗമാണ്. അതല്ലാതെ റേഷന്‍ അരിയും മദ്യവും വെച്ചിട്ട് നിങ്ങളിത് കഴിച്ചോ നിങ്ങള്‍ക്ക് ഒരു വര്‍ഷം ഇങ്ങനെ ജീവിച്ചൂടെ എന്ന് പറയുന്നത് വലിയ തെറ്റാണ്.

നമ്മുക്ക് എല്ലാം അതിജീവിക്കേണ്ട കാര്യമുണ്ട്.. വെള്ളപ്പൊക്കത്തെ അതിജീവിക്കുക എന്നത് പഴയതിനേക്കാല്‍ സാംസ്‌കാരികമായും വലിയ രീതിയില്‍ ഉന്നമനത്തിലേയ്ക്ക് പോകേണ്ടതുണ്ട്… അതിജീവിക്കുക എന്ന് പറയുന്നത് വീടുകെട്ടി കൊടുക്കുക റോഡ് കെട്ടിക്കൊടുക്കുക എന്നത് മാത്രമല്ല… സാംസ്‌കാരമായും അതിജീവനം വേണം… നിങ്ങള്‍ കുറേ കാശ് കൊണ്ടു വരൂ…റോഡ് കെട്ടാം.. ഇതുമാത്രമല്ല അതിജീവിനം…അതും ഇതിന്റെ ഭാഗമാണ്. പക്ഷേ ഇതിന് സാംസ്‌കാരികമായൊരു അതിജീവനത്തിന്റെ കൂടി ആവശ്യമുണ്ട്… ഇതിന് സാംസ്‌കാരിക പരിപാടികള്‍ എല്ലാം ഒഴിവാക്കുക എന്ന് പറയുന്നത് തെറ്റാണ്. അത് ശരിക്കും അതിജീവനമല്ല.. അത് ഒരുതരം ഒഴിവാക്കലാണ്…

Sanal Kumar Sasidharan about Kazcha film fest

Farsana Jaleel :