കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ പോലീസ് കേസെടുത്തത്. ഇപ്പോഴിതാ സനൽ കുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് പോലീസ്. വിമാനത്താവളത്തിൽ എത്തിയാൽ ഉടൻ പിടികൂടുമെന്നാണ് വിവരം. നിലവിൽ അമേരിക്കയിലുള്ള സംവിധായകനെതിരെ നടപടിക്കായി കോൺസുലേറ്റിനേയും പൊലീസ് സമീപിക്കും.
അതേസമയം തനിക്കെതിരെയുളള പരാതി കള്ളമാണെന്ന് പറയുകയാണ് സനൽ കുമാർ. താൻ പുറത്ത് വിട്ട ശബ്ദരേഖ നടിയുടേതാണ് എന്നതിന് തെളിവുണ്ടെന്നും ഒരു മാധ്യമത്തോട് പ്രതികരിക്കവെ സംവിധായകൻ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി നടിയും താനും തമ്മിൽ സംസാരിക്കുന്നുണ്ട്. അവർ തന്നോട് പറഞ്ഞത് അവരുടെ ജീവന് ഭീഷണിയുണ്ട്. താനുമായി ബന്ധപ്പെട്ടു എന്ന് അറിഞ്ഞാൽ തന്നെ അവരുടേയും മകളുടേയും ജീവന് ഭീഷണിയുണ്ട് എന്നാണ് തന്നോട് പറഞ്ഞത്.
അതുകൊണ്ടാണ് ശബ്ദരേഖ പബ്ലിഷ് ചെയ്യുകയും പുറം ലോകത്തോട് പറയുകയും ചെയ്തത്. അതിനകത്ത് സത്രീത്വത്തെ അപമാനിക്കുന്ന ഒന്നും ഇല്ല. അത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. പരാതി കളളമാണ്. ശബ്ദരേഖ പുറത്ത് വിട്ടപ്പോൾ അവർ പരസ്യമായി പ്രതികരിക്കുകയോ തന്നെ വിളിച്ച് സംസാരിക്കുകയോ ആയിരുന്നു വേണ്ടിയിരുന്നത്. അവരുടേതല്ലെങ്കിൽ അത് പറയുകയാണ് വേണ്ടത്. 3 വർഷം മുൻപ് തനിക്കെതിരെ കളളക്കേസ് കൊടുത്തിട്ടുണ്ട്.
അതിൽ ഇതുവരെ നടിയുടെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല. തന്നെ അറിയാത്ത ആളല്ല അവർ. തന്റെ സിനിമയിൽ അഭിനയിക്കുകയും അടുത്ത സിനിമയിലും അഭിനയിക്കാൻ തയ്യാറാവുകയും ചെയ്ത ആളാണ്. അവർക്ക് തന്നെ വിളിച്ച്, സനൽ ഇത് ഞാനല്ല, മറ്റാരോ നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് പറയാം. അല്ലെങ്കിൽ പോസ്റ്റ് ഇടുകയോ പത്രസമ്മേളനം നടത്തുകയോ ചെയ്യാം. എന്തുകൊണ്ടാണ് അത് ചെയ്യാത്തത്.
ശബ്ദരേഖയിൽ അവർ പറയുന്നുണ്ട് ഈ കേസിൽ എനിക്കൊന്നും ചെയ്യാനില്ലെന്ന്. അത് തന്റെ ശബ്ദരേഖ അല്ലെന്ന് അവർ പറഞ്ഞിട്ടില്ല. രണ്ട് വർഷം മുൻപ് ഒരു ഫേക്ക് ഐഡിയിൽ അവർ തന്നെ ബന്ധപ്പെട്ടു. രണ്ട് വർഷം മുൻപ് അവർ പറഞ്ഞു, സനൽ നിങ്ങൾ പോയ്‌ക്കോളൂ, എന്റെ ജീവിതം തീർന്നു. എനിക്ക് വേറെ എന്നും ചെയ്യാൻ പറ്റില്ല എന്ന്. അതറിയുമ്പോൾ താൻ അത് പൊതുസമൂഹത്തിനോട് പറയാതിരിക്കാനാകുമോ.
ആ ശബ്ദരേഖ ആദ്യം അവരുടെ സഹോദരനും സുഹൃത്തുക്കൾക്കും വാട്‌സ്ആപ്പിൽ അയച്ച് കൊടുത്തു. അരമണിക്കൂറിനകം തന്റെ വാട്‌സ്ആപ്പ് ബ്ലോക്കായി. അത് കഴിഞ്ഞാണ് ശബ്ദരേഖ പബ്ലിഷ് ചെയ്തത്. 8 ദിവസം കഴിഞ്ഞ് ആളുകൾ ചർച്ച ചെയ്ത് തുടങ്ങിയപ്പോഴാണ് അവർ കേസ് കൊടുക്കുന്നത്. ഇതുവരെ നടിക്ക് തന്നോട് നേരിട്ട് സംസാരിക്കാനായിട്ടില്ല.
എന്നോട് പറഞ്ഞത് എന്റെ ലോകത്ത് സനൽ കുമാർ ശശിധരൻ എന്ന ആളില്ല. ഉണ്ട് എന്ന് അറിഞ്ഞാൽ നടി ജീവിച്ചിരിക്കില്ല എന്നാണ്. അതുകൊണ്ടാണ് വളഞ്ഞ വഴി സ്വീകരിക്കുന്നത് എന്നാണ് പറഞ്ഞത്. ആ ശബ്ദരേഖയിൽ സ്ലാംഗ് മാറ്റിയാണ് സംസാരിച്ചിരിക്കുന്നത്. അവരെ അറിയുന്നവർക്ക് ആ ശബ്ദം മനസ്സിലാകും.
നടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് വേറെ ആരോ ആണ്. അവർക്ക് അതിൽ നിയന്ത്രണം ഇല്ലെന്നാണ് അവർ തന്നോട് പറഞ്ഞത്. അവരെ ആരാണ് അപായപ്പെടുത്താൻ ശ്രമിക്കുന്നത് എന്ന് തനിക്ക് അറിയില്ല. അക്കാര്യം ഫോണിൽ പറയാൻ പറ്റില്ല, നേരിട്ട് പറയാനേ പറ്റൂ എന്നാണ് തന്നോട് നടി പറഞ്ഞിട്ടുളളത്. രണ്ട് വർഷമായി രാത്രിയും പകലും തങ്ങൾ സംസാരിക്കുന്നുണ്ട്. അത് നടി തന്നെയാണ് എന്നതിന് തന്റെ കയ്യിൽ തെളിവുണ്ട്.
നാട്ടിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ആയത് കൊണ്ടാണ് നാട് വിടേണ്ടി വന്നത്. ഇവിടെ മാന്യമായി ജോലി ചെയ്ത് ജീവിക്കുന്നുണ്ട്. ജീവന് ഭീഷണി ഉളളത് കൊണ്ടാണ് നാട് വിട്ടതെന്നും സനൽ കുമാർ ശശിധരൻ പറയുന്നു. ഇയാൾക്കെതിരെ നടി 2022ൽ നൽകിയ ഒരു പരാതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. അന്ന് കേസിൽ അറസ്റ്റിലായ സനൽ കുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.