അടുത്തിടെയായി നടി മഞ്ജു വാര്യർക്കെതിരെ നിരവധി അവകാശവാദങ്ങളുന്നയിക്കുകയാണ് സനൽ. ഈ വിഷയം സമൂഹ മാധ്യമത്തിൽ ചർച്ചയായി മാറിയിരുന്നു.
മഞ്ജു വാര്യറുടെ ജീവൻ അപകടത്തിലാണെന്നും നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചുപറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ടെന്നും ഒക്കെയാണ് സംവിധായകൻ മഞ്ജുവിനെ ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്.
ഇതോടെ സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ കേസെടുത്തിരുന്നു. സംഭവം വലിയ ചർച്ചയായതോടെയാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ കൊച്ചി എളമക്കര പൊലീസാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്.
യുഎസിൽ നിന്നാണ് സനൽകുമാർ പോസ്റ്റുകൾ പങ്കുവയ്ക്കുന്നതെന്നു പൊലീസ് പറഞ്ഞു. ഇപ്പോഴിതാ നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കയാണ് സനൽ കുമാർ ശശിധരൻ.
സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
സ്ത്രീത്വത്തെ അപമാനിച്ചു എന്നപേരിൽ എനിക്കെതിരെ വീണ്ടും എളമക്കര പോലീസ് സ്റ്റേഷനിൽ തന്നെ ഒരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു എന്ന് വാർത്ത കണ്ടു. പതിവുപോലെ നിന്റെ ജീവന് അപകടമുണ്ടെന്നും നിന്നെ കാണാനോ സംസാരിക്കാനോ അനുവദിക്കുന്നില്ല എന്നും ഞാൻ പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞതിനാണ് ഇത്തവണയും കേസ്. നടിയുടെ പരാതിയിലാണ് കേസ് എന്നാണ് അറിയുന്നത്. നിന്റെ പേരിൽ തന്നെയാവും ഇത്തവണയും കേസ്. മൂന്നു വർഷങ്ങൾക്ക് മുൻപ് നിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കള്ളക്കേസ് ഇനിയും അന്വേഷിക്കുകയോ നിന്റെ മൊഴി രേഖപ്പെടുത്തുകയോ എന്തെങ്കിലും തളിവുകൾ ഹാജരാക്കുകയൊ ചെയ്തിട്ടില്ല. നിന്റെ ജീവനിലുള്ള ആശങ്ക പൊതുസമൂഹത്തോട് ഞാൻ വിളിച്ചു പറയും മുൻപ് നിന്നെയും നിന്റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും ഞാൻ വിളിച്ചറിയിച്ചിരുന്നു.
നീയുമായി സംസാരിക്കാൻ അനുവദിക്കാതിരുന്ന സാഹചര്യത്തിലും നീ തന്നെ പറഞ്ഞറിഞ്ഞ ഭീതിപ്പെടുത്തുന്ന ജീവിതാവസ്ഥയുടെ അലോസരത്തിലുമാണ് ഞാനത് നമ്മുടെ സംഭാഷണത്തിന്റെ ശബ്ദരേഖയുടെ കൂടി പിൻബലത്തിൽ പൊതു സമൂഹത്തിൽ പങ്കുവെച്ചത്. ആ ശബ്ദരേഖ പൊതു സമൂഹം ചർച്ചചെയ്യാതിരിക്കാൻ കഴിയുന്നത്ര ശ്രമിച്ചിട്ടും സാധിക്കാതെ വന്നതുകൊണ്ടാണ് ഇപ്പോൾ എന്നെയും ഇതെക്കുറിച്ച് ചർച്ചചെയ്യാൻ സാധ്യതയുള്ള മറ്റുള്ളവരെയും ഭയപ്പെടുത്തി മാറ്റി നിർത്തുന്നതിനായി ഇപ്പോൾ എളമക്കര പോലീസ് സ്റ്റേഷനിൽ തന്നെ കഴിഞ്ഞ തവണത്തെ പോലെ തന്നെ അർദ്ധരാത്രിയിൽ ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇത്തവണയും ഇത് നിന്റെ അറിവൊടുകൂടി അല്ല എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. കഴിഞ്ഞതവണ എന്നെ എളമക്കര പോലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിനായി എന്റെ വിലാസം “അൺനോൺ എറണാകുളം” എന്നായിരുന്നു എഴുതിയിരുന്നത്. ഇത്തവണ അത് എന്താണെന്ന് എനിക്കറിയില്ല. എന്തായാലും ഒരു കാര്യം ഇതോടെ ഉറപ്പായി കാര്യങ്ങളുടെ സത്യാവസ്ഥ പൊതുസമൂഹത്തോട് വെളിവാക്കുന്ന തരത്തിൽ നീ ഒരു പരസ്യ പ്രസ്താവനയോ പത്രസമ്മേളനമോ നടത്താൻ ഉള്ള സാഹചര്യം ഉണ്ടാകരുത് എന്നത് ഉറപ്പിക്കുന്നതിനാണ് ഇപ്പോൾ ഈ പോലീസ് കേസ്.
കേസിന്റെ കാര്യത്തിൽ എനിക്ക് തെല്ലും ഭയമില്ല. ഞാൻ പറഞ്ഞതെല്ലാം സത്യമായതുകൊണ്ടും സ്വതന്ത്രമായി പൊതുസമക്ഷം നിന്നെ സംസാരിക്കാൻ അനുവദിക്കാതിരിക്കാനാണ് ഇപ്പോൾ ഈ കേസ് എന്നുള്ളതുകൊണ്ടും എനിക്ക് ഇപ്പോഴും ഭയം നിന്റെ കാര്യത്തിൽ മാത്രം. പൊതുസമൂഹം നിനക്ക് കാവൽ നിൽക്കട്ടെ എന്ന് മാത്രമേ എനിക്ക് ഇപ്പോൾ ഇക്കാര്യത്തിൽ പറയാനുള്ളൂ. ഇനിയെങ്കിലും ഈ കേസിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ മാധ്യമങ്ങൾ തയാറാവണം എന്നാണ് എന്റെ അഭ്യർത്ഥന.