കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും വാദിക്കുന്ന സനൽകുമാർ, മഞ്ജുവിന്റേതെന്ന പേരിൽ ശബ്ദരേഖയും പുറത്ത് വിട്ടിട്ടുണ്ട്.
എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകവിമർശനമാണ് ഉയർന്ന് വരുന്നത്.
തനിക്കെതിരെയുള്ള ഗൂഢആലോചനകൾക്കെല്ലാം തുടക്കം മഞ്ജു വാര്യരുമായുള്ള തന്റെ അടുപ്പമാണ്. ഇതെക്കുറിച്ച് മഞ്ജു വാര്യർക്കും അറിയാം.
ആരാണ് ഇതിന്റെ പിന്നിലുള്ളതെന്നും ഇവർക്കൊക്കെ അറിയാം. മഞ്ജു വാര്യർ മാത്രമല്ല ഞാൻ ഉന്നയിക്കുന്ന വിഷയങ്ങളിൽ സംസാരിക്കാതിരിക്കുന്നതെന്ന് കണ്ണുതുറന്നു നോക്കിയാൽ മനസിലാകും എന്ന് നേരത്തെ സനൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരുപോസ്റ്റുമായി എത്തിയിരിക്കുകയാണ് സനൽ.
സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…
” പ്രിയപ്പെട്ട Dr.Biju, നിങ്ങളുടെ പുതിയ പ്രോജക്റ്റിന് ആശംസകൾ. ഞാൻ കുറച്ചുകാലമായി മഞ്ജു വാര്യരുടെ പേരിൽ എനിക്കെതിരെ കേരളാപോലീസ് ഒരു കള്ളക്കേസ് എടുത്തതുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചുവരുന്നത് ശ്രദ്ധിച്ചിട്ടുണ്ടെന്ന് കരുതുന്നു.
ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ട് താങ്കൾ മഞ്ജു വാര്യരോട് സംസാരിച്ചിട്ടുണ്ടാകുമല്ലോ? ഞാൻ താങ്കൾ വ്യാപരിക്കുന്ന അതെ മേഖലയിൽ ഉണ്ടായിരുന്ന ഒരാളാണല്ലോ? ഞാൻ രണ്ടു മാസം മുൻപ് മഞ്ജുവാര്യരും ഞാനും തമ്മിലുണ്ടായ സംഭാഷണം പുറത്തുവിട്ടിരുന്നത് താങ്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവുമെന്ന് കരുതുന്നു. അതിൽ പ്രധാനമായും മൂന്നു കാര്യങ്ങളാണ് പറയുന്നത്.’
” ഒന്ന് എനിക്കെതിരെ മൂന്നു വർഷം മുൻപ് എളമക്കരപോലീസ് ഇതേ മഞ്ജു വാര്യരുടെ പേരിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. ആ കേസ് താനല്ല ഫയൽ ചെയ്തത് എന്നാണ് മഞ്ജു വാര്യർ അതിൽ പറയുന്നത്. രണ്ടാമതായി ഞങ്ങൾ തമ്മിൽ രണ്ടു വർഷത്തിലേറെയായി പ്രണയത്തിലാണ് എന്നതാണ്. മൂന്നാമത്തേതായി ഞാനും അവരും തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞാൽ അവരുടെയും മകളുടെയും ജീവനെ അത് ഹാനികരമായി ബാധിക്കും എന്നതാണ്. ”
”ഇതിൽ പ്രണയവും അതിന്റെ രഹസ്യവും മാറ്റിവെയ്ക്കാം അത് വ്യക്തിപരമായ ഇഷ്യു എന്ന് കരുതാം. പക്ഷെ ആദ്യത്തേത് താങ്കൾക്കൊപ്പം മലയാള സിനിമയിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു സംവിധായകനെതിരെ ആ സ്ത്രീ അറിയാതെ ഒരു കള്ളക്കേസുണ്ടാക്കി എന്നതാണ്. അവരും ഞാനും ചേർന്ന് ചെയ്ത A‘Hr (കയറ്റം) എന്ന സിനിമ പുറത്തിറങ്ങാൻ അനുവദിക്കാത്തതിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നാണ്. ഇത് താങ്കളെപ്പോലെ സാമൂഹിക പ്രതിബദ്ധത ഉള്ള ചിത്രങ്ങൾ എടുക്കുകയും അവയ്ക്കായി വാദിക്കുകയും ചെയ്യുന്ന ഒരു സംവിധായകന് എങ്ങനെ കണ്ടില്ല എന്ന് വെയ്ക്കാൻ കഴിയും? ”
”ആ സിനിമയ്ക്ക് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായതെല്ലാം താങ്കൾക്കും അറിയാമെന്നു കരുതുന്നു. കേരളത്തിൽ ജീവിക്കാൻ സാധ്യമല്ലാത്ത അവസ്ഥ വന്നപ്പോൾ എനിക്ക് നാടുവിട്ടുപോകേണ്ടി വന്നു. എന്റെ സിനിമാ പ്രവർത്തനം മുഴുവനും താറുമാറാക്കപ്പെട്ടു. അത് താങ്കൾക്ക് എങ്ങനെ കണ്ടില്ല എന്ന് നടിക്കാൻ കഴിയും. അതൊരു രാഷ്ട്രീയ പ്രശ്നമല്ലേ, നിങ്ങളുടെ മേഖലയിലെ ഒരു സഹപ്രവർത്തകന് നേരിട്ട രാഷ്ട്രീയ അനീതി? അത് താങ്കൾക്ക് എങ്ങനെ കണ്ടില്ല എന്ന് നടിക്കാൻ കഴിയും.
അപ്പോൾ അത്തരം ഒരു അനീതിക്ക് കാരണമായി ഉപയോഗിക്കപ്പെട്ട വ്യക്തിയോട് നേരിട്ട് സംസാരിക്കാൻ അവസരം വരുമ്പോൾ അതേക്കുറിച്ച് അവരോട് അന്വേഷിക്കേണ്ടത് താങ്കളുടെ ധാർമിക ബാധ്യതയല്ലേ?
താങ്കൾ അത് ചോദിച്ചുവോ?”
”ഇതിൽ താങ്കൾ ഉയർത്താൻ പോകുന്ന മറുവാദം ആ ശബ്ദരേഖ മഞ്ജു വാര്യരുടേതാണെന്ന് താങ്കൾക്ക് തോന്നിയില്ല എന്നതാവും. രണ്ടുമാസമായിട്ടും നിഷേധിക്കപ്പെടാത്ത ആ ശബ്ദരേഖ മഞ്ജുവാര്യരുടേത് അല്ലെങ്കിൽ അത് അവർ പരസ്യമായി പറയേണ്ടതില്ലേ?പ്രത്യേകിച്ചും അവരുടെ പേരിൽ രണ്ടാമതും കേരളാപോലീസ് എനിക്കെതിരെ മറ്റൊരു കള്ളക്കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ? അതോ എനിക്കെതിരെയുള്ള സാസ്കാരിക ഭ്രഷ്ടിൽ താങ്കളും ഒപ്പുവെച്ചിട്ടുണ്ടോ?” സനൽ കുമാർ കുറിച്ചു.