ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പലരുടെയും മുഖംമൂടികൾ അഴിഞ്ഞ് വീണുകൊണ്ടിരിക്കുകയാണ്. ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാളസിനിമ തന്നെ കത്തി നിൽക്കുകയാണ്.
അതിനെ ചുറ്റിപ്പറ്റിയുള്ള പൊട്ടിത്തെറികളും കോലാഹലങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. പല നടിമാരും ലൈംഗികാതിക്രമത്തിന് ഇരയായെന്നും കടുത്ത നീതിനിഷേധമാണ് സിനിമ മേഖലയിൽ നടക്കുന്നതെന്നും റിപ്പോർട്ടിൽ ഉണ്ട്.
ഇപ്പോഴിതാ ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ ഡബ്ല്യുസിസിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരം സാമന്ത. സിനിമാ വ്യവസായത്തിലെ സ്ത്രീകൾക്ക് സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷത്തിനായി പോരാടുന്നതിൽ ഡബ്ല്യുസിസിയുടെ നീണ്ട പരിശ്രമത്തെ സാമന്ത പ്രശംസിച്ചു.
വർഷങ്ങളായി താൻ ഡബ്ല്യുസിസിയെ പിന്തുടരുന്നുണ്ടെന്നും, അവരുടെ യാത്ര എളുപ്പമായിരുന്നില്ലെന്നും, ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഗുരുതരമായ ആരോപണങ്ങളും പ്രത്യാഘാതങ്ങളും വെളിച്ചത്തിൽ വരുമ്പോൾ ഞങ്ങൾ ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നു’ എന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ സാമന്ത പറയുന്നു.
‘സുരക്ഷിതവും മാന്യവുമായ ജോലിസ്ഥലം ഏറ്റവും കുറഞ്ഞ ആവശ്യമാണ്, എന്നിട്ടും പലരും അതിനായി പോരാടേണ്ടതുണ്ട്. എന്നാൽ അവരുടെ പരിശ്രമം പാഴായില്ല.
ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രതീക്ഷിക്കുന്നു. ഡബ്ല്യുസിസിയിലെ സുഹൃത്തുക്കൾക്കും സഹോദരിമാർക്കും അഭിനന്ദനങ്ങൾ’ എന്നും സാമന്ത പറഞ്ഞു.