റിലീസിന് മുന്നേ സിക്കന്ദറിൻറെ എച്ച് ഡി പ്രിൻറ് ടെലഗ്രാമിൽ!; റിലീസിന് ശേഷം ട്രോളുകളും; സൽമാൻ ചിത്രത്തിന് തണുപ്പൻ പ്രതികരണം

സൽമാൻ ഖാനെ നായകനാക്കി എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമാണ് സിക്കന്ദർ. റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ എച്ച് ഡി പ്രിൻറ് ഓൺലൈനിലെത്തിയിരുന്നു. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമ എന്ന തരത്തിൽ വൻ ഹൈപ്പിലാണ് ചിത്രം എത്തിയത്.

എന്നാൽ ചിത്രത്തിന് വേണ്ടത്ര മികച്ച പ്രതികരണമല്ല ലഭിച്ചത്. റിലീസിന് മുന്നേ എച്ച് ഡി പ്രിൻറ് ലീക്ക് ആയതും തിരിച്ചടിയായി. റിലീസിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് സിക്കന്ദറിന്റെ വ്യാജ പതിപ്പുകൾ പ്രചരിച്ചത്. ടെലഗ്രാം ഗ്രൂപ്പുകളിലും വിവിധ വെബ്‌സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് എത്തിയത്.

തമിഴ്‌റോക്കേഴ്‌സ്, തമിഴ്എംവി എന്നീ വെബ്‌സൈറ്റുകൾക്കും പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സബ്ടൈറ്റിൽ ഉൾപ്പെടെയുള്ള എച്ച്ഡി പ്രിൻറ് ആണ് എത്തിയത്. റിലീസിന് പിന്നാലെ സൽമാൻ ഖാന്റെ പ്രകടനത്തിനും മുരുഗദോസിന്റെ മേക്കിങ്ങിനും വലിയ തോതിൽ വിമർശനം വന്നിരുന്നു.

പണവും സമയവും നഷ്ടമാകും വിധമുള്ള സിനിമയാണ് സിക്കന്ദർ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷർമാൻ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ വൻ താരനിരയാണ് സിക്കന്ദറിൽ അണിനിരക്കുന്നത്. സന്തോഷ് നാരായണൻ ആണ് സിനിമക്കായി പശ്ചാത്തലസംഗീതമൊരുക്കിയത്.

സൽമാൻ ഖാനും എആർ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സിക്കന്ദർ. 400 കോടി രൂപ ബജറ്റിൽ നിർമിക്കുന്ന ചിത്രം പോർച്ചുഗലിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ആണ് ചിത്രീകരണം പൂർത്തീകരിച്ചത്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാൻറ് സൺസാണ് ചിത്രം നിർമ്മിക്കുന്നത്.

Vijayasree Vijayasree :