ഐശ്വര്യയും സൽമാനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനെത്തി, സൽമാനുമായി വർഷങ്ങളോളം വഴക്കിട്ടിരുന്ന് ഷാരൂഖ് ഖാൻ

ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു സൽമാനും ഐശ്വര്യയും. എന്നാൽ സൽമാൻ ഖാന്റെ നിരന്തരമായ മർദ്ദനവും പീഡനവും സഹിക്കാനാകാതെയാണ് ഐശ്വര്യ ആ പ്രണയ ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീടൊരിക്കലും ഐശ്വര്യ സൽമാൻ ഖാനൊപ്പം അഭിനയിക്കുകയോ ഒരുമിച്ചൊരു വേദി പങ്കിടുകയോ പോലും ചെയ്തിട്ടില്ല. സൽമാൻ ഖാനുമായുള്ള പ്രണയ തകർച്ചയ്ക്കും തുടർന്നുണ്ടായ വിവാദങ്ങൾക്കുമെല്ലാം ശേഷമാണ് ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.

ഐശ്വര്യ വിവാഹം കഴിക്കുകയും അമ്മയാവുകയും ചെയ്തുവെങ്കിലും 58ാം വയസിലും സൽമാൻ ഖാൻ അവിവാഹിതനാണ്. എന്നാൽ ഇപ്പോഴും ഐശ്വര്യസൽമാൻ പ്രണയ കഥ ചർച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. ബോളിവുഡിലെ എക്കാലത്തെയും ചർച്ചാവിഷയമാണ് ഇവരുടെ പ്രണയം. അക്കാലത്ത് മദ്യപാനിയായിരുന്ന സൽമാൻ ഖാൻ ഐശ്വര്യ റായിയെ മാനസികമായും ശാരീരികമായിട്ടുമൊക്കെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് വിവരം.

പ്രണയമാണെന്ന് പറഞ്ഞ് ഐശ്വര്യയുടെ വ്യക്തി ജീവിതത്തിലും കരിയറിലുമൊക്കെ സൽമാൻ ഖാൻ കാര്യമായി ഇടപെടാൻ തുടങ്ങി. പിന്നീട് വഴക്കുകൾക്കും കാരണമായി. ഐശ്വര്യ റായിയും സൽമാൻ ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, 1997 ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഹം ദിൽ ദേ ചുകെ സനം. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഐശ്വര്യയും സൽമാനും തമ്മിൽ പ്രണയത്തിലാകുന്നത്. തുടർന്ന് ഇരുവരും വിവാഹിതരാകാമെന്ന് തീരുമാനിക്കുകയും ആയിരുന്നു. എന്നാൽ ഇതിന് പിന്നാലെ സൽമാന്റെ സ്വഭാവം ഐശ്വര്യയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമാകുകയായിരുന്നു.

ഐശ്വര്യയോട് വളരെ പൊസസ്സീവ്‌നെസ് കാണിച്ച സൽമാൻ പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കി. മറ്റ് നടന്മാരുടെ കൂടെ അഭിനയിക്കുമ്പോൾ പോലും മോശമായ രീതിയിൽ പെരുമാറാൻ തുടങ്ങി. ഇതിനിടെ അമിതമായ മദ്യപാന ശീലം സൽമാന്റെ മോശം പ്രവൃത്തികൾക്ക് ആക്കം കൂട്ടി. ഇതൊക്കെയാണ് ആ ബന്ധം ഉപേക്ഷിക്കാൻ കാരണമെന്നാണ് പിൽക്കാലത്ത് ഐശ്വര്യ വെളിപ്പെടുത്തിയത്.

മോശമായി പെരുമാറുന്നു എന്നത് മാത്രമല്ല ശാരീരികമായ ഉപദ്രവങ്ങളും തനിക്ക് നേരിടേണ്ടി വന്നിരുന്നതായി നടി പറഞ്ഞിട്ടുണ്ട്. സൽമാനുമായി ഇഷ്ടത്തിലായി അഞ്ച് വർഷത്തിന് ശേഷമാണ് ഒടിഞ്ഞ കൈയ്യുമായി ഐശ്വര്യ പൊതുസമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. 2002 ൽ മികച്ച നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് വാങ്ങാൻ വേദിയിൽ എത്തിയതായിരുന്നു നടി. ഈ സമയത്ത് കൈയ്യിൽ പ്ലാസ്റ്റർ ഇട്ടത് എന്തിനാണെന്നുള്ള ചോദ്യവും ഉയർന്ന് വന്നു.

സൽമാൻ ഖാന്റെ ഉപദ്രവം കാരണം അപകടം പറ്റി ഐശ്വര്യ റായിയുടെ കൈ ഒടിഞ്ഞു എന്ന കഥയാണ് പിന്നീട് പ്രചരിച്ചത്. എന്നാൽ ‘തനിക്കിങ്ങനെ അപകടം സംഭവിക്കാൻ കാരണം സൽമാൻ അല്ലെന്നും അക്കാര്യം പറഞ്ഞിട്ട് ആളുകൾ വിശ്വസിക്കാത്തത് എന്താണെന്നുമാണ്’, ഐശ്വര്യ വേദിയിൽ നിന്നും പരസ്യമായി ചോദിച്ചത്.

സൽമാനുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷവും അദ്ദേഹം ഐശ്വര്യയെ ശല്യപ്പെടുത്തിയിരുന്നു. ഷാരൂഖ് ഖാന്റെ നായികയായി ‘ചൽത്തേ ചൽതേ’ എന്ന സിനിമിയിൽ അഭിനയിക്കുകയായിരുന്നു ഐശ്വര്യ. ഒരു ദിവസം മദ്യപിച്ച് ചിത്രീകരണ സ്ഥലത്ത് എത്തിയ സൽമാൻ ഖാൻ അവിടെ വലിയ പ്രശ്‌നങ്ങളുണ്ടാക്കി. സമാധാനിപ്പിക്കാൻ വന്ന ഷാരൂഖ് ഖാനുമായിട്ടും വഴക്കായി. ഇതോടെ ഐശ്വര്യയെ സിനിമയിൽ നിന്നും നിർമാതാക്കൾ പുറത്താക്കുകയായിരുന്നു. ഈ വിഷയത്തെ തുടർന്ന് സൽമാൻ ഖാനും ഷാരൂഖ് ഖാനും വർഷങ്ങളോളം വഴക്കിലായിരുന്നുവെന്നും കഥകളുണ്ട്.

സൽമാനുമായുള്ള പ്രണയം അവസാനിച്ച ശേഷമാണ് ഐശ്വര്യ റായ് വിവേക് ഒബ്‌റോയുമായി അടുപ്പത്തിലാകുന്നത്. തന്നെ സൽമാൻ ഖാൻ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായി വിവേക് ഒബ്‌റോയ് ആരോപിച്ചിരുന്നു. ഒരുകാലത്ത് ഭാവിയിലെ സൂപ്പർ താരമായി കരുതിയിരുന്ന വിവേക് ഒബ്‌റോയിയുടെ കരിയർ അവസാനിപ്പിച്ചതിന് പിന്നിൽ സൽമാൻ ഖാൻ ആണെന്നാണ് ഗോസിപ്പുകൾ. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു.

Vijayasree Vijayasree :