മലയാളികളുടെ പ്രിയങ്കരനായ നടനാണ് സലിം കുമാർ. ഇപ്പോഴിതാ മാനവസേന വെൽഫയർ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് നടൻ. ആഗസ്റ്റ് 15 ന് തിരുവനന്തപുരം, ആറ്റിങ്ങലിൽ വച്ച് നടക്കുന്ന വാർഷികാഘോഷ ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്നാണ് വിവരം.
കേരള ഭക്ഷ്യ വകുപ്പ് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പുരസ്കാരം സമ്മാനിക്കും. 25000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സലിംകുമാർ. മലയാളികളിൽ ചിരിപൊട്ടിച്ച എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങൾ സലിംകുമാറിലൂടെ പിറന്നിട്ടുണ്ട്. അതിൽ ഏതാണ് മികച്ചതെന്ന് പറയാനും കഴിയില്ല.
എല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ ആണെന്ന് സംശയമില്ലാത്ത കാര്യമാണ്. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരേലാൽ, പുലിവാൽ കല്യാണത്തിലെ മണവാളൻ എന്നിവയെല്ലാം അവയിൽ ചിലത് മാത്രം. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്ത് സലിംകുമാർ ശ്രദ്ധേയനായത്. മിമിക്രിയിൽ നിന്നും സിനിമയിലെത്തിയ പ്രതിഭ കൂടിയാണ് സലിംകുമാർ.