‘ഫ്‌ലാറ്റിനകം മുഴുവന്‍ പുകമണം, ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയില്‍ പുക നിറഞ്ഞിരുന്നു’; ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് സജിത

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ കൊച്ചി നഗരം വീര്‍പ്പുമുട്ടുന്നതിനിടെ വിഷയത്തില്‍ സ്വന്തം അനുഭവം പറഞ്ഞ് നടി സജിത മഠത്തില്‍. തന്റെ ഫ്‌ലാറ്റിന് അകം മുഴുവന്‍ പുക മണമാണെന്നാണ് സജിത പറയുന്നത്. ഇതിന് പരിഹാരമില്ലേയെന്നും ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സജിതയുടെ പ്രതികരണം.

‘ഫ്‌ലാറ്റിനകം മുഴുവന്‍ പുകമണമാണ്. ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയില്‍ പുക നിറഞ്ഞിരുന്നു. ഇന്നു രാവിലെ കാറ്റിന്റെ ഗതി കൊണ്ടാവും പുറത്ത് അല്പം തെളിച്ചമുണ്ട്. ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലേ ഈ പരിഷ്‌കൃത, സാംസ്‌കാരിക കേരളത്തില്‍?’, സജിത മഠത്തില്‍ കുറിച്ചു. സജിതയുടെ പോസ്റ്റിനു താഴെ താന്‍ വീട്ടില്‍ അടച്ചുപൂട്ടി ഇരിക്കുകയാണെന്ന് സംവിധായിക ഇന്ദു വി എസ് കമന്റ് ചെയ്തിട്ടുണ്ട്.

അതേസമയം, അപകടസാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരം പരിസരത്ത് ഇന്ന് കഴിവതും ജനങ്ങള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയണമെന്നും അവധി ദിനമായതിനാല്‍ പരമാവധി സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. മാലിന്യ പ്ലാന്റിലുണ്ടായ തീ പിടിത്തത്തെക്കുറിച്ച് ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

സംസ്ഥാന സര്‍ക്കാരിലെയും മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജന്‍സികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് ചീഫ് സെക്രട്ടറി ഡോ വി പി ജോയിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി ചേര്‍ന്നത്. തീയണയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പുകയുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ കാരണം ജനങ്ങള്‍ ഞായറാഴ്ച പരമാവധി വീടിനുള്ളില്‍ തന്നെ തുടരണമെന്ന് നിര്‍ദ്ദേശിച്ചു.

ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിന് എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭാവിയില്‍ തീപിടിത്തം തടയുന്നതിന് നിരീക്ഷണം ശക്തമാക്കാനും വേഗത്തില്‍ പ്രതികരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. തീപിടുത്തതെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തരയോഗം കൊച്ചിയില്‍ ചേരുന്നുണ്ട്.

Vijayasree Vijayasree :