വിനായകന്റേത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതി; മന്ത്രി സജി ചെറിയാന്‍

പൊലീസ് സ്‌റ്റേഷനിലെ സംഭവത്തില്‍ വിനായകന്റേത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്ന് മന്ത്രി സജി ചെറിയാന്‍. കലാകാരന്മാര്‍ ഇടക്ക് കലാപ്രവര്‍ത്തനം നടത്താറുള്ളത് പോലെ വിനായകന്റേത് പൊലീസ് സ്‌റ്റേഷനിലായിപ്പോയി എന്നേ ഉള്ളൂ. അക്കാര്യത്തില്‍ പ്രത്യേകം അഭിപ്രായം പറയേണ്ടതായി ഒന്നുമില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

അതേസമയം, സിനിമകള്‍ക്കെതിരായ നെഗറ്റിവ് റിവ്യൂകള്‍ സംബന്ധിച്ച പരാതികളില്‍ ഹൈകോടതി തീരുമാനം വരുന്നതനുസരിച്ച് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ പൊലീസ് നടപടിയെടുത്തത് ഹൈകോടതിയുടെ നിര്‍ദേശമനുസരിച്ചാണ്.

ഹൈകോടതി ആവശ്യപ്രകാരം പ്രോട്ടോകോള്‍ തയാറാക്കി കൈമാറിയിട്ടുണ്ട്. പതിനായിരക്കണക്കിനു പേര്‍ പണിയെടുക്കുന്ന മേഖലയില്‍ വന്‍തുക മുടക്കി ചെയ്യുന്ന സിനിമകള്‍ക്ക് നെഗറ്റിവ് പ്രചാരണം വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഒ.ടി.ടി സിനിമ എടുക്കുന്നതിനെയും ഇതു ബാധിക്കുന്നു.

സാമ്പത്തിക താല്‍പര്യങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍, ഒരു വ്യവസായം നിലനില്‍ക്കാന്‍ ക്രിയാത്മകമായ ചില നടപടികള്‍ എടുക്കേണ്ടതുണ്ട്. കോടതി നിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Vijayasree Vijayasree :