സിനിമകളിലെ ലഹരി ഉള്ളടക്കം തടയാൻ സർക്കാരിന് പരിതിമിതികളുണ്ടെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാൽ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ട്. ഇത്തരം കാര്യങ്ങൾ സർക്കാർ സെൻസർ ബോർഡിന്റെ ശ്രദ്ധയിൽപെടുത്തും.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിനിമാ രംഗത്ത് നിന്നുള്ളവരുമായുള്ള യോഗം ചേർന്നിരുന്നു. ഇത്തരത്തിലുള്ള സിനിമകളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. അത് തത്വത്തിൽ അവർ അംഗീകരിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സെൻസർ ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. അ ക്രമവും മ യക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തോടും സെൻസർ ബോർഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ കേരളത്തിൽ നടന്ന നിരവധി അക്രമ സംഭവങ്ങളുടെ പിന്നിൽ ലഹരിയും അക്രമവും കാണിക്കുന്ന സിനിമകളുടെ സ്വാധീനമുണ്ടെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണം.