സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; കള്ളക്കേസാണെന്ന് പ്രതി കോടതിയിൽ; ജാമ്യാപേക്ഷ സമർപ്പിച്ചു

ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് സെയ്ഫ് അലി ഖാൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടനെ വീട്ടിൽ കയറി ആക്രമിച്ചുവെന്നുള്ള വാർത്തകൾ പുറത്തെത്തുന്നത്. ഇപ്പോഴിതാ ഈ സംഭവത്തിൽ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രതിയായ മുഹമ്മദ് ഷെരീഫുൾ.

സാക്ഷികളുടെ മൊഴികൾ കളവാണെന്നും തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് കള്ളക്കേസാണെന്നാണ് പ്രതി ജാമ്യാപേക്ഷയിൽ പറയുന്നത്. എന്നാൽ കേസിന് വേണ്ട എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ കോടതിയെ അറിയിച്ചു. കേസിന്റെ കുറ്റപത്രം ഉടൻ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ജനുവരി 16-ന് ബാന്ദ്രയിലെ വസതിയിൽ വച്ചാണ് സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടത്. മോഷണശ്രമം തടയുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ സെയ്ഫിന് സാരമായി പരിക്കേറ്റിരുന്നു. കഴുത്തിലും നട്ടെല്ലിനു സമീപവും ഉൾപ്പെടെ നടന് ആഴത്തിൽ കുത്തേറ്റു. ഉടനെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കും നടനെ വിധേയനാക്കിയിരുന്നു.

രണ്ട് ദിവസത്തെ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസിന് കണ്ടെത്താനായത്. ഇതിനിടെ സെയ്ഫിന്റെ വീട്ടിലെ എല്ലാ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ മെട്രോ നിർമാണ സ്ഥലത്തിനു സമീപത്തെ ലേബർ ക്യാംപിൽനിന്നാണ് പ്രതിയ പിടികൂടിയത്.

Vijayasree Vijayasree :