നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ക്രിക്കറ്റ് താരം സഹീർ ഖാനും നടി സാഗരിക ഘാട്ഗേയ്ക്കും കുഞ്ഞ് പിറന്നു. സാഗരിക ഘാട്‌ഗെ കുഞ്ഞിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് സന്തോഷം പങ്കിട്ടത്. ആൺകുഞ്ഞാണെന്നും ഫതേഹ്സിങ് ഖാൻ എന്നാണ് പേരെന്നും സാഗരിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘സ്നേഹത്തോടെ,നന്ദിയോടെ, എല്ലാ അനുഗ്രഹങ്ങളോടെയും ഞങ്ങളുടെ മകൻ ഫതേഹ്സിങ് ഖാനെ സ്വാഗതം ചെയ്യുന്നു’ എന്നാണ് കുഞ്ഞിനൊപ്പമുള്ള ചിത്രത്തിനൊപ്പം സാഗരിക കുറിച്ചത്.
പിന്നാലെ സിനിമാമേഖലയിൽ നിന്നും ക്രിക്കറ്റ് ലോകത്തുനിന്നും അഭിനന്ദന പ്രവാഹമാണ്. 2017ലാണ് സഹീറും സാഗരികയും വിവാഹിതരായത്. ഐപിഎൽ 2025 സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ (എൽ എസ് ജി) മെന്ററാണ് മുൻ ടീം ഇന്ത്യ പേസർ സഹീർ ഖാൻ. ഷാരൂഖ് ഖാനൊപ്പം ‘ചക് ദേ’ യിലൂടെയാണ് സാഗരിക ജനപ്രീതി നേടിയ നടിയായത്.