കഴിഞ്ഞ ദിവസമായിരുന്നു സംഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നുവെന്ന് പുറം ലോകത്തെ അറിയിച്ചത്. 29 9 വർഷം നീണ്ട വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. സൈറ ബാനുവാണ് പ്രസ്താവനയിലൂടെ ഈ വിവരം പുറം ലോകത്തെ അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ.
ഈ വേളയിൽ ഇത് സംബന്ധിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. സ്വകാര്യതയിലേക്ക് കടന്ന് കയറിയുള്ള ചർച്ചകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശാരദക്കുട്ടി. ശാരദക്കുട്ടിയുട കുറിപ്പിങ്ങനെയായിരുന്നു;
“ഏയ്, സി.ജെ.വന്നിരുന്നോ ഇവിടെ?”..ഉടൻ ബഷീർ പറയും, “ഇവിടെ വന്നില്ല. പക്ഷെ, ആളെ കണ്ടു. ഷണ്മുഖംറോഡിലൂടെ നട്ടാറെ വെയിലത്ത് ഇല്ലാത്ത മരക്കുരിശും ചുമലിലേന്തി അദ്ദേഹം കൂനിക്കൂനി പോകുന്നത് കണ്ടു”ചിലരങ്ങനെയാണ്. പക്ഷേ ഭാര്യ റോസി തോമസ് ആകട്ടെ പട്ടുശലഭം പോലെ സന്തോഷം കൊണ്ട് പറന്നുപോകുമെന്നു തോന്നും എപ്പോൾ കണ്ടാലും.
അവരൊരുമിച്ചു ജീവിച്ച ജീവിതം ഊഹിച്ചാൽ ഉത്തരം കിട്ടില്ല. പക്ഷേ, എനിക്കു മനസ്സിലാകുന്നുണ്ട്. ഏ ആർ റഹ്മാനോ അദ്ദേഹത്തിൻ്റെ ഭാര്യക്കോ അതിന് പറ്റുന്നുണ്ടാവില്ല. 29 വർഷത്തിനു ശേഷമാണെങ്കിലും അവർ വേർപിരിയുകയാണ്. ആ തീരുമാനത്തെ ആദരിക്കാം. അവരെ വിധിയെഴുതാതെ വിടുക.
ഒരുമിച്ചു ജീവിക്കുന്നവർ അവരേക്കാൾ കേമന്മാരോ കേമികളോ ആയിട്ടല്ല, ഒരുമിച്ചു നിൽക്കാൻ പ്രേരിപ്പിക്കുന്ന ഒരു കുഞ്ഞു +ve ഘടകമെങ്കിലും അവിടെ ഉണ്ടാകും. ആ space കണ്ടെത്തി അവിടെ കയറി നിൽക്കുന്നതാണ്. എന്നും ശാരദക്കുട്ടി കുറിച്ചു.
അതേസമയം, ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്നാണ് സൈറാ ബാനു വ്യക്തമാക്കിയത്. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്ന് പ്രസ്താവനയിൽ പറയുന്നു. രണ്ട് പേരിൽ ആർക്കും ഇത് നികത്താൻ പറ്റുന്നില്ലെന്നും. വേദനിച്ച് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. പൊതുജനം സ്വകാര്യതയിലേക്ക് കടക്കരുതെന്നും ഈ വിഷമഘട്ടം മനസിലാക്കേണ്ടതുണ്ടെന്നും ആണ് പ്രസ്താവനയിൽ സൈറ ഭാനു പറയുന്നത്.
1995 ലാണ് റഹ്മാനും സെെറ ബാനുവും വിവാഹിതരായത്. തന്റെ അമ്മയാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എആർ റഹ്മാൻ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സൈറയെ വിവാഹം ചെയ്യുമ്പോൾ റഹ്മാന് 27 ഉം സൈറയ്ക്ക 21ഉം വയസായിരുന്നു പ്രായം.
മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. ഖദീജ റഹ്മാൻ, എആർ അമീൻ, റഹീമ റഹ്മാൻ എന്നിവരാണ് മക്കൾ. ഖദീജ ഇതിനകം സംഗീത സംവിധാന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി കഴിഞ്ഞു. 57 കാരനാണ് എആർ റഹ്മാൻ. കരിയറിൽ ഇന്നും സജീവ സാന്നിധ്യം. ഭാര്യയെ പ്രശംസിച്ച് കൊണ്ട് ചില അഭിമുഖങ്ങളിൽ റഹ്മാൻ നേരത്തെ സംസാരിച്ചിട്ടുണ്ട്.