നിരവധി ആരാധകരുള്ള ഹോളിവുഡ് താരമാണ് റസ്സല്‍ ക്രോ. വ്യത്യസ്തമായ ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് അഭിനയിക്കുന്ന അദ്ദേഹം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു സംഭവത്തിന്റെ പേരിലാണ്. മെല്‍ബണിലെ ഒരു ഭക്ഷണശാലയില്‍ നിന്ന് റസ്സല്‍ ക്രോയേയും കാമുകി ബ്രിട്‌നി തെറിയട്ടിനേയും പുറത്താക്കിയിരിക്കുകയാണ്. മാന്യമായ വസ്ത്രമല്ല ഇരുവരും ധരിച്ചിരുന്നത് എന്നതാണ് കാരണമായി പറയുന്നത്.
ടെന്നീസ് കളിച്ച ശേഷം ഇതേ വേഷത്തിലാണ് റസ്സല്‍ ക്രോയും ബ്രിട്‌നിയും ഹോട്ടലിലെത്തിയത്. റാല്‍ഫ് ലോറന്‍ പോളോ ഷര്‍ട്ടായിരുന്നു സൂപ്പര്‍താരത്തിന്റെ വേഷം. ബ്രിട്‌നി അണിഞ്ഞിരുന്നതാകട്ടെ ടെന്നീസ് സ്‌കര്‍ട്ടും. ഇരുവരും ഈ വേഷത്തില്‍ ഭക്ഷണം കഴിക്കാനായെത്തിയപ്പോള്‍ ഭക്ഷണശാലയുമായി ബന്ധപ്പെട്ടവര്‍ ഇരുവര്‍ക്കും പ്രവേശനം നിഷേധിക്കുകയായിരുന്നു. തങ്ങള്‍ അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രമായിരുന്നില്ല ക്രോയും ബ്രിട്‌നിയും ധരിച്ചിരുന്നതെന്ന് ഭക്ഷണശാല ഉടമ ക്രിസ്റ്റ്യന്‍ ക്ലീന്‍ പിന്നീട് പറഞ്ഞു.
‘ഞങ്ങളെല്ലാവരേയും ഒരുപോലെയാണ് കാണുന്നത്. നിങ്ങള്‍ ആരാണെങ്കിലും അത് റസ്സല്‍ ക്രോ ആണെങ്കില്‍പ്പോലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഒരു ഡ്രസ് കോഡുണ്ട്. ആളുകള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് പഠിപ്പിക്കുകയല്ല. ക്രോയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഒരിക്കലും അത്തരത്തിലൊരു വേഷത്തില്‍ നല്ല ഭക്ഷണശാലയില്‍ പോകുകയില്ല.’ ക്ലീന്‍ പറഞ്ഞു. റസ്സല്‍ ക്രോയെ തന്റെ ജീവനക്കാര്‍ തിരിച്ചറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോട്ടലില്‍ നിന്ന് പുറത്തുപോയ ക്രോയും ബ്രിട്‌നിയും മറ്റൊരു ഭക്ഷണശാലയില്‍ നിന്നാണ് പിന്നെ ഭക്ഷണം കഴിച്ചത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ രസകരമായ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റും ഹോട്ടലിന്റേതായി വന്നു. മിസ്റ്റര്‍ എം സേയ്‌സ് എന്ന ഹാഷ്ടാഗിലായിരുന്നു പോസ്റ്റ്. റസ്സല്‍ ക്രോയോടുള്ള ക്ഷമാപണം എന്ന രീതിയില്‍ ഒരു കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. തങ്ങളുടെ റെസ്‌റ്റോറന്റിലേക്ക് വീണ്ടും വരണമെന്നും അവര്‍ കുറിച്ചു.
ഇതാദ്യമായല്ല ഓസ്‌ട്രേലിയയില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ പ്രമുഖര്‍ പ്രശ്‌നത്തിലകപ്പെടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രശസ്ത അമേരിക്കന്‍ പോപ് ഗായകന്‍ പോസ്റ്റ് മലോണിനെ പെര്‍ത്തിലെ ഒരു റൂഫ് ടോപ്പ് ബാറില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ജീവനക്കാര്‍ തടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിലെ ടാറ്റുവായിരുന്നു ഇവിടെ വില്ലനായത്.