മോഹൻലാൽ ജമാഅത്തെ ഇസ്ലാമി പരിപാടിയിൽ പങ്കെടുത്തു; മോഹൻലാലിനെ വിമർശിച്ച് ആർ എസ് എസ് മുഖപത്രമായ ഔർഗനൈസർ

നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ.

കിരീടത്തിലെ സേതുമാധവനും മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയും ദശരഥത്തിലെ രാജീവ് മേനോനും യോദ്ധയിലെ അശോകനും ഭരതത്തിലെ ഗോപിയുമൊക്കെ മലയാള സിനിമ ഉള്ളിടത്തോളം കാലം നിലനിൽക്കും. തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് തരം മാറ്റങ്ങളും കൊണ്ടു വരാറുണ്ട് അദ്ദേഹം. മലയാളത്തിൽ മാത്രമല്ല, അങ്ങ് തമിഴിലും ഹിന്ദിയിലും കന്നഡയിലും തെലുങ്കിലുമെല്ലാം മോഹൻലാൽ കയ്യടി നേടിയിട്ടുണ്ട്.

അദ്ദേഹത്തിന്റേതായി അടുത്തിടെ, മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പുമായി എത്തിയ എമ്പുരാൻ എന്ന ചിത്രം കളക്ഷൻ റെക്കോർഡുകൾ സ്വന്തമാക്കിയപ്പോൾ ഒരു വിഭാഗം ആളുകളുടെ തെറിവിളികളും വിമർശനങ്ങളും കടുത്ത സൈബർ ആക്രമണങ്ങളുമെല്ലാം മോഹൻലാലിന് കേൾക്കേണ്ടി വന്നിരുന്നു. ഗുജറാത്ത് കലാപത്തിന്റെ ഒരു വശം മാത്രം കാണിച്ചുവെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതുമടക്കമുളള ആരോപണങ്ങളാണ് എമ്പുരാന് എതിരെ ഉയർന്നത്.

പിന്നാലെ ചിത്രത്തിലെ ചില രംഗങ്ങൾ കട്ട് ചെയ്ത് നീക്കുകയും ചെയ്തു. മാത്രമല്ല മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ക്ഷമാപണവും നടത്തി. ഇപ്പോൾ എമ്പുരാൻ വിവാദം കെട്ടടങ്ങിയിട്ടുണ്ട് എങ്കിലും ഓപറേഷൻ സിന്ദൂർ നടന്നതിന് പിറകെയും മോഹൻലാലിന് വിമർശനങ്ങളുടെ പെരുമഴയാണ്. ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരിച്ച് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിന് താഴെയാണ് വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നത്.

ഇപ്പോഴിതാ മോഹൻലാലിനെതിരെ വീണ്ടും രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നടനെതിരെ ആർ എസ് എസ് മുഖപത്രമായ ഔർഗനൈസർ രംഗത്തെത്തിയതാണ് കാരണം. രാജ്യം ഭീകരതക്കെതിരെ പോരാടുമ്പോൾ മോഹൻലാൽ ജമാഅത്തെ ഇസ്ലാമി പരിപാടിയിൽ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് വിമർശനം. എമ്പുരാൻ വിവാദ സമയത്തും മോഹൻലാലിനെതിരെ ഓർഗനൈസർ രംഗത്ത് വന്നിരുന്നു. ഷാർജയിൽ നടന്ന ‘ഗൾഫ് മാധ്യമം’ പരിപാടിയിൽ കഴിഞ്ഞ ദിവസം മോഹൻലാലിനെ ആദരിച്ചിരുന്നു. ഇതാണ് ആർ എസ് എസിന്റെ വിമർശനത്തിന് ഇടയാക്കിയത്.

‘മോഹൻലാൽ വെറുമൊരു നടൻ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണ്. ഇന്ത്യ- പാക് സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയിൽ, ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടന അദ്ദേഹത്തെ ആദരിക്കുന്നത് വളരെ വിരോധാഭാസവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്’ ഓർഗനൈസറിൽ പറയുന്നു.

യാഥാസ്ഥിതിക നിലപാടുകൾക്കും സിനിമയോടുള്ള എതിർപ്പിനും പേര് കേട്ട ജമാഅത്തെ ഇസ്ലാമി, ഇതുവരെ ഒരു സിനിമാ താരത്തെയും ആദരിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിൽ, മലയാള ചലച്ചിത്രതാരവും ടെറിട്ടോറിയൽ ആർമിയിലെ ഓണററി ലെഫ്റ്റനന്റ് കേണലുമായ മോഹൻലാലിനെ അവർ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചത് സംശയങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നു. മോഹൻലാലിന്റെ ഈ പങ്കാളിത്തം ഒരു കലാകാരന്റെ നിലയിൽ മാത്രമല്ല, മറിച്ച് ജമാഅത്തെ ഇസ്ലാമിയുടെ തന്ത്രപരമായ അജണ്ടയുടെ ഭാഗമാണി. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം തീവ്രമായിരുന്ന ഈ സന്ദർഭത്തിൽ, മോഹൻലാലിന്റെ തീരുമാനം ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹത്തിന്റെ ലെഫ്റ്റനന്റ് കേണൽ പദവി റദ്ദാക്കണമെന്നും ലേഖനത്തിൽ പറയുന്നു.

എമ്പുരാൻ റിലീസ് ചെയ്തതിന് പിന്നാലെയും ഓർഗനൈസർ വലിയ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ദേശവിരുദ്ധവും ക്രിസ്ത്യൻ വിരുദ്ധവുമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. സിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപിയും സംവിധായകൻ പൃഥ്വിരാജ് സുകുമാരനും ചേർന്ന് ക്രിസ്ത്യൻ വിശ്വാസങ്ങളെയും മൂല്യങ്ങളെയും തെറ്റായി ചിത്രീകരിച്ചുവെന്ന് ഓർഗനൈസർ ലേഖനത്തിലൂടെ ആരോപിച്ചു.

സിനിമയിൽ ഇറാഖിലെ ഏക ക്രിസ്ത്യൻ നഗരമായ കാരഖോഷിനെ പരാമർശിക്കുന്നുണ്ടെന്നും, ഐസിസ് തകർത്ത ഈ നഗരം ക്രൂരമായ കൂട്ടക്കൊലകൾക്ക് സാക്ഷ്യം വഹിച്ചതായും ലേഖനം ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യൻ സമുദായത്തിന്റെ ആശങ്കകളെ പ്രതിനിധീകരിച്ചാണ് ഈ വിമർശനങ്ങൾ ഉന്നയിക്കുന്നത്. വർഗീയ സംഘർഷങ്ങൾ ആളിക്കത്തിക്കുന്ന സിനിമയാണ് എമ്പുരാനെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയെ ദുരന്തങ്ങളുടെ രാജാവായി ചിത്രികരിക്കുകയാണ് ചിത്രമെന്നും ഓർഗനൈസർ അരോപിച്ചിരുന്നു.

അതേസമയം, എമ്പുരാൻ വിവാദങ്ങൾക്കൊടുവിൽ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ക്ഷമാപണം നടത്തിയ ആ രാത്രി അദ്ദേഹം ഒരുപാട് വേദനിച്ചുവെന്ന് അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ എം ബി സനിൽ കുമാർ പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു. എമ്പുരാൻ വിവാദം മോഹൻലാലിനെ ആ രാത്രി വേദനിപ്പിച്ചിട്ടുണ്ട്. മനസ്സാ വാചാ കർമ്മണ നമ്മൾ അറിയാത്ത, അല്ലെങ്കിൽ ശ്രദ്ധിക്കാത്ത, ചിലപ്പോൾ അബദ്ധവും ആകാം. അതിൽ ബോധപൂർവ്വമായ ഒന്നും ഉണ്ടായിട്ടില്ല. താൻ അറിയാത്ത ഒരു കാര്യം തന്റെ തലയിൽ കൊണ്ട് വെയ്ക്കുന്നതിന്റെ ഒരു വിഷമം ഉണ്ടായിരുന്നു. ഭാഗ്യവശാലോ ദൗർഭാഗ്യവശാലോ ആ രാത്രി മുഴുവൻ താൻ ഒപ്പമുണ്ടായിരുന്നു. തങ്ങൾ ബോംബെയിൽ ഒരു ബ്രാൻഡ് ഷൂട്ടിന് പോയിരിക്കുകയായിരുന്നു. അപ്പോഴായിരുന്നു ഈ സംഭവം.

രാത്രി മുഴുവൻ ഇതിന്റെ ടെൻഷനിൽ ആയിരുന്നു. പിറ്റേ ദിവസം അദ്ദേഹം ഒരു പോസ്റ്റ് ഇട്ടു. അദ്ദേഹം സുഹൃത്തുക്കളെ വിളിച്ച് ചോദിക്കും. ഇത് എന്താണ് ചെയ്യേണ്ടത് എന്ന്. അവരുടെ അഭിപ്രായം സ്വീകരിക്കുകയും ചെയ്യും. അത് ഒരു രാത്രിയിലെ ടെൻഷൻ ആയിരുന്നു. പിന്നെ അദ്ദേഹം അത് മറന്നു. പ്രതിരോധ വകുപ്പിൽ നിന്ന് വിളി വന്നു എന്നതൊക്കെ തെറ്റായ കാര്യമാണ്. ഒരാളും വിളിച്ചിട്ടില്ല.

ഭരണതലത്തിൽ നിന്നോ പ്രതിരോധ വകുപ്പിൽ നിന്നോ രാഷ്ട്രീയ നേതാക്കളോ പോലീസോ ആരും വിളിച്ചിട്ടില്ല. ഒരു പത്രക്കാരും വിളിച്ചിട്ടില്ല. സ്‌നേഹിതരാണ് പറഞ്ഞത്. അങ്ങനെ അഭിപ്രായം സമന്വയിപ്പിച്ചു. തെറ്റാണെങ്കിൽ ക്ഷമ ചോദിക്കണം, തനിക്ക് ഈഗോ ഇല്ല എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ക്ഷമ ചോദിച്ചപ്പോൾ പിന്നെ എന്തിനാണ് മാപ്പ് പറഞ്ഞത്, മനപ്പൂർവ്വം ചെയ്തതല്ലേ എന്നായി. പലരും പലതും പറഞ്ഞ് കൊണ്ടിരിക്കും. അദ്ദേഹത്തിനത് ഒരു രാ്ത്രിയിലെ കാര്യമായിരുന്നു. പിന്നെ അദ്ദേഹത്തിന് അത് വിഷയമല്ല.

മോഹൻലാൽ എന്ന് പറയുന്ന വ്യക്തിക്ക് ഈ വിവാദങ്ങളിലൊന്നും ഒരു കാര്യവും ഇല്ല. ഓരോരുത്തരും അവരവരുടെ ഭാവനയിൽ ഓരോന്നും പറയുന്നു. സെൻസർ കട്ട് ചെയ്തത് ആരും പറഞ്ഞിട്ടില്ല. തെറ്റ് വന്നിട്ടുണ്ടെങ്കിൽ കട്ട് ചെയ്യണം എന്നുളള ഉത്തമ ബോധ്യം വന്നിട്ടാണ് അത് ചെയ്തത്. കട്ട് ചെയ്യണം എന്ന് മോഹൻലാൽ പറഞ്ഞതല്ല. അദ്ദേഹം കൂട്ടായ തീരുമാനത്തിന്റെ ഭാഗമാവുകയായിരുന്നുവെന്നാണ് സനിൽകുമാർ പറയുന്നത്.

അതേസമയം, എമ്പുരാൻ വലിയ വിവാദങ്ങൾക്കാണ് തിരിതെളിച്ചത്. ദേശീയ തലത്തിൽ വരെ ചിത്രം ചർച്ചയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിച്ചതാണ് ചിത്രത്തിനെതിരെ വിമർശനം ഉയരാൻ കാരണമായത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ സംഘ്പരിവാർ അനുകൂലികൾ സിനിമയ്ക്കും അണിയറ പ്രവർത്തകർക്കുമെതിരെ രംഗത്തെത്തി. സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വിഷയത്തിൽ വീഴ്ചപ്പറ്റിയെന്നാണ് ബിജെപി ആരോപിച്ചത്.

തപസ്യ ജനറൽ സെക്രട്ടറി ജിഎം മഹേഷ് ഉൾപ്പെടെയുള്ള നാല് പേരാണ് സെൻസർ ബോർഡ് കമ്മിറ്റിയിലുണ്ടായിരുന്നത്. ഇവർക്ക് വീഴ്ച സംഭവിച്ചു എന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ആരോപിച്ചിരുന്നു. എന്നാൽ ചിത്രത്തിന് പിന്തുണ നൽകുമെന്നും അതിനുള്ള കാരണം സൗഹൃദം മാത്രമാണെന്നും അദ്ദേഹം കോർ കമ്മിറ്റിയിൽ പറഞ്ഞിരുന്നു. വിവാദങ്ങൾക്കൊടുവിൽ ചിത്രത്തിന്റെ 17 ഭാഗങ്ങൾ വെട്ടിമാറ്റിയാണ് തിയേറ്ററിലെത്തിച്ചത്.

നേരത്തെ പത്ത് സെക്കന്റ് മാത്രമായിരുന്നു സെൻസർ ബോർഡ് ചിത്രത്തിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നത്. സ്ത്രീകൾക്കെതിരായ അക്രമവും ദേശീയപതാകയുമായി ബന്ധപ്പെട്ട ഭാഗങ്ങളുമായിരുന്നു ഇത്. പിന്നാലെ ഗർഭിണിയെ ബ ലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കി. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജൻസികളുടെ ബോർഡും വെട്ടിമാറ്റിയാണ് റീഎഡിറ്റിംഗ്. ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാനായിരുന്നു സെൻസർ ബോർഡിന്റെ നിർദേശമെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ പിന്നീടുള്ള ചർച്ചയിൽ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്താൽ മതിയെന്ന് തീരുമാനമാവുകയായിരുന്നു. എമ്പുരാൻ വിവാദത്തിൽ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണ്. അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ല. മോഹൻലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.

വിവാദങ്ങൾ ബാധിച്ചുവെങ്കിലും 30 ദിവസം കൊണ്ട് 325 കോടി കളക്ഷൻ ചിത്രം നേടിയെന്നാണ് വിവരം. മലയാളത്തിൽ നിന്ന് 300 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായിരിക്കുകയാണ് എമ്പുരാൻ എന്ന് മോഹൻലാൽ ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ചിത്രം മാർച്ച് 27നാണ് ലോകവ്യാപകമായി റിലീസ് ചെയ്തത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായെത്തിയ ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. 2019 ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തിയ എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‌കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.

അതേസമയം, എമ്പുരാന് പിന്നാലെ തുടരും എന്ന ചിത്രമാണ് മോഹൻലാലിന്റേതായി പുറത്തെത്തിയത്. 15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രം കൂടിയാണ് തുടരും. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. വൻ തുകയ്ക്കാണ് ഹോട്‍സ്റ്റാർ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

Vijayasree Vijayasree :