പ്രേക്ഷകർക്കേറെ സുപരിചിതനാണ് കിച്ചു ടെല്ലസ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമ നിർമിക്കാമെന്നു പറഞ്ഞ് അഡ്വാൻസ് ചെക്ക് നൽകി നിർമാതാക്കൾ പറ്റിച്ചുവെന്നാരോപിച്ച് നടൻ രംഗത്തെത്തിയത്. അരുൺ, ജോഷി എന്നീ നിർമാതാക്കളാണ് അഡ്വാൻസ് തുക നൽകാമെന്നു പറഞ്ഞ് തന്നെ പറ്റിച്ചതെന്നായിരുന്നു നടൻ കിച്ചു സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
പിന്നാലെ കിച്ചു ടെല്ലസിന്റെ ആരോപണത്തിൽ മറുപടിയുമായി കുറ്റാരോപിതനായ അരുൺ രംഗത്തെത്തിയിരുന്നു. കിച്ചുവിന്റെ പോസ്റ്റിന് കമന്റായാണ് അരുൺ തന്റെ ഭാഗത്തെ കുറിച്ച് പറഞ്ഞത്. തിരക്കഥ പോലും എഴുതാതെയാണ് കിച്ചു ടെല്ലസ് ചെക്ക് വാങ്ങിയതെന്നും പല അഭിനേതാക്കളെയും സിനിമയിൽ അതിഥി വേഷത്തിൽ കൊണ്ടുവരാമെന്നു പറഞ്ഞ് തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും അരുൺ പറഞ്ഞിരുന്നു.
അതേസമയം അരുണിന്റെ ആരോപണത്തിനു മറുപടിയുമായി കിച്ചു ടെല്ലസിന്റെ ഭാര്യയും നടിയുമായ റോഷ്ന ആൻ റോയിയും രംഗത്തുവന്നു. കിച്ചുവിന്റെ പോസ്റ്റിലെ കമന്റിലൂടെ തന്നെയായിരുന്നു റോഷ്നയുടെയും മറുപടി.
അരുണിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
ഇതിൽ പറയുന്ന അരുൺ ഞാൻ ആണ്. തിരക്കഥ പോലും എഴുതാത്ത സിനിമ, ഒരു മാസം കൊണ്ട് എഴുതി തരാം എന്ന് പിന്നെ പറയുന്നു. ആന്റണി പെപ്പ അറിയാതെ ആന്റണി പെപ്പെയെ ഗസ്റ്റ് റോളിൽ കൊണ്ട് വരാം എന്നു പറഞ്ഞു പടം പ്ലാൻ ചെയ്ത് അഡ്വാൻസ് ചെക്ക് മേടിക്കുക. അത് കഴിഞ്ഞു പെപ്പെയെ നേരിൽ കാണണം എന്ന് പറഞ്ഞപ്പോൾ കഥ എഴുതി തീരട്ടെ എന്ന് പറയുക.
ഇനി പെപ്പെ വന്നില്ലെങ്കിൽ ചെമ്പൻ വിനോദ്, അർജുൻ അശോകൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കൊണ്ട് വരാം എന്ന് പറയുക. ഇവരൊക്കെ ഈ സിനിമയുടെ കാര്യം അറിഞ്ഞോ എന്ന് ആർക്കു അറിയാം. ചുമ്മാ വാക്കുകൾ പറഞ്ഞു കാശ് മേടിച്ചു പറ്റിക്കാൻ. അപ്പോൾ ആരാണ് ഫ്രോഡ്.
ഇതൊന്നും നടക്കില്ല എന്ന് മനസ്സിലായപ്പോൾ കലിപ്പ് തീർക്കാൻ ഫെയ്സ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിന്റെ സത്യം അവസ്ഥ ഇതാണ്. ഇങ്ങനെ സിനിമ ചെയ്യാം എന്ന് പറഞ്ഞു വന്നപ്പോൾ അത് വിശ്വസിച്ചു കാശായോ ചെക്കായോ കൊടുത്തത് എന്റെ മണ്ടത്തരം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഇതിന് റോഷ്ന ആൻ റോയ്‌യുടെ മറുപടി ഇങ്ങനെയായിരുന്നു;
കഥ വളരെ നന്നവുന്നുണ്ട്. താങ്കളും ജോഷിയും കൂടെ ഒന്നിച്ചിരുന്നാൽ ഇതുപോലുള്ള കഥകൾ ഉണ്ടാവുന്നുണ്ടെങ്കിൽ സ്വന്തമായി എഴുതുന്നതിൽ നിർമാണവും ചേർത്തു പണം ലാഭിക്കാം. താങ്കൾ മുൻപ് ഏതെങ്കിലും പടം നിർമിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ നടത്തിപ്പുകൾ എന്താണ് ? കഥ മുഴുവനാക്കാൻ വേണ്ടിയല്ലേ താങ്കൾ ത്രെഡ് കേട്ടയുടനെ അഡ്വാൻസ് ചെക്ക് കൊടുത്തത്?
അതോ ആന്റണി പെപ്പെ വരുമെന്ന് വിചാരിച്ചാണോ താങ്കൾ അഡ്വാൻസ് നായകനായ അപ്പാനിക്കും കിച്ചു ടെല്ലസിനും നൽകിയത്? കിച്ചു ഭീഷണിപ്പെടുത്തിയാണോ താങ്കൾ കോട്ടയത്തുനിന്ന് ഓടിയെത്തി അഡ്വാൻസ് കൊടുത്തത് ? ആന്റണി പെപ്പെയെ വച്ച് കളിക്കുന്നത് ഇപ്പോ താങ്കളാണ്.
അതുമല്ല ഇനിയിപ്പോൾ ആഘോഷമായി ഇതും പറഞ്ഞു ഇറങ്ങിയാൽ ആരുമറിയില്ലാത്ത നിങ്ങളെ പത്ത് പേര് അറിയുമെന്നു മാത്രമല്ല ആ പബ്ലിസിറ്റി കൊണ്ട് വേണേൽ പടവും ചെയ്യാം. കിച്ചു മോശക്കാരനെന്നും, ജോഷിയുടെ സിനിമയുടെ ഷൂട്ടിന് വരെ തടസം ഉണ്ടാക്കിയിട്ടുണ്ടെന്നും പറയുന്നു. എന്നിട്ടും കിച്ചുവിന്റെ തിരക്കഥ എടുത്തു ചെയ്യാൻ നിങ്ങൾ കാണിച്ച ഹൃദയ വിശാലത പറയാതിരിക്കാൻ പറ്റില്ല എന്നും റോഷ്ന കുറിച്ചു.