സിനിമ കഴിഞ്ഞ് ആദ്യ ദിവസം മൈക്കുമായി വരുന്നവനെ തട്ടിമാറ്റി നീങ്ങണം, ഇത്തരക്കാരെ തിയേറ്ററില്‍ കയറ്റരുത്; പരമ പുച്ഛമാണ് എല്ലാവരോടുമെന്ന് റോഷന്‍ ആന്‍ഡ്രൂസ്

സംവിധായകനായും നടനായും മലയാളികള്‍ക്കേറെ സുപരിചിതനാണ് റോഷന്‍ ആന്‍ഡ്രൂസ്. മുമ്പ് സിനിമാ നിരൂപണത്തെ കുറിച്ചുള്ള റോഷന്‍ ആന്‍ഡ്രൂസിന്റെ അഭിപ്രായത്തെ എതിര്‍ത്തു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. എന്നാല്‍ സിനിമയെ ക്രിയേറ്റീവായി വിമര്‍ശിക്കണമെന്നും നിരൂപണം ചെയ്യുന്നവര്‍ ഒരു സിനിമ എഴുതിയിട്ടുണ്ടോ എന്നും ചോദിക്കുകയാണ് സംവിധായകന്‍.

17 വര്‍ഷമായി ഞാന്‍ ഇവിടെ നില്‍ക്കുന്നത് പ്രേക്ഷകരുടെ പിന്തുണയിലാണ്. സിനിമയെ വിമര്‍ശിക്കുന്ന പ്രേക്ഷകരുടെ കാഴ്ച്ചപ്പാടിനെ ഞാന്‍ ഒരിക്കലും കുറ്റപ്പെടുത്തില്ല. സാറ്റര്‍ഡേ നൈറ്റ് സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ മറുപടിയെ വിവാദമുണ്ടാക്കിയവര്‍ വളച്ചൊടിക്കുകയായിരുന്നു. കേരളത്തിലെ പ്രബുദ്ധ പ്രേക്ഷകരെ ഞാന്‍ വിമര്‍ശിക്കില്ല.

ഞാന്‍ പറഞ്ഞത് സിനിമ റിവ്യു ചെയ്യുന്നവരുടെ നിലവാരത്തകര്‍ച്ചയെ കുറിച്ചാണ്. റിവ്യു ചെയ്യുന്നവര്‍ ഒരു സിനിമ എഴുതിയിട്ടുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഒരു സിനിമയുടെ റിഥം നശിപ്പിക്കുന്നത് റിവ്യു ചെയ്യുന്നവരാണോ? ഇവര്‍ ഉപയോഗിക്കുന്ന ഭാഷയും ശൈലിയും എത്ര നിലവാരം കുറഞ്ഞതാണ്. പരമ പുച്ഛമാണ് എല്ലാവരോടും. അനുപമ ചോപ്രയെ പോലെ, ഭരദ്വദ് രംഗനെ പോലെയുള്ളവരുടെ റിവ്യു ഇവര്‍ കണ്ടു നോക്കട്ടെ.

ഇവിടെ ഇതൊരു ക്വട്ടേഷന്‍ സംഘമാണ്. മോശം റിവ്യു നല്‍കുമെന്ന് നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്തി അവരുടെ കയ്യില്‍ നിന്ന് പണം വാങ്ങുന്നവരെ എനിക്കറിയാം. 2 ലക്ഷം രൂപ വാങ്ങിച്ച് പടം നല്ലാതാണെന്ന് ട്വീറ്റ് ചെയ്യുന്നവരും ഉണ്ട്. യൂട്യൂബ് നിരൂപകര്‍ തിയേറ്ററില്‍ ഇടിച്ചുകയറി ഇടവേളയില്‍ ആഭിപ്രായം ചോദിക്കുകയാണ്. അപ്പോള്‍ സിനിമയെ കുറിച്ച് നല്ലതും മോശവും പറയുന്ന ആളുകള്‍ ഉണ്ടാകും.

ഇത് കാണിച്ച് നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തുകയാണ് പലരും ചെയ്യുക. ഇത്തരക്കാരെ തിയേറ്ററില്‍ കയറ്റാതിരിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ ശ്രദ്ധിക്കണം. ഇന്ന് ഇടവേളയില്‍ വരുന്നവര്‍ നാളെ സിനിമ തുടങ്ങി 10 മിനിറ്റിനകം തിയേറ്ററിനുള്ളില്‍ നിന്ന് ലൈവ് ചെയ്യും. സിനിമ കഴിഞ്ഞ് ആദ്യ ദിവസം മൈക്കുമായി വരുന്നവനെ തട്ടിമാറ്റി നീങ്ങണം. ഇത്തരക്കാരെ തിയേറ്ററില്‍ കയറ്റരുതെന്ന് നിര്‍മ്മാതാവും തിയേറ്റര്‍ ഉടമയുമായ ആന്റണി പെരുമ്പാവൂരിനോടും മറ്റും നേരിട്ട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

Vijayasree Vijayasree :