മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ഒടിടിയില്‍. ഹോട്ട്സ്റ്റാറിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. ‘റോഷാക്ക്’ ഒടിടി റിലീസിന്റെ ഔദ്യോഗിക ട്രെയിലര്‍ നവംബര്‍ ആറിനു പുറത്തു വരും. ‘റോഷാക്ക്’ എന്നു മുതലായിരിക്കും സ്ട്രീം ചെയ്യാന്‍ ആരംഭിക്കുക എന്നത് വ്യക്തമല്ല.
ഒക്ടോബര്‍ 7 നാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്. ചിത്രം ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്നു മാത്രം നേടിയത് 9.75 കോടി ആയിരുന്നു. ഇതേകാലയളവില്‍ ആഗോള മാര്‍ക്കറ്റുകളിലേതടക്കം ചിത്രം നേടിയ ആഗോള ഗ്രോസ് 20 കോടി വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചത്. ഈ വാരാന്ത്യത്തില്‍ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്കും എത്തുകയാണ് ചിത്രം. ഇന്ത്യയ്ക്കൊപ്പം യുഎഇ, ഖത്തര്‍, ബഹ്റിന്‍, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ ഇക്കഴിഞ്ഞ 7 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. സൌദി അറേബ്യ, യുകെ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ചിത്രം ഈ വാരം എത്തുക.
അമേരിക്കൻ പൗരത്വമുള്ള ദുബായിൽ ബിസിനസ് ചെയ്യുന്ന ലൂക്ക് ആന്റണി ആയാണ് മമ്മൂട്ടി എത്തുന്നത്. സെക്കളോജിക്കൽ മിസ്റ്ററി ത്രില്ലർ എന്ന നിലയിലാണ് റോഷാക്ക് സഞ്ചരിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിര്‍മ്മാണം മമ്മൂട്ടി കമ്പനിയാണ് നിർവഹിക്കുന്നത്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്