നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ്കലാഭവൻ മണി. അദ്ദേഹം മൺമറഞ്ഞിട്ട് 9 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും കലാഭവൻ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലർത്തുന്നവർ ഏറെയാണ്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ മണിയെ എല്ലാവരും കണ്ടിട്ടുള്ളൂ. ഇന്നും താരത്തിന്റെ മരണം ഒരു തീര ദുഃഖം തന്നെയാണ്.
അദ്ദേഹത്തന്റെ ചരമവാർഷികത്തോട് അനുബന്ധിച്ച് പിഷാരടി അവതരാകനായിട്ടെത്തുന്ന ഒരു പരിപാടിയിൽ കലാഭവൻ മണിയെ ഓർമ്മിക്കുകയാണ് സുഹൃത്തുക്കൾ. മണിയുടെ അനിയൻ ആർഎൽവി രാമകൃഷ്ണനും നടനും സംവിധായകനുമായ നാദിർഷയും ധർമജൻ ബോൾഗാട്ടിയും പരിപാടിയിൽ പങ്കെടുത്തിരുന്നു. ലാഭവൻ മണിയെ കുറിച്ചുള്ള ഓർമ്മ പങ്കുവെക്കുന്നതിനിടെ അദ്ദേഹത്തിന്റെ ആദ്യ സിനിമ കാണാൻ പോയപ്പോഴുണ്ടായ സംഭവത്തെ കുറിച്ചും രാമകൃഷ്ണൻ പറഞ്ഞു.
ദിലീപും മഞ്ജു വാര്യരും നായിക, നായകന്മാരായിട്ടെത്തിയ സല്ലാപം എന്ന സിനിമയിലാണ് മണിച്ചേട്ടൻ ആദ്യം അഭിനയിക്കുന്നത്. ഞങ്ങളുടെ അച്ഛന് തിയേറ്ററിൽ പോയി സിനിമ കണ്ട ശീലമൊന്നുമില്ല. അതുപോലെ അച്ഛന് ഷർട്ട് ധരിക്കുന്ന ശീലവും ഇല്ലായിരുന്നു. എങ്കിലും സല്ലാപം ചാലക്കുടിയിലെ തിയേറ്ററിൽ വന്നപ്പോൾ അച്ഛനെ അത് കാണിക്കാൻ കൊണ്ട് പോയി. ചെറിയൊരു ഷർട്ടൊക്കെ വാങ്ങി നിർബന്ധിച്ച് അച്ഛനെയും അമ്മയെയും സിനിമ കാണിക്കാൻ കൊണ്ട് പോകേണ്ട ഉത്തരവാദിത്തം എനിക്കായിരുന്നു. ചേട്ടൻ അവിടേക്ക് വരും.
അങ്ങനെ തിയേറ്ററിൽ സിനിമ കണ്ടോണ്ടിരിക്കുമ്പോൾ തന്നെ അച്ഛൻ ഷർട്ടൊക്കെ ഊരി തോളിലിട്ടു. ഇടയ്ക്ക് മനോജ് കെ ജയൻ മണിച്ചേട്ടനെ തല്ലുന്ന സീൻ കണ്ടതോടെ അച്ഛൻ എഴുന്നേറ്റു. തിയേറ്ററിന് അകത്ത് സ്‌റ്റെപ്പുകൾ ഉള്ളതൊന്നും അദ്ദേഹത്തിന് അറിയില്ല. അവിടുന്ന് ഇറങ്ങിയതോടെ തലയും കുത്തി വീണു. അങ്ങനെ എനിക്കും ചേട്ടനും ഫസ്റ്റ് ഷോ പോലും കാണാൻ പറ്റിയില്ല. ഞാൻ അച്ഛനെ കൂട്ടി വീട്ടിലേയ്ക്ക് പോന്നു. മക്കളെ ഒരാൾ ചീത്ത പറയുന്നതോ തല്ലുന്നതോ ഒന്നും അദ്ദേഹത്തിന് സഹിക്കില്ലെന്നും രാമകൃഷ്ണൻ പറയുന്നു.
ഈ കഥ മണി തന്നോടും പറഞ്ഞുവെന്നാണ് നാദിർഷ പറഞ്ഞത്. അച്ഛനെയും കൊണ്ട് സിനിമയ്ക്ക് പോയ ശേഷം അദ്ദേഹം നാളെ തന്നെ മനോജ് കെ ജയനെ വീട്ടിൽ കയറി തല്ലണമെന്നാണ് പറഞ്ഞത്. ആളെ കൈയ്യിൽ കിട്ടിയാൽ അപ്പോൾ തന്നെ തല്ലും എന്നൊരു അവസ്ഥയിലായിരുന്നു. വീട്ടിൽ വന്നിട്ട് പോലും ആ ദേഷ്യം മാറിയില്ലെന്നുമാണ് മണി പറഞ്ഞതെന്നും നാദിർഷ പറയുന്നു.
സിനിമാ പാരമ്പര്യമൊന്നുമില്ലാതെ മിമിക്രി കളിച്ച് നടന്നിരുന്ന ആളായിരുന്നു കലാഭവൻ മണി. അങ്ങനെ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായും പിന്നീട് ചെറിയ റോളുകളിലൂടെയും ശ്രദ്ധേയനായി. അവിടുന്നിങ്ങോട്ട് അവിശ്വസീനിയമായ വളർച്ചയാണ് മണിയുടെ കരിയറിലുണ്ടാവുന്നത്. നായകനായും വില്ലനായും കോമേഡിയനായിട്ടുമൊക്കെ അഭിനയിച്ചു. ഈ കാലയളവിൽ അവഗണനയും അധിഷേപങ്ങളുമൊക്കെ അദ്ദേഹത്തിന് നേരിടേണ്ടി വന്നു.
എന്നാൽ മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ച് മണി തിളങ്ങി. ഇടയ്ക്ക് ഐശ്വര്യ റായിയ്‌ക്കൊപ്പം പോലും അഭിനയിക്കാൻ നടന് സാധിച്ചിരുന്നു. അങ്ങനെ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന സമയത്താണ് അപ്രതീക്ഷിതമായ മരണം താരത്തിന് സംഭവിക്കുന്നത്. ആരൊക്കെ ഉണ്ടെങ്കിലും കലാഭവൻ മണി എന്ന് പറയുന്നത് ഒരു ധൈര്യമായിരുന്നു എന്നാണ് നാദിർഷ പറയുന്നത്.
അതേസമയം, മണിയുടെ ഒൻപതാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് സംവിധായകൻ വിനയൻ പങ്കുവെച്ച പോസ്റ്റും വൈറലായിരുന്നു. അനായാസമായ അഭിനയശൈലി കൊണ്ടും, ആരെയും ആകർഷിക്കുന്ന നാടൻ പാട്ടിന്റെ ഈണങ്ങൾ കൊണ്ടും, അതിലുപരി വന്നവഴി മറക്കാത്ത മനുഷ്യസ്നേഹി എന്ന നിലയിലും മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണി.. കല്യാണസൗഗന്ധികം എന്ന സിനിമയിൽ തുടങ്ങി എന്റെ പന്ത്രണ്ടു ചിത്രങ്ങളിൽ മണി അഭിനയിച്ചു.. വാസന്തിയും ലഷ്മിയും പിന്നെ ഞാനും,കരുമാടിക്കുട്ടൻ, രാക്ഷസരാജാവിലെ മന്ത്രി ഗുണശേഖരൻ എന്നിവ ഏറെ ചർച്ചയാവുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിരുന്നു.
മണിയുമായിട്ടുള്ള എന്റെ സിനിമാ ജീവിതത്തിലെ വർഷങ്ങൾ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എന്റെ വ്യക്തി ജീവിതത്തെ പോലും സ്പർശിച്ചിരുന്നു.. മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട് മലയാള സിനിമക്കുള്ളിൽത്തന്നെ പലപ്പോഴും എനിക്കു പോരാടേണ്ടി വന്നിട്ടുണ്ട്.. സിനിമയിലെ പ്രബലശക്തികളുടെ സമ്മർദ്ദത്താൽ എന്റെ മുന്നിൽ വന്നു പെടാതെ ഓടി മാറുന്ന മണിയേയും ഞാൻ അന്ന് കണ്ടിട്ടുണ്ട്.
അതിൽ നിന്നൊക്കെ ഉണ്ടായ പ്രചോദനം തന്നെയാണ്, മണിയെക്കുറിച്ച് “ചാലക്കുടിക്കാരൻ ചങ്ങാതി” എന്ന സിനിമ എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. അക്കാലത്ത് മണി അഭിനയിക്കുന്ന ഗുണ്ട” എന്നു പേരിട്ട ഒരു സിനിമയുടെ പൂജക്കു വിളക്കു കൊളുത്തി കൊടുക്കാനായി അതിന്റെ സംവിധായകൻ സലിം ബാവയുടെയും മണിയുടെയും നിർബന്ധപ്രകാരം ഞാൻ പോയി ആ കർമ്മം നിർവ്വഹിച്ചിരുന്നു. ഞാൻ വിളക്കു കോളുത്തി എന്ന ഒറ്റക്കാരണത്താൽ ആ സിനിമ നടത്താൻ ഇന്നും ഫെഫ്കയുടെ നേതൃത്വത്തിൽ ഇരിക്കുന്ന ചില സംവിധായകർ അന്ന് സമ്മതിച്ചില്ല.
ആ സിനിമയുടെ പേരുമാറ്റി അവർ പറയുന്ന ആളെക്കൊണ്ടു വിളക്കു കത്തിച്ചാലെ ഷൂട്ടിംഗ് നടത്തിക്കൂ എന്നു വാശി പിടിച്ചു.. ഗത്യന്തരമില്ലാതെ ആ നിർമ്മാതാക്കൾ സിനിമയുടെ പേരുമാറ്റി “പ്രമുഖൻ” എന്നാക്കി സംവിധായകൻ ബി ഉണ്ണികൃഷ്ണനെ കൊണ്ട് പൂജ നടത്തി ഷൂട്ടിംഗ് തുടങ്ങി. എങ്ങനുണ്ട് നമ്മുടെ സാംസ്കാരിക നായകർ.. ഞാൻ വിളക്കു കൊളുത്തിയ സിനിമയുടെ പേരുപോലും മാറ്റി വേറെ പൂജ നടത്തിയെന്നു കേട്ടപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി…
അടിസ്ഥാന വർഗ്ഗത്തിൽ നിന്ന് ഉയർന്നു വരികയും, താനെന്നും ഒരിടതു പക്ഷക്കാരനാണന്നു വിളിച്ചു പറയുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്ന കലാഭവൻ മണിയുടെ സ്മാരകം ഇത്രയും കാലം തുടർന്നു ഭരിച്ചിട്ടു പോലും ഇടതു പക്ഷ സർക്കാരിനു പൂർത്തിയാക്കാൻ കഴിയുന്നില്ല എന്നത് ഒരു വിരോധാഭാസമായി എനിക്കു തോന്നുന്നു.. ഉടനെ അതിനൊരു പരിഹാരം ഉണ്ടാവണം എന്നഭ്യർതഥിക്കുന്നുവെന്നുമാണ് വിനയൻ കുറിപ്പിൽ പറയുന്നത്.
കലാഭവൻ മണിയുടെ സമരകം പ്രഖ്യാപനമായി ഒതുങ്ങിയെന്ന് സഹോദരൻ ആർ എൽ വി രാമകൃഷ്ണനും അടുത്തിടെ പറഞ്ഞിരുന്നു. വേണ്ടിവന്നാൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും ആർ എൽ വി രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഇതുവരെ അദ്ദേഹത്തിന്റെ നാട്ടിൽ ഒരു സ്മാരകം ഒരുക്കിയിട്ടില്ല. ചരമ വാർഷികത്തിലെങ്കിലും സ്മാരകത്തിന്റെ തറക്കലിടൽ വേണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു.
ചാലക്കുടിയിൽ പ്രഖ്യാപിച്ച സ്മാരകം വൈകുന്നതിലാണ് പ്രതിഷേധമെന്നും സമരം ചെയ്യേണ്ടിവരുമെന്നും രാമകൃഷ്ണൻ പറഞ്ഞു. കലാഭവൻമണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റുകളിൽ 3 കോടി രൂപ വകയിരുത്തിയിട്ടും ഒന്നും നടന്നില്ല. സർക്കാരിന്റെ ചലച്ചിത്ര മേളകളും മണിയെ അവഗണിക്കുന്നു എന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു. മണിയോട് ഫോക് ലോർ അക്കാദമി വിവേചനം കാണിക്കുന്നു. സ്മാരകം വരാതിരിക്കാൻ ആരൊക്കെയോ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നും ആർഎൽവി രാമകൃഷ്ണൻ അന്ന് വ്യക്തമാക്കിയിരുന്നു.
2016 മാർച്ച് മാസത്തിലാണ് കലാഭവൻ മണി അപ്രതീക്ഷിതമായി മരണപ്പെടുന്നത്. പിന്നാലെ ഗുരുതര ആരോപണങ്ങളും ഉയർന്ന് വന്നിരുന്നു. അടുത്തിടെ മണിയുടെ മരണത്തെ കുറിച്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉണ്ണിരാജൻ ഐപിഎസ് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിയുടെ മരണകാരണം ലിവർ സിറോസിസ് ആയിരുന്നു. ലിവർ പൊട്ടിയിട്ട് കഴുത്തിലുള്ള നേർവ്‌സിന് പലപ്പോഴും ബാൻഡിങ് നടത്തേണ്ടി വന്നിട്ടുണ്ട്. മണി പലപ്പോഴും ഇത് ശ്രദ്ധിച്ചിരുന്നില്ല. മണി രക്തം ഛർദിക്കുമായിരുന്നെങ്കിലും ബിയർ കഴിക്കുമായിരുന്നു.
മരിക്കുന്നതിന്റെ തലേദിവസമായ 4ാം തീയതിയും അതിന്റെ തലേന്ന് മൂന്നാം തീയതിയും മരിക്കുന്നതിന്റെ അന്ന് 5ാം തീയതിയും മണി ബിയർ ഉപയോഗിച്ചിരുന്നു. നാലാം തിയതി 12 കുപ്പി ബിയർ കുടിച്ചിട്ടുണ്ടാകും. ലിവർ സിറോസിസ് ഉണ്ടെന്ന് അറിഞ്ഞിട്ടും മദ്യപിച്ചിരുന്നത് മരണം വിലകൊടുത്ത് വാങ്ങിയതിന് തുല്യമാണ്. കൃത്യമായ അന്വേഷണമാണ് മണിയുടെ മരണത്തിൽ നടന്നതെന്നും ഉണ്ണിരാജൻ ഐപിഎസ് വ്യക്തമാക്കി.
ബിയറിൽ മീഥൈൽ ആൽക്കഹോളിന്റെ ചെറിയ ഒരംശം ഉണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ ഒരുപാട് ബിയർ കഴിക്കുമ്പോൾ മീഥൈൽ ആൽക്കഹോളിന്റെ അളവ് നമ്മുടെയുള്ളിൽ കൂടുകയാണ് ചെയ്യുന്നത്. മണിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. പ്രത്യേകിച്ച് മണി ഒരു ലിവർ സിറോസിസ് രോഗി ആകുമ്പോൾ ഇത് പെട്ടെന്ന് ട്രിഗർ ചെയ്യും. മണിയുടെ കാര്യത്തിൽ സംഭവിച്ചത് ബിയർ കൂടുതൽ കഴിച്ചതുകൊണ്ടുണ്ടായ മീഥൈൽ ആൽക്കഹോളിന്റെ കണ്ടന്റ് കൂടിയതുകൊണ്ടുള്ള മരണമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
മരണപ്പെടുന്നതിന് തലേന്ന് പാഡിൽ സുഹൃത്തുക്കളുമായി മണി ആഘോഷിച്ചിരുന്നു. ഇടുക്കി ജാഫറും സാബുവും നാദിർഷയുമൊക്കെ ഉണ്ടായിരുന്നു. ഇവർ തിരിച്ച് പോകുന്നത് രാത്രി വല്ലാതെ വൈകിയാണ്. മണിയും സുഹൃത്തുക്കളും അത്താഴം കഴിക്കുന്നത് പുലർച്ചെ 1.50 നാണ്. കിടന്ന ശേഷം 5.40 ന് മണി എഴുന്നേറ്റ് ബിയർ കുടിച്ചു. രാവിലെ ഇൻസുലിൻ എടുക്കാൻ വന്ന സുഹൃത്ത് കാണുന്നത് മണി രക്തം ഛർദ്ദിക്കുന്നതാണ്.
ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞപ്പോൾ സാരമില്ലെന്ന് പറഞ്ഞു. വീണ്ടും ഛർദ്ദിച്ചു. പിന്നാലെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ട് പോയി. പോകുന്ന വഴിയാണ് മണിയുടെയും സഹോദരൻ രാമകൃഷ്ണന്റെയും വീട്. പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ടത് കൊണ്ടായിരിക്കണം വീട്ടിലൊന്നും പറയാതിരുന്നതെന്നും ഉണ്ണിരാജൻ ഐപിഎസ് ചൂണ്ടിക്കാട്ടിയിരുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. നാടൻ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തുവെച്ചു.
തന്റെ നാടും വീടും നാട്ടുകാരും വിട്ട് മറ്റൊരു സ്വർഗം മണിക്കുണ്ടായിരുന്നില്ല. ഏതൊരു ആഘോഷത്തിനും ചാലക്കുടിയുടെ ആവേശമായി മുന്നിൽ തന്നെ നിന്നിരുന്ന കലാകാരൻ കൂടിയാണ് മണി. ആയിരങ്ങളാണ് കേരളത്തിന്റെ നാനഭാഗത്ത് നിന്ന് മണിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. കലാഭവൻ മണിയുടെ ചാലക്കുടിയിലെ ബലികുടീരം കാണാൻ ഇപ്പോഴും നിരവധിയാളുകൾ എത്താറുണ്ട്.