ആകാശഗംഗയിലെ നായകനെ പിന്നീട് ആരും സിനിമയിൽ കണ്ടില്ല,ഉണ്ണിക്ക് എന്ത് സംഭവിച്ചു?

മലയാളികൾ എക്കാലവും ഇഷ്ടപ്പെടുന്ന ചിത്രങ്ങളിൽ ഒന്നാണ് ആകാശഗംഗ.ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുകയാണ്.ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തിയ ഉണ്ണിയെ ഓർക്കാത്തവരായി ആരുമുണ്ടാകില്ല.ഉണ്ണിയായെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ റിയാസിനെ പിന്നീടാരും സിനിമയിൽ കണ്ടില്ല.തന്റെ ആദ്യചിത്രം തന്നെ സൂപ്പർ ഹിറ്റ് ആയിട്ടും എന്തുകൊണ്ട് 19 വർഷത്തെ ഇടവേളയെടുത്തു എന്നത് പ്രേക്ഷകർ അറിയാൻ ആഗ്രഹിക്കുന്ന ഒന്നാണ്.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ സിനിമയിൽ നിന്നും വിട്ടുനിൽക്കാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് റിയാസ്.

‘ആകാശഗംഗയ്ക്ക് ശേഷം ഒന്നു രണ്ടു വർഷം കൂടിയെ ഞാൻ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം ഞാൻ തിരഞ്ഞെടുത്ത സിനിമകളുടെ പരാജയം വലിയ ദോഷമായി. അന്നൊന്നും സെൽഫ് മാർക്കറ്റിങ് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. സിനിമയിൽ സ്ട്രെയിറ്റ് എൻട്രിയായിരുന്നു. അത്ര നല്ല ഒരു തുടക്കം കിട്ടിയപ്പോൾ സിനിമയെ കുറച്ചു ലാഘവത്തോടെ കണ്ടത് പോരായ്മയായി. ആദ്യം പറഞ്ഞ പോല, ബന്ധങ്ങളും സൗഹൃദവും കാരണം പിന്നീടു തിരഞ്ഞെടുത്ത സിനിമകളുടെ പരാജയം കൂടിയായപ്പോൾ കാര്യങ്ങൾ കൈവിട്ടു പോയി. അതിൽ നിന്നു തിരിച്ചു വരാൻ ഗൗരവമുള്ള ഒരു ശ്രമം എന്റെ ഭാഗത്തു നിന്നുണ്ടായതുമില്ല. അപ്പോഴേക്കും വിവാഹം കഴിഞ്ഞു. ബിസിനസ്സ് തുടങ്ങി. അതോടെ പൂർണമായും സിനിമയില്‍ നിന്നകന്നു’’.– റിയാസ് പറഞ്ഞു തുടങ്ങി.

സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നു പഠിച്ചിറങ്ങിയപ്പോൾ, നടൻ സ്ഫടികം ജോർജേട്ടൻ വഴിയാണ് വിനയേട്ടനെ പരിചയപ്പെടുന്നത്. അപ്പോൾ അദ്ദേഹം ‘ആകാശഗംഗ’യ്ക്ക് ഒരു നായകനെ തേടുകയായിരുന്നു. എന്നെ കണ്ടപ്പോൾ ഇഷ്ടമായി. ഓകെ പറഞ്ഞു. ‘ആകാശഗംഗ’ വലിയ ഹിറ്റായി. ആ വിജയം സമ്മാനിച്ച താരപ്രഭ കൈകാര്യം ചെയ്യാന്‍ എനിക്കു സാധിച്ചില്ല. സിനിമകൾ എങ്ങനെ തിരഞ്ഞെടുക്കണം ഏതു തരം കഥാപാത്രങ്ങൾ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളിലൊന്നും പ്രോപ്പർ ആയ ഒരു ഗൈഡൻസ് കിട്ടിയില്ല. ‘ആകാശഗംഗ’യ്ക്ക് ശേഷം ‘സംഭവാമി യുഗേ യുഗേ’ എന്ന ചിത്രത്തിൽ നായകനായും മറ്റു ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും അഭിനയിച്ചെങ്കിലും നല്ല കഥാപാത്രങ്ങളോ കാര്യമായ വിജയങ്ങളോ ലഭിച്ചില്ല.

25 വയസ്സൊക്കെ ആയപ്പോഴേക്കും സിനിമ കുറഞ്ഞു. വീണ്ടും കുറച്ചു കാലം കൂടി കാത്തു. 30–ാം വയസ്സിലായിരുന്നു വിവാഹം, 2005 ൽ. ഷബ്നത്തെ കണ്ട്, ഇഷ്ടപ്പെട്ട്, അവരുടെ വീട്ടിൽ പോയി സംസാരിക്കുകയായിരുന്നു. വിവാഹം കഴിക്കുമ്പോൾ സിനിമ ഇല്ലെങ്കിലും ഫാമിലി സപ്പോർട്ട് ഉണ്ടായിരുന്നു. വിവാഹം കഴിക്കുന്ന ആൾ കലാരംഗത്തു പ്രവർത്തിക്കുന്നതിനാൽ അതിനോടുള്ള പാഷൻ മനസ്സിലാകുമല്ലോ. എന്നാൽ കുടുംബ ജീവിതം തുടങ്ങുമ്പോൾ വരുമാനം പ്രധാനമാണ്. അങ്ങനെയാണ് സിനിമ വിട്ട് ബിസിനസ് തുടങ്ങിയത്. കൊല്ലത്ത് ഒരു ഇന്റർനാഷനൽ ബ്രാൻഡിന്റെ ഏജൻസി തുടങ്ങി. അത് വിജയമായതോടെ ബിസിനസ്സിൽ മാത്രമായി ശ്രദ്ധ. സിനിമ പതിയെപ്പതിയെ മനസ്സിൽ നിന്നു മറഞ്ഞു. പിന്നീട് ഷബ്നത്തിന്റെ പഠനത്തിന്റെയും മറ്റും ഭാഗമായി ഞങ്ങൾ തിരുവനന്തപുരത്ത് താമസമാക്കി. ഇപ്പോൾ സുഹൃത്തുമായി ചേർന്ന് ദുബായില്‍ ‘സ്റ്റോൺ’ എന്ന പേരിൽ ഒരു പരസ്യകമ്പനിയും ഉണ്ട്.

പ്രേക്ഷക മനസ്സിൽ ഭയത്തിന്റെ തീക്കനൽ കോറിയിട്ടുകൊണ്ട് 1999 ൽ പുറത്തിറങ്ങിയ ഹൊറർ-കോമഡി ചിത്രമായിരുന്നു ആകാശഗംഗ. വിയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇരുകയ്യും നീട്ടി മലയാളക്കര ഒന്നടങ്കം സ്വീകരിച്ചു.ഇപ്പോളിതാ ആകാശഗംഗയ്ക്ക് രണ്ടാം ഭാഗം അണിയറയിൽ ഒരുക്കുകയാണ് വിനയൻ.കഴിഞ്ഞ ദിവസം ആകാശഗംഗ 2 ന്റെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

riyas talks about his cinema life

Sruthi S :