നടനായും ബിജെപി നേതാവായും മലയാളികള്‍ക്ക് സുപരിചിതനാണ് കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കൃഷ്ണകുമാര്‍ പങ്കുവെയ്ക്കാറുള്ള പോസ്റ്റുകളില്‍ മിക്കതും ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പാത്രമാകാറുണ്ട്. ഇപ്പോഴിതാ നടനെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ്. തൊട്ടുകൂടായ്മയേയും ജാതീയതയേയും അഭിമാനമായി കാണുകയും അതിനെ കാല്പ്പനീയവത്കരിക്കുകയും ചെയ്തതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.
ജാതിവ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിയിലുള്ളവര്‍ക്ക് മണ്ണില്‍ കുഴി കുത്തി അതില്‍ കഞ്ഞി ഒഴിച്ചു കൊടുത്തിരുന്ന സമ്പ്രാദയത്തെക്കുറിച്ച് നൊസ്റ്റാള്‍ജിയയോടെ ഓര്‍ക്കുന്ന കൃഷ്ണ കുമാറിന്റെ വീഡിയോ വൈറലായി മാറുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഭാര്യ സിന്ധു കൃഷ്ണ പങ്കുവച്ച വ്ളോഗില്‍ നിന്നുള്ള ഭാഗമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. പഴങ്കഞ്ഞിയുടെ ഗുണഗണങ്ങളെ പുകഴ്ത്തുന്നതിനിടെയാണ് കൃഷ്ണ കുമാര്‍ തന്റെ വീട്ടിലെ പണിക്കാര്‍ക്ക് കഞ്ഞി കൊടുത്തിരുന്ന രീതിയെക്കുറിച്ച് സംസാരിക്കുന്നത്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായി മാറുകയായിരുന്നു. പിന്നാലെ നിരവധി പേരാണ് കൃഷ്ണകുമാറിനെതിരെ രംഗത്തെയിരിക്കുന്നത്. ബിഗ് ബോസ് താരം റിയാസ് സലീം അടക്കമുള്ളവര്‍ കൃഷ്ണകുമാറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ഞങ്ങള്‍ തൃപ്പൂണിത്തറയില്‍ താമസിക്കുന്ന കാലത്ത് പറമ്പ് ഒക്കെ വൃത്തിയാക്കാന്‍ ആളുകള്‍ വരും. അവര്‍ രാവിലെ വരുമ്പോള്‍ ഒരു കട്ടന്‍ ചായ കുടിച്ചിട്ടായിരിക്കും വരുന്നത്. ഒരു പതിനൊന്ന് മണിയാകുമ്പോള്‍ ഇവര്‍ക്ക് പഴഞ്ചോറ് മതി. അന്ന് അമ്മ കുറച്ച് പഴഞ്ചോറും കറികളും എടുത്ത് വച്ചിരിക്കും. പണി എടുത്ത പറമ്പില്‍ തന്നെ ചെറിയ കുഴി എടുത്ത് അതില്‍ വട്ടയില വയ്ക്കും. അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും.
ചേമ്പില വിരിച്ച കുഴിയില്‍ നിന്ന് പണിക്കാര് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരും. കൊച്ചി മാരിയറ്റില്‍ താമസിക്കുമ്പോള്‍ പ്രഭാത ഭക്ഷണത്തിനായി പഴങ്കഞ്ഞി ഉണ്ടായിരുന്നു അതുകണ്ടപ്പോള്‍ ഉണ്ടായ ഓര്‍മ്മകളാണെന്നാണ് കൃഷ്ണ കുമാര്‍ വീഡിയോയില്‍ പറയുന്നത്. പിന്നാലെ കൃഷ്ണകുമാറിനെതിരെ റിയാസ് സലീം രംഗത്തെത്തുകയായിരുന്നു.
”അസമത്വത്തെക്കുറിച്ച് ഇത്ര നൊസ്റ്റാള്‍ജിയ തോന്നുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ. ജാതീയതയിലേക്കുള്ള, പുറകിലേക്കുള്ള ആ ടൈം ട്രാവല്‍ ഷോ കാണാന്‍ എനിക്കല്‍പ്പം പോപ്കോണ്‍ തരൂ” എന്നായിരുന്നു വീഡിയോ പങ്കുവച്ചു കൊണ്ട് റിയാസ് സലീം കുറിച്ചത്. പിന്നാലെ വീഡിയോയ്ക്ക് ലഭിച്ച ചില കമന്റുകളും റിയാസ് സലീം പങ്കുവച്ചിട്ടുണ്ട്. ആരെങ്കിലും ഇയാളെ ക്ഷണിക്കണം, എന്നിട്ട് ഒരു കുഴി കുത്തി അതില്‍ കഞ്ഞിയൊഴിച്ച് കൊടുക്കണം. എന്തിനാ കൊതി വിടുന്നേ കഴിക്കട്ടെ.
ദളിത് ജീവിതവും തൊട്ടുകൂടായ്മയും ഫാന്റസൈസ് ചെയ്യുന്ന പാവം സവര്‍ണ പുരുഷന്, പരിതാപകരം, വാക്കുകളില്ല, ഇയാളെ ചന്ദ്രനിലേക്ക് നാടുകടത്തണം എന്തൊരു വൃത്തികേട് എന്നിങ്ങനെയായിരുന്നു റിയാസ് പങ്കുവച്ച കമന്റുകളിലെ പ്രതികരണങ്ങള്‍. കൃഷ്ണകുമാറിന്റെ വാക്കുകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. കൃഷ്ണകുമാറിനെ നിശിതമായ വിമര്‍ശിച്ച റിയാസ് സലീമിനെ അനുകൂലിച്ചും ധാരാളം പേര് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വിവാദത്തില്‍ കൃഷ്ണകുമാര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.