മോഷണശ്രമത്തിനിടെ മോഷ്ടാക്കള്‍ ജാര്‍ഖണ്ഡ് നടി റിയ കുമാരിയെ വെടിവെച്ചു കൊന്നുവെന്ന വാര്‍ത്ത, താരത്തിന്റെ ആരാധകരെയും ബന്ധുക്കളെയും ഏറെ ഞെട്ടിച്ചിരുന്നു. റിയയുടെ മരണത്തെക്കുറിച്ച് ആദ്യം വന്നിരുന്ന വാര്‍ത്ത കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ നിന്നു ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ് റിയ കുമാരി മരിച്ചു എന്നാണ്. എന്നാല്‍ സംഭവത്തില്‍ റിയയുടെ ഭര്‍ത്താവ് അറസ്റ്റിലായിരിക്കുകയാണ് എന്നുള്ള വാര്‍ത്തയാണ് പുറത്തത്തെുന്നത്.
സംഭവ സമയത്ത് സിനിമ നിര്‍മാതാവായ ഭര്‍ത്താവ് പ്രകാശ് കുമാര്‍, 3 വയസ്സുള്ള മകള്‍ എന്നിവരാണ് നടിക്കൊപ്പമുണ്ടായിരുന്നത്. റാഞ്ചിയില്‍ നിന്നു കൊല്‍ക്കത്തയിലേയ്ക്കു കാറില്‍ സഞ്ചരിക്കുന്നതിനിടെ ഇന്നലെ രാവിലെ 6ന് ഹൗറ ജില്ലയില്‍ ദേശീയപാതയിലായിരുന്നു സംഭവം നടക്കുന്നത്.
മഹിശ്രേഖ പാലത്തില്‍ കാര്‍ നിര്‍ത്തി പ്രകാശ് കുമാര്‍ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ സമയം നോക്കി മൂന്നംഗസംഘം ഓടിയെത്തി ആക്രമിക്കുകയും കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ റിയ കുമാരി ഇടപെടുന്നതിനിടെ അക്രമിസംഘം നടിയ്ക്ക് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെട്ടു. മുറിവേറ്റ റിയയെ കാറില്‍ കയറ്റി 3 കിലോമീറ്റര്‍ ഓടിച്ച പ്രകാശ് കുമാര്‍, നാട്ടുകാരുടെ സഹായത്തോടെ അവരെ ഉലുബേരിയയിലെ എസ്‌സിസി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാല്‍, പ്രകാശ് കുമാറിന്റെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് പൊലീസ് പറഞ്ഞു. പാലത്തിനു സമീപം മൂത്രമൊഴിക്കാന്‍ ഇറങ്ങിയെന്നാണു പ്രകാശ് പറയുന്നത്. കാര്‍ നിര്‍ത്തിയ സ്ഥലം ഇതിനു യോജിച്ചതായിരുന്നില്ല. കൃത്യമായി ഈ സ്ഥലത്ത് കവര്‍ച്ചക്കാര്‍ കാത്തുനിന്നതിലും ദുരൂഹതയുണ്ട്. ഇവര്‍ കാറിനെ പിന്‍തുടര്‍ന്നതായും സൂചനയില്ല. മൂന്നംഗ സംഘമാണ് ഇവരെ ആക്രമിച്ചത്.
ഒരുപാട് യാദൃച്ഛികതകള്‍ ഒരുമിച്ചു ചേര്‍ന്നപ്പോഴാണ് കുറ്റകൃത്യം നടന്നതെന്നും വിശ്വസിക്കാന്‍ പ്രയാസമാണെന്നും പൊലീസ് വിശദീകരിക്കുന്നു. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു കൂടുതല്‍ വ്യക്തത കിട്ടുമെന്നാണു കരുതുന്നത്. ഫൊറന്‍സിക് പരിശോധനയ്ക്കായി കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. റിയയുടെ ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കാര്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചെന്നും പൊലീസ് അറിയിച്ചു. ജാര്‍ഖണ്ഡിലെ പ്രാദേശിക ഭാഷയായ ഖോര്‍ത്തയിലുള്ള ഒട്ടേറെ ചിത്രങ്ങളില്‍ ഇഷ അല്‍യ എന്നപേരില്‍ അഭിനയിച്ച റിയ കുമാരി മ്യൂസിക് ആല്‍ബങ്ങളിലും അഭിനയിച്ചു.