കന്നഡയില്‍ നിന്നുമെത്തി വമ്പന്‍ ഹിറ്റായി മാറിയ ചിത്രമാണ് കാന്താര. റിഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ അദ്ദേഹം തന്നെ നായകനായി എത്തിയ ചിത്രം ബ്ലോക്ബസ്റ്റര്‍ ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. തുടര്‍ന്ന് സിനിമയുടെ പ്രീക്വല്‍, സീക്വല്‍ ചര്‍ച്ചകള്‍ നടക്കുന്നതായുള്ള വാര്‍ത്തകളും എത്തിയിരുന്നു.
ഇപ്പോഴിതാ സിനിമയുടെ പ്രീക്വലുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാതാവ് വിജയ് കിരഗണ്ഡൂരിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. കാന്താരയില്‍ പറയുന്ന പഞ്ചുരുളി ദൈവ എന്ന മിത്തിനെ അടിസ്ഥാനമാക്കി പ്രീക്വല്‍ ഒരുങ്ങുന്നതായാണ് നിര്‍മ്മാതാവ് വിജയ് കിരഗണ്ഡൂരിനെ ഉദ്ധരിച്ച് ഡെഡ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ രചന റിഷഭ് ഷെട്ടി ആരംഭിച്ചു എന്നും സഹ രചയിതാക്കള്‍ക്കൊപ്പം കഥയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ക്കായി അദ്ദേഹം വനത്തിലേക്ക് പോയിരിക്കുകയാണെന്നും വിജയ് കിരഗണ്ഡൂര്‍ പറഞ്ഞു.
ഷൂട്ട് ജൂണില്‍ തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചിത്രീകരണത്തിന്റെ ഒരു ഘട്ടം മഴക്കാലത്ത് നടത്തേണ്ടതായതുകൊണ്ടാണ് ജൂണ്‍ വരെ കാത്തിരിക്കുന്നത്.
2024 ഏപ്രിലില്‍മെയ് മാസത്തില്‍ ഒരു പാന്‍ ഇന്ത്യന്‍ റിലീസായി കാന്താര പ്രീക്വല്‍ ആലോചിക്കുന്നുവെന്നും കാന്താര വലിയ വിജയമായതുകൊണ്ട് തന്നെ ഒരു രണ്ടാം ഭാഗം പ്രേക്ഷക പ്രതീക്ഷ നല്‍കുന്നതാണെന്നും പുതിയ ചില കഥാപാത്രങ്ങളും കൂടി അണിചേരുമെന്നും വിജയ് കിരഗണ്ഡൂര്‍ കൂട്ടിച്ചേര്‍ത്തു.