അമ്മയുടെ പിറന്നാൾ ആഘോഷമാക്കി റിമി ടോമി; എന്നും അദ്ഭുതപ്പെടുത്തുന്ന മമ്മിക്ക് പിറന്നാൾ മംഗളങ്ങളെന്ന് മുക്ത!!

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി. തന്റെ ശബ്ദം കൊണ്ടെന്നത് പോലെ തന്നെ തമാശകൾ പറഞ്ഞ് ചിരിപ്പിച്ചും ആരാധകരെ കയ്യിലെടുക്കാൻ റിമി ടോമിയ്ക്ക് സാധിക്കും. പാട്ടുപാടിയും ഡാൻസുകളിച്ചും തമാശകൾ പറഞ്ഞുമൊക്കെ സദസിനെ കയ്യിലെടുക്കാനുള്ള റിമിയുടെ കഴിവ് മലയാളികൾക്കേറെ ഇഷ്ടവുമാണ്.

റിമി പാട്ടുപാടാൻ വേദിയിൽ എത്തിയാൽ പോലും നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. കാരണം ആ വേദിയെ എങ്ങനെ തന്നിലേക്ക് എത്തിക്കണം എന്ന് കൃത്യമായ ഒരു പ്ലാൻ റിമിക്ക് ഉണ്ട്. വലിയ പ്രഗത്ഭമതികൾ വേദിയിൽ ഉണ്ടെങ്കിലും പ്രേക്ഷകർക്ക് റിമിയുടെ സംസാരം കേൾക്കുമ്പോൾ ആണ് സന്തോഷം തോന്നുന്നത് എന്ന് പറഞ്ഞാൽ തെറ്റില്ല. റിമി ടോമി ശരിക്കും ഒരു പ്രചോദനമാണ്.

ചിരിയ്ക്കുന്ന റിമിയുടെ മുഖം നല്‍കുന്ന പോസിറ്റീവിറ്റി ഒന്ന് വേറെ തന്നെയാണ് എന്ന് ആരാധകര്‍ പറയുന്നത്. കരിയറിൽ റിമി ഇന്ന് നേടിയെടുത്ത നേട്ടങ്ങൾ ഏവർക്കും പ്രചോദനമാണ്. എപ്പോഴും രസകരമായി സംസാരിക്കുന്ന റിമിയെ മാത്രമേ പ്രേക്ഷകർ കണ്ടിട്ടുള്ളൂ. അപൂർവമായി മാത്രമേ റിമിടോമി ക്യാമറയ്ക്ക് മുന്നിൽ കരഞ്ഞിട്ടുള്ളൂ. മരിച്ച് പോയ പിതാവിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് റിമി നിയന്ത്രണം വിട്ട് കരഞ്ഞിട്ടുള്ളു.

ഇപ്പോഴിതാ അമ്മ റാണിയുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് റിമി ടോമി. വീട്ടുമുറ്റത്ത് സ്റ്റേജ് ഒരുക്കി അവിടെ വച്ചായിരുന്നു ലളിതമായ ആഘോഷം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും റാണിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്നു രംഗത്തെത്തി. ബേബി പിങ്ക്–അക്വ ബ്ലൂ തീമിലായിരുന്നു അലങ്കാരങ്ങൾ.

ചുവപ്പും പച്ചയും ഇടകലർന്ന ഫ്ലോറൽ സാരിയാണ് റാണി ധരിച്ചത്. ആഘോഷ ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. റിമിയുടെ സഹോദരങ്ങളായ റീനുവും റിങ്കുവും അമ്മയുടെ പിറന്നാളാഘോഷത്തിനുണ്ടായിരുന്നു. ‘മികച്ചൊരു മകനെ വളർത്തിയെടുത്തതിന് മമ്മിക്കു നന്ദി. ജീവിതത്തിൽ നിങ്ങളെ രണ്ടുപേരെയും ലഭിച്ചതിനു ദൈവത്തോടു നന്ദി പറയാൻ ഞാൻ കടപ്പെട്ടിരിക്കുന്നു.

എന്നും അദ്ഭുതപ്പെടുത്തുന്ന മമ്മിക്ക് പിറന്നാൾ മംഗളങ്ങൾ’ എന്നാണ് റിങ്കുവിന്റെ പങ്കാളിയും നടിയുമായ മുക്ത ആഘോഷചിത്രങ്ങൾ പങ്കിട്ട് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിയതാണ് റിമിയുടെ അമ്മ റാണി ടോമി. നൃത്തവിഡിയോകളും മറ്റുമായി റാണി ആസ്വാദകർക്കു മുന്നിലെത്താറുണ്ട്. കോവിഡ് കാലത്ത് ഓൺലൈനായിട്ടായിരുന്നു നൃത്തപരിശീലനം. അമ്മയുടെ വിശേഷങ്ങളെല്ലാം റിമി ടോമി പങ്കുവയ്ക്കുന്നതും പതിവാണ്.

റാണി ഇപ്പോഴും ഡാൻസ് പഠിക്കുന്നുണ്ട്. ലോക്ഡൗൺ കാലത്ത് മമ്മി കൂടുതൽ സമയവും പാട്ടും ഡാൻസും പരിശീലിക്കുകയാണെന്ന് റിമി ടോമി തന്നെ പറഞ്ഞിട്ടുമുണ്ട്. ഓൺലൈനായായിരുന്നു പരിശീലനം. കഴിഞ്ഞ വർഷത്തെ ഓണം സ്പെഷൽ വിഡിയോയിൽ റാണി അവതരിപ്പിച്ച നൃത്തം കയ്യടി നേടിയിരുന്നു. അടുത്തിടെ കോവിഡ് പ്രതിരോധ സന്ദേശം നൽകുന്ന പാട്ടിനൊപ്പം റാണി ചുവടുവച്ചു. അമ്മയുടെ പാട്ടിനെയും ഡാൻസിനെയും കുറിച്ചെല്ലാം റിമി പൊതു വേദികളിൽ ഉൾപ്പെടെ തുറന്നു പറഞ്ഞിട്ടുണ്ട്.

11 വര്‍ഷത്തെ വിവാഹ ജീവിതത്തിന് പിന്നാലെ റോയ്സുമായി ബന്ധം വേർപിരിഞ്ഞ റിമി ടോമി ഇന്ന് സംഗീത ലോകത്ത് മാത്രം ഒതുങ്ങാതെ സിനിമാ ലോകത്തെ നിറ സാന്നിധ്യമായി നിൽക്കുകയാണ്. ഇതിനിടെ റിമി വീണ്ടും വിവാഹിതയാകുന്നുവെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനെതിരെ നടി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടിരുന്നു.

സ്വന്തം യൂട്യൂബ് ചാനലിലൂടെ ഒരു പ്രത്യേക അറിയിപ്പുണ്ടെന്ന് പറഞ്ഞാണ് റിമി തന്നെ പറ്റി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കുള്ള വിശദീകരണവും നൽകിയത്. ‘എന്നെ പറ്റി വന്ന വാര്‍ത്തയില്‍ ചെറിയൊരു കാര്യമുണ്ടായിരുന്നു. അത് ഊതിപെരുപ്പിച്ചു എന്ന് പറയാം. അതല്ലാതെ ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചു എന്ന് പറയുകയും അവര്‍ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് കൊണ്ടുള്ള പോസ്റ്റുകളൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. ഇതൊക്കെ വളരെ മോശമാണെന്നല്ല പറയേണ്ടത്. ക്രൂരതയാണെന്ന് പറയണം.

എന്റെ കല്യാണമായെന്ന് പറഞ്ഞുള്ള രണ്ട് മൂന്ന് വീഡിയോ ഞാന്‍ കണ്ടിരുന്നു. ഇതൊക്കെ കുറേ ആളുകളെങ്കിലും വിശ്വസിച്ചേക്കും. രണ്ടാമതും വിവാഹം കഴിക്കുക എന്നത് മോശം കാര്യമൊന്നുമല്ല. ഞാനിനി കല്യാണമേ കഴിക്കുന്നില്ലെന്നും പറഞ്ഞിട്ടില്ല. പക്ഷേ കല്യാണം കഴിക്കാതെ അങ്ങനെ ചെയ്തു എന്ന് പറയേണ്ടതില്ലല്ലോ.

കുറച്ചെങ്കിലും സത്യമുള്ള കാര്യങ്ങള്‍ വേണം കൊടുക്കാന്‍. ഞാന്‍ രണ്ടാമതും വിവാഹം കഴിക്കാന്‍ പോവുകയാണെങ്കില്‍ ആദ്യം തന്നെ നിങ്ങളോട് പറയുന്നത് ഞാനായിരിക്കും. അങ്ങനൊരു സംശയം ഉണ്ടെങ്കില്‍ എന്നോട് നേരിട്ട് ചോദിക്കാമല്ലോ. എല്ലാ കാര്യങ്ങളും എന്റെ യൂട്യൂബ് ചാനലിലൂടെ ഇനി പങ്കുവെക്കുന്നതായിരിക്കും എന്നായിരുന്നു റിമി പറഞ്ഞത്.

Athira A :