‘ജാഡയോണല്ലോ ചേച്ചി’, ‘മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറിന്റെ തനി സ്വരൂപം’ പങ്കുവെച്ച് റിമ കല്ലിങ്കൽ; വൈറലായി വീഡിയോ

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോഴിതാ നടി റിമ കല്ലിങ്കൽ പങ്കുവച്ച മഞ്ജു വാര്യരുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറിന്റെ തനി സ്വരൂപം’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോയാണ് വൈറലാകുന്നത്. ‘രണ്ട് കാഴ്ചപ്പാടുകൾ, ഒരു സത്യം’ എന്ന കുറിപ്പും ചേർത്താണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു ഹോട്ടലിലെ ഹാളിന് സമീപം ഫോണിൽ സംസാരിച്ചു നിൽക്കുന്ന മഞ്ജു വാര്യരെയാണ് റിമ പങ്കുവച്ച വീഡിയോയിൽ കാണുന്നത്. ഈ സമയത്ത് നടൻ വിശാഖ് നായരും നടി ഗായത്രി അശോകും മൊബൈൽ ക്യാമറയും മൈക്കുമായി നടിയുടെ അടുത്തേയ്ക്കു ചെല്ലുന്നതും സിനിമയെ കുറിച്ചും മറ്റും ചില ചോദ്യങ്ങൾ ചോദിക്കുന്നതും കേൾക്കാം.

‘തിരക്കുണ്ട്, എയർപോർട്ടിൽ എത്തേണ്ടതുണ്ട്’ എന്ന് പറഞ്ഞ് ഒഴിവായിപ്പോകാൻ ശ്രമിക്കുന്ന മഞ്ജുവിനോട് ‘ജാഡയോണല്ലോ ചേച്ചി’ എന്ന് പ്രകോപനപരമായി അവർ ചോദിക്കുന്നു. ഇതാണ് വീഡിയോയുടെ ആദ്യ ഭാഗത്തുള്ളത്. പിന്നാലെ മഞ്ജുവിന്റെ ആംഗിളിൽ നിന്നുള്ള ദൃശ്യവും കാണാനാകും.മഞ്ജുവിനടുത്തേക്ക് ക്യാമറയും മൈക്കുമായി കടന്നു കയറുന്നതും, സ്വകാര്യതയെ മാനിക്കാതെ പെരുമാറുന്നതുമെല്ലാം ഈ ദൃശ്യങ്ങളിലുണ്ട്.

‘ഫൂട്ടേജ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു സ്‌പെഷ്യൽ വീഡിയോയാണിത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ് വിശാഖ് നായരും നടി ഗായത്രി അശോകും. ഓഗസ്റ്റ് 2ന് ആണ് സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ഫൂട്ടേജ് റിലീസ് ചെയ്യുന്നത്. ഫൗണ്ട് ഫൂട്ടേജ് ഴോണറിലാണ് ചിത്രം എത്തുന്നത്.

കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനായ വ്യക്തിയാണ് സൈജു ശ്രീധരൻ. അദ്ദേഹത്തിന്റെ ആദ്യം സംവിധാന ചിത്രമാണ് ഫൂട്ടേജ്. സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ആണ് സിനിമ അവതരിപ്പിക്കുന്നത്.

അതേസമയം, അഭിനയത്തിനപ്പുറം തന്റെതായ വിനോദങ്ങൾ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജു. യാത്രകളും ഡ്രൈവിംങുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് താരം. അതോടൊപ്പം കരിയറിലെ തിരക്കുകളിലും ആണ് നടി. മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്.

ഇതുവരെ പുറത്തിറങ്ങിയ അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. തമിഴിൽ രജനീകാന്ത് ചിത്രം വേട്ടയാൻ, മിസ്റ്റർ എക്‌സ്, വിടുതലൈ പാർട്ട് 2 എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയിലുള്ളത്. ചിത്രത്തിൽ രജനികാന്തിന്റെ കൂടെ മുഴുനീള കഥാപാത്രമായി തന്നെ മഞ്ജു എത്തുന്നുണ്ട്.

മലയാളത്തിൽ സൂപ്പർഹിറ്റായിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരൻ ഉൾപ്പെടെയുള്ള സിനിമകളും പുറത്തിറങ്ങാനുണ്ട്. ബോളവുഡിൽ അമ്രികി പണ്ഡിറ്റ് എന്ന സിനിമയും തയ്യാറാകുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. മഞ്ജുവിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Vijayasree Vijayasree :