സ്വപ്നം പോലും കാണാൻ പറ്റാത്ത വീടാണ് ഒരുങ്ങുന്നത്, ഇത്രയും വലിയ വീടാണോ നമ്മുക്ക് കിട്ടാൻ പോകുന്നതെന്ന് കണ്ട് ശരിക്കും ഞെട്ടി; രേണു

മിനിസ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും തനിച്ചാക്കിയാണ് സുധി ലോകത്തു നിന്ന് പോയത്. സുധിയുടെ മരണത്തിന് പിന്നാലെ ജീവിതം ബുദ്ധിമുട്ടിലായ തന്നെ ലക്ഷ്മി നക്ഷത്ര അടക്കമുള്ളവർ സഹായിക്കാറുണ്ടെന്ന് രേണു തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്തിടെ സുധിയുടെ ഒന്നാം ചരമ വാർഷിക ചടങ്ങുകൾ നടന്നിരുന്നു.

സ്വന്തമായൊരു വീട് എന്ന് ആ​ഗ്രഹം ബാക്കിയാക്കിയാണ് സുധി വിടപറഞ്ഞത്. താരത്തിന്റെ വിയോഗത്തിന് പിന്നാലെ ഭാര്യയ്ക്കും മക്കൾക്കും കഴിയാൻ വീട് വെച്ച് നൽകുമെന്ന് വ്യക്തമാക്കി കേരള ഹോം ഡിസൈൻസ് എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇതേ കുറിച്ചുള്ള വിശേഷങ്ങളെല്ലാം പ്രേക്ഷകർ തിരക്കാറുമുണ്ടായിരുന്നു.

ഇപ്പോഴിതാ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് രേണു. തന്നെ സംബന്ധിച്ച് സ്വപ്നം പോലും കാണാൻ പറ്റാത്ത വീടാണ് ഒരുങ്ങുന്നതെന്ന് രേണു പറഞ്ഞു. വീട് പണി നന്നായിട്ട് പോകുന്നു. കെഎച്ച്ഡിസിയാണ് വീട് പണി ചെയ്യുന്നത്. ഫിറോസിക്കയെന്നയാളാണ്, അദ്ദേഹമാണ് ചെയ്ത് തരുന്നത്. വീട് കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. ഇത്രയും വലിയ വീടാണോ നമ്മുക്ക് കിട്ടാൻ പോകുന്നതെന്ന് കണ്ട് ശരിക്കും ഞെട്ടി.

നമ്മുടെ മനസിൽ ഒരു വീടുണ്ടല്ലോ, അതിലും വലിയ വീടാണ് പണിയുന്നത്. എന്നെ സംബന്ധിച്ച് സ്വപ്നം കാണാൻ പറ്റാത്ത വീടാണ് അവര് തരുന്നത്. വീടിന് വേണ്ടി ചെയ്തവരോടൊക്കെ നന്ദി മാത്രമേ ഉള്ളൂ. വേഗം തന്നെ വീട് പൂർത്തിയാക്കി തരുമെന്നാണ് ഫിറോസിക്ക നൽകിയ ഉറപ്പ് എന്നും രേണു പറയുന്നു.

സിനിമയിൽ നിന്ന് ഒരുപാട് അവസരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഒരു ചെറിയ ആൽബം ചെയ്തിരുന്നു. അതിന് ശേഷം നേത്ര കാസ്റ്റിന്റെ ഒരു ചേട്ടൻ വിളിച്ചിട്ട് പുതുമുഖങ്ങളെ വെച്ചൊരു സിനിമ ചെയ്യുന്നുണ്ട്. ആ സിനിമയിടെ ടൈറ്റിൽ ഷൂട്ട് ചെയ്തിരുന്നു. എനിക്ക് അതിൽ ഒരു റോൾ ഉണ്ട്. ഷൂട്ടിങ്ങും കാര്യങ്ങളുമൊക്കെ കുറച്ച് നാൾ കഴിഞ്ഞേ ഉണ്ടാകൂ. സിനിമയിൽ അവസരം ലഭിച്ചുവെന്നത് സംബന്ധിച്ച് വാർത്ത വന്നപ്പോൾ അതിന് താഴെ ചില കമന്റ് കണ്ടു, ഇവൾ എങ്ങാനും ഇനി സിനിമ നടി ആകുമോയെന്ന്.

സത്യത്തിൽ എനിക്ക് അങ്ങനെയൊന്നും ആഗ്രഹമില്ല. സുധിച്ചേട്ടന്റെ അനുഗ്രഹം കൊണ്ട് ആരേലും ഇങ്ങോട്ട് വന്നൊരു റോൾ ചെയ്യണമെന്നൊക്കെ പറഞ്ഞാൽ ചെയ്യും. അല്ലാതെ സിനിമ നടിയായി പോകണമെന്നൊന്നും ആഗ്രഹമില്ല. ജോലി കിട്ടണമെന്ന് ആഗ്രഹമുണ്ട്. വീടല്ലാതെ സുധിയേട്ടന്റെ സ്വപ്നം മക്കളെ നന്നായി പഠിപ്പിക്കണമെന്നായിരുന്നു. കിച്ചുവിനെ സംബന്ധിച്ച് അവന് ആനിമേഷനൊക്കെയാണ് ഇഷ്ടം. അവൻ വലിയ കുട്ടിയായി അവന്റെ ഇഷ്ടവുമായി പോകുന്നു.

റിതുലിനെ പൈലറ്റ് ആക്കണമെന്നായിരുന്നു സുധിച്ചേട്ടന്റെ ആഗ്രഹം. അച്ഛന്റെ ആഗ്രഹം ഇതായിരുന്നുവെന്ന് ഞാൻ പറഞ്ഞുകൊടുക്കാറുണ്ട്. അവനെ അങ്ങനെയൊക്കെ ആക്കിയെടുക്കണമെങ്കിൽ ഞാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരും. ജോലി കിട്ടണം. പാർട്ടി പറഞ്ഞിരുന്നു, പക്ഷെ എംപ്ലോയ്മെന്റ് വഴിയെ ജോലി കിട്ടുകയുള്ളൂ, ഇലക്ഷനൊക്കെ കഴിഞ്ഞല്ലോ, ഇനി ജോലിക്കാര്യങ്ങളൊക്കെ നോക്കണം.

നെഗറ്റീവ് കമന്റുകളെ ഞാൻ കാര്യമാക്കുന്നില്ല. ചിരി വരുമ്പോൾ ഞാൻ ചിരിക്കും. എന്ന് വെച്ച് എനിക്ക് ദുഃഖമില്ലെന്നല്ല അതിനർത്ഥം. സുധിച്ചേട്ടനെ മിസ് ചെയ്യുന്നില്ലെന്നല്ല അതിനർത്ഥമെന്നും മരേണു പറഞ്ഞു. മാത്രമല്ല, സുധി മരിച്ചതിന് പിന്നാലെ ബിനു അടിമാലി വീട് സന്ദർശിച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ഉയർന്നിരുന്നത്. ഇതേ കുറിച്ചും രേണു പറയുന്നു.

മരിക്കുന്നതിന് തൊട്ട് മുൻപ് ബിനു ചേട്ടനും സുധിച്ചേട്ടനും സംസാരിക്കുമ്പോൾ ഞാൻ ഫോൺ വിളിച്ചിരുന്നു. ബിനുച്ചേട്ടനോടും ഞാൻ സംസാരിച്ചിരുന്നു. അന്നവർ വീട് വെയ്ക്കുന്നതിനെ കുറിച്ചൊക്കെയായിരുന്നു സംസാരിച്ചത്. ആളുകൾ പല രീതിയിലും കമന്റ് ഇടും. അവരുടെ സൗഹൃദത്തെ കുറിച്ച് ഞങ്ങൾക്ക് വ്യക്തമായി അറിയാം. സുധിച്ചേട്ടന്റെ മരണശേഷം എന്നെ കാണാൻ വരികയും എന്നെ വിളിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട് എന്നും രേണു പറഞ്ഞു.

Vijayasree Vijayasree :