മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്റ്റേജ് പരിപാടി കഴിഞ്ഞ് കാറിൽ യാത്ര ചെയ്ത ഉണ്ടായ അപകടത്തിലാണ് സുധി മരണപ്പെടുന്നത്. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്.
രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. കഴിഞ്ഞ ദിവസം ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്റ്റാര്‍ മാജിക്കിന്റെ ഡയറക്ടറായിരുന്ന അനൂപ് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. കൊല്ലം സുധിയുടെ മരണശേഷം രേണുവിന് ജോലി ശരിയാക്കി നൽകിയിരുന്നെന്നും എന്നാൽ വേണ്ടെന്ന് പറഞ്ഞത് രേണു തന്നെയാണെന്നും അനൂപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ എന്തുകൊണ്ടാണ് ആ ജോലി നിരസിച്ചത് എന്നതിനു ഉത്തരമേകുകയാണ് രേണു.
പഠിക്കുന്ന സമയത്ത് താൻ ഹ്യുമാനിറ്റീസ് ആയിരുന്നു എടുത്തതെന്നും എന്നാൽ അവർ പറഞ്ഞ ജോലി അക്കൗണ്ടന്റായിട്ടായിരുന്നു എന്നും രേണു പറഞ്ഞു. പക്ഷേ തനിക്ക് ഹരിക്കാൻ പോലും മര്യാദയ്ക്ക് അറിയില്ല. കൂട്ടാൻ അറിയാം. എന്നാൽ ഹരിക്കാനും മറ്റുമൊന്നും അറിയാത്ത താൻ ആ ജോലി ഏറ്റെടുത്താൽ അതിനു ഫിറ്റല്ലെന്ന് തനിക്കു തോന്നിയെന്നും താൻ എങ്ങനെയാ അതു ചെയ്യുകയെന്നും രേണു കൂട്ടിച്ചേർത്തു.