മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്റ്റേജ് പരിപാടി കഴിഞ്ഞ് കാറിൽ യാത്ര ചെയ്ത ഉണ്ടായ അപകടത്തിലാണ് സുധി മരണപ്പെടുന്നത്. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്.
ഇതിനോടകം നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക്ക് വീഡിയോകളിലും രേണു അഭിനയിച്ച് കഴിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം രേണു നടത്തിയ പുതിയ ഫോട്ടോഷൂട്ട് വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. പീച്ച് നിറത്തിലുള്ള സ്കേർട്ടും ഗോൾഡൺ ബ്രൊക്കേഡിലുള്ള ബ്ലൗസും അണിഞ്ഞ് ഗ്ലാമറസായാണ് രേണു പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്.
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ എഡ്ഡി ജോണാണ് ഈ വിഷു സ്പെഷ്യൽ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ശക്തയായ സ്ത്രീയുടെ അടയാളം ആറ്റിറ്റ്യൂഡ് അല്ല നിലപാടാണെന്ന് പറഞ്ഞാണ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ രേണുവിനെ വിമർശിക്കുന്നവരുടെയും പരിഹസിക്കുന്നവരുടേയും കമന്റുകൾ ചിത്രങ്ങൾക്ക് താഴെ വന്നിട്ടുണ്ട്.
ഇത്രയേറെ ഗ്ലാമറസായി ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത് വിധവയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ സ്ത്രീക്ക് ചേർന്നതല്ലെന്ന തരത്തിലായിരുന്നു വന്ന വിമർശനങ്ങൾ ഏറെയും. ഇപ്പോഴിതാ രേണുവിന് എതിരെ സോളാർ കേസ്, സ്വർണക്കടത്ത് കേസ് എന്നിവയിലൂടെ വാർത്തകളിൽ ഒരു സമയത്ത് നിറഞ്ഞ് നിന്നിരുന്ന സ്വപ്ന സുരേഷും രംഗത്ത് എത്തിയിരിക്കുകയാണ്.
തന്റെ പുതിയ ഗ്ലാമറസ് ഫോട്ടോയിൽ വിഷു ആശംസകൾ കുറിച്ച് ഒരു പോസ്റ്റ് രേണു പങ്കുവെച്ചിരുന്നു. ആ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് സ്വപ്ന സുരേഷിന്റെ കുറിപ്പ്. വിധവയായ ഒരേയൊരു സ്ത്രീ രേണു മാത്രമല്ലെന്നും ദയവായി തങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കൂ എന്നുമാണ് സ്വപ്ന സുരേഷ് കുറിച്ചത്. ഇതാണോ 2025ലെ പുതിയ വിഷു?.
ദയവായി ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആൺകുട്ടികൾ അങ്ങനെ പറയുന്നു… എന്റെ പൊക്കിൾ കാണിച്ചാൽ അമ്മ എന്നെ കൊല്ലുമെന്ന്. കഷ്ടം… ദയവായി മറ്റ് ചില ബദലുകൾ കണ്ടെത്തൂ. വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല. നിങ്ങളുടെ മണ്ടത്തരം വിൽക്കരുത്. ഭഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ കൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയില്ലെന്നുമാണ് സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ കുറിച്ചത്.
മറ്റ് ചിലരും കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്റെ പൊന്നുചേച്ചി നെഗറ്റീവ് ആണെന്ന് വിചാരിക്കരുത്, ഭർത്താവ് മരിച്ചു പോയ ഒരു സ്ത്രീയെ മറ്റൊരു സ്ത്രീ താഴ്ത്തുകയുമല്ല. കൊല്ലം സുധിയെ ഒരുപാട് ആളുകൾക്ക് ഇഷ്ടമാണ് ആ ഒരു ഇഷ്ടം ചേച്ചിയോടുമുണ്ട് പക്ഷെ പക്വത കുറവുകൊണ്ട് അത് ഇല്ലാതാക്കരുത്.
രണ്ട് മക്കളുടെ അമ്മ ആയതുകൊണ്ട് പക്വത ഉണ്ടാവണമെന്നില്ല അനുഭവങ്ങളിൽ നിന്നും ഉണ്ടാവേണ്ടതാണ് അത്. ഒന്നുമില്ലേലും രണ്ട് ആൺമക്കൾ അല്ലെ വളർന്നു വരുന്നത് നാളെ അവർ തള്ളി പറയുന്ന ഒരു അവസ്ഥ ഉണ്ടാവരുത് .!പിന്നെ ചെയ്തതും ചെയ്യുന്നതും ഒകെ വെറുതെ ആകും എന്നാണ് ഒരു കമന്റ്.
ഇതിപ്പോ ഉടുക്കാൻ മറന്നുപോയതാണോ, അതോ ഉടുത്തത് അഴിഞ്ഞു പോയത് ആണോ, ഇനീപ്പോ ഉടുക്കാൻ ഇഷ്ടം ഇല്യാഞ്ഞിട്ടാണോ.. ഒന്നും അങ്ങട് മനസ്സിലാകുന്നില്യ. ഒന്നുറപ്പാണ് കൊല്ലം സുധിയോട് ആളുകൾക്ക് ഒരിഷ്ടം ഉണ്ടായിരുന്നു. അത് കൂടി ഇല്യാണ്ടാകും. ഇവർ എപ്പോഴും പറയുന്നുണ്ടല്ലോ പ്രായപൂർത്തി ആയൊരു മകൻ ഉണ്ടെന്ന്.
അഭിമാനം ഉള്ള ഒരു മക്കളും അമ്മയെ ഉത്തരം വേഷത്തിലും ഭാവത്തിലും കാണാൻ ഇഷ്ടപ്പെടുന്നില്ല. അവന് പരിമിതികൾ ഉള്ളത് കൊണ്ട് മാത്രം ആ പാവം ഒന്നും മിണ്ടാതെ ഇരിക്കുന്നത് ആകാം. രേണു നീ കാണിച്ചു കൂട്ടുന്നതിനൊക്കെ ഒരു പ്രതിഫലം തീർച്ചയായും നിന്നെ കാത്തിരിക്കുന്നുണ്ട്. അന്ന് നിന്നെ തലയിൽ വച്ചവരൊക്കെ തറയിൽ അടിക്കും. നോക്കിക്കോ എന്നാണ് മറ്റൊരാളുടെ കമന്റ്. സ്വന്തം ശരീരം പ്രദർശിപ്പിച്ചുകൊണ്ടു മാത്രമല്ല സ്ട്രോങ്ങ് വുമൺ ആവേണ്ടതെന്നും ചിലർ പറയുന്നു.
നേരത്തെ, രേണു തനിയ്ക്കെതിരെ വരുന്ന കമന്റുകൾക്കെതിരെയും രംഗത്തെത്തിയിരുന്നു. എന്നെ കമന്റ്സിൽ വന്ന് പലരും തെറി വിളിക്കുന്നുണ്ട്. അത് എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യമാണ്. എനിക്ക് കെട്ട്യോൻ ഇല്ലാത്തതുകൊണ്ടാണ് ഇവരൊക്കെ പച്ചയ്ക്ക് എന്നെ തെറി വിളിക്കുന്നതെന്ന് എനിക്ക് അറിയാം. എനിക്ക് ഉത്തരവാദിത്വപ്പെട്ട ആരുമില്ലെന്ന് കരുതിയാണ് ഇവർ ഇങ്ങനെ ചീത്ത വിളിക്കുന്നത്. ഇവരിൽ ഒരാളെ എങ്കിലും ഞാൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് രേണു പറഞ്ഞു. ബിക്കിനി ഷൂട്ട് ചെയ്യുന്നവർ നമുക്ക് ഇടയിലുണ്ടല്ലോ. പ്രധാനപ്പെട്ട ആളുകളൊക്കെ ചെയ്യാറില്ലേ?. അവരോട് ആരോടും ഇല്ലാത്ത പ്രശ്നമാണ് എന്നോട് ഇവർ തീർക്കുന്നത്.
ബിക്കിനി ഷൂട്ട് ചെയ്യുന്നവരെ മലയാളികൾ ഒരും കമന്റിലൂടെ ഒന്നും പറയുന്നില്ലല്ലോ. ബിക്കിനി ഫോട്ടോഷൂട്ട് തെറ്റാണെന്നല്ല ഞാൻ പറയുന്നത്. എന്ത് ഇടണം, എന്ത് ഇടേണ്ട എന്നത് അവനവന്റെ ഇഷ്ടമാണ്. ഞാൻ ഒരു റീൽ ചെയ്യുന്നത് ഇത്ര വലിയ പാദകമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. നെഗറ്റീവ് കമന്റ് എനിക്ക് കുഴപ്പമില്ല. പക്ഷെ തെറിയാണ് പലരും വിളിക്കുന്നത്. ഏത് സോങ്ങിന് റീൽ ചെയ്യണമെന്ന് ഞാൻ അല്ലേ തീരുമാനിക്കുന്നത്.
റീൽ ചെയ്യുന്നത് മക്കളെ പോറ്റാനാണോ?. എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഞാൻ പ്രൊഫഷണൽ ആർട്ടിസ്റ്റാണ്. നാടകത്തിൽ ഞാൻ അഭിനയിക്കുന്നത് അത് എന്റെ പ്രൊഫഷനായതുകൊണ്ടാണ്. മക്കളെ പോറ്റാൻ വേണ്ടിയാണ്. വയറിൽ പിടിക്കുന്നത് അഭിനയത്തിന്റെ ഭാഗമാണ് അല്ലാതെ ജീവിതമല്ല. ഇന്റിമേറ്റ് സീനിൽ അഭിനയിക്കേണ്ടി വന്നാൽ ഞാൻ അഭിനയിക്കും.
കാരണം ഞാൻ ഒരു ആർട്ടിസ്റ്റാണ്. അതും എനിക്ക് കംഫേർട്ടാണെങ്കിൽ മാത്രം. ഒരു ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട്. അതിനുള്ളിൽ നിന്നാണ് അഭിനയിക്കുന്നത്. അതുപോലെ ബോഡി ഷെയ്മിങ് കമന്റിടുന്നവരോട്… അവർ ചിലപ്പോൾ ഐശ്വര്യ റായി ആയിരിക്കും. എനിക്ക് ദൈവം തന്നത് ഇങ്ങനെയാണ്. മുഖം പ്ലാസ്റ്റിക്ക് സർജറി ചെയ്യാൻ എനിക്ക് നിർവാഹമില്ല. അതുകൊണ്ട് തന്നെ അത്തരം കമന്റുകൾ ഞാൻ വിട്ടു എന്നും രേണു പറയുന്നു.
റീൽ കണ്ടശേഷമുള്ള മൂത്ത മകൻ കിച്ചുവിന്റെ പ്രതികരണത്തെ കുറിച്ചും രേണു വെളിപ്പെടുത്തി. കിച്ചു കൊല്ലത്താണ് പഠിക്കുന്നത്. അതുകൊണ്ട് ഇവിടെ ഞങ്ങളുടെ ഒപ്പമില്ല. ദാസേട്ടൻ കോഴിക്കോടിനൊപ്പം റീൽ വീഡിയോ ചെയ്തിട്ടുണ്ടെന്നും അത് ഉടനെ പുറത്ത് വരുമെന്നും അവനോട് ഞാൻ പറഞ്ഞിരുന്നു. അത് കേട്ട് ഓക്കെ അമ്മ എന്ന് മാത്രമാണ് അവൻ പറഞ്ഞത്. അവന് പ്രത്യേകിച്ച് ഒരു പ്രശ്നവും അതിലില്ല. ഇളയമകനേയും ഞാൻ റീൽ വീഡിയോ കാണിച്ചിരുന്നു.
അമ്മയെപ്പോലെയുണ്ടല്ലോ എന്നാണ് അവൻ പറഞ്ഞത്. കിച്ചു ഇത് കണ്ടാൽ എന്ത് ചെയ്യും എന്നൊക്കെ കമന്റ് കണ്ടു. അവൻ എന്ത് ചെയ്യാനാണ്. അവന് ഒരു കുഴപ്പവുമില്ല. കിച്ചു എന്നും എന്നെ വിളിച്ച് സംസാരിക്കും. അവന് ഈ ലോകത്ത് ജീവനോടെ ഇരിക്കുന്ന ഒരു അമ്മയേയുള്ളു അത് ഞാനാണ്.
അവന് അറിയാം ഞാൻ ആരാണെന്ന്. എനിക്ക് അറിയാം അവൻ ആരാണെന്നും. ഞങ്ങൾ തമ്മിലുള്ള ബന്ധം ആർക്കും തകർക്കാൻ പറ്റില്ല. ഞങ്ങൾ അമ്മയും മകനും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ പരിചയമില്ലാത്തവർ ഇടുന്ന കമന്റ് ഞങ്ങളെ ബാധിക്കില്ല. മക്കൾ വീഡിയോ കണ്ടാൽ എന്ത് ചെയ്യാനാണ്?. അവര് കാണും നല്ലതാണേൽ നല്ലതാണെന്ന് പറയും. കോൺട്രവേഴ്സി അവൻ മൈന്റ് പോലും ചെയ്യാറില്ലെന്നും രേണു പറഞ്ഞു.
എന്ത് ചെയ്താലും വിധവ എന്ന് പറഞ്ഞ് വിമർശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് രേണു പറയുന്നു. ഇത് അവസാനിപ്പിക്കാൻ ഉള്ള വഴി ഒന്നെങ്കിൽ തന്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുക എന്നതാണ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്ത്ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കാരണം.
ശരിക്കും മടുത്തിട്ട് തന്നെയാണ് സ്‌റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാൻ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്. പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടൻ മരിച്ചതു കൊണ്ടല്ലേ ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കിൽ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോൾ പിന്നെ ഈ പേര് അങ്ങ് തീർന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാൻ എന്നാണ് മുമ്പ് ചോദിച്ചത്.
അഞ്ച് വർഷത്തെ ദാമ്പത്യമായിരുന്നു ഞാനും സുധി ചേട്ടനും തമ്മിൽ. പണ്ട് സുധി ചേട്ടൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഞാൻ അറിയുന്നത് സ്റ്റാർ മാജിക്കിൽ അദ്ദേഹം പങ്കുവെച്ചപ്പോൾ മാത്രമാണ്. കാരണം ഞാൻ വിഷമിക്കുമെന്ന് ഓർത്ത് ഒന്നും പറയാറില്ലായിരുന്നു. സുധി ചേട്ടനുള്ളപ്പോഴും ഞാൻ റീൽസ് ചെയ്യുമായിരുന്നു. ഇളയവൻ ഇടയ്ക്കിടെ സുധി ചേട്ടനെ കുറിച്ച് ചോദിക്കും. സുധി അച്ഛൻ ഇനി എഴുന്നേൽക്കില്ലേ അമ്മേയെന്ന് അടുത്തിടെ അവൻ ചോദിച്ചിരുന്നു.
അതുപോലെ സുധി ചേട്ടനെ കുറിച്ച് പറയരുത് വിഷമം വരുമെന്ന് അവൻ പറയാറുണ്ട്. നമ്മൾ കരയുന്നത് കാണുമ്പോൾ ഞാൻ തന്നെയാണ് അമ്മേ സുധിയച്ഛൻ എന്നൊക്കെ പറയും. കിച്ചുവിനും റിതുലിനും പരസ്പരം ഭയങ്കര സ്നേഹമാണ്. കിച്ചുവിന്റെ കയ്യിലാണ് ഇളയകുഞ്ഞ് എപ്പോഴും. അച്ഛന്റേയും ചേട്ടന്റേയും സ്നേഹം കിച്ചു റിതുലിന് കൊടുക്കുന്നുണ്ട് എന്നാണ് രേണു പറഞ്ഞത്.
സുധിയില്ലാത്ത ജീവിതവുമായി പൊരുത്തപ്പെട്ട് വരികയാണെന്നും മക്കൾക്ക് വേണ്ടിയാണ് തന്റെ ഇനിയുള്ള ജീവിതമെന്നും രേണു പറഞ്ഞിരുന്നു. പൊരുത്തപ്പെട്ട് തുടങ്ങിയല്ലേ പറ്റൂ, അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെന്നേയുള്ളൂ. ആത്മാവെന്നൊരു സത്യം എന്റെ കൂടെ തന്നെയുണ്ടാകും. കരഞ്ഞുകൊണ്ട് ഇരുന്നാൽ അത് എനിക്കും കുഞ്ഞുങ്ങൾക്കുമെല്ലാം നെഗറ്റീവ് ഉണ്ടാക്കും എന്നുമാണ് രേണു അടുത്തിടെ പറഞ്ഞത്. എന്റെ ഈ അവസ്ഥ വരുന്നവർക്ക് മാത്രമേ അത് മനസ്സിലാവൂ എന്നും രേണു പറഞ്ഞിരുന്നു.