സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി അടുത്തിടെയും രേണുവിനെതിരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.
സ്റ്റാർമാജിക് അവതാരകയായ ലക്ഷ്മി നക്ഷത്ര സാമ്പത്തികമായി സുധിയുടെ കുടുംബത്തെ സഹായിച്ചിരുന്നു. കൊല്ലം സുധി മരിച്ച ശേഷം ലക്ഷ്മി നക്ഷത്ര തന്റെ യൂട്യൂബ് ചാനലിൽ നിരവധി തവണ രേണുവിനെയും മക്കളെയും കൊണ്ടുവന്നിരുന്നു. എന്നാൽ ഇത് സ്വന്തം യൂട്യൂബിന്റെ റീച്ച് കൂട്ടാനുള്ള ലക്ഷ്മി നക്ഷത്രയുടെ തന്ത്രമാണെന്ന് പറഞ്ഞ് വലിയ വിമർശനങ്ങളും അക്കാലത്ത് സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. സുധിയുടെ മണമുള്ള പെർഫ്യൂം പ്രത്യേകമായി നിർമ്മിച്ച് രേണുവിന് സമ്മാനിച്ചതും വലിയ വിവാദമായിരുന്നു. ഇക്കാര്യത്തിൽ സ്റ്റാർമാജിക്കിലെ സഹതാരങ്ങളും ലക്ഷ്മി നക്ഷത്രയെ തള്ളിപ്പറഞ്ഞിരുന്നു.
ഇതൊക്കെയാണെങ്കിലും രണ്ടു പേരും ആ വിമർശനങ്ങളൊക്കെ തള്ളിക്കളഞ്ഞാണ് മുന്നോട്ട് പോയിരുന്നത്. ലക്ഷ്മി നക്ഷത്രയുടെ നല്ല മനസിനെ പിന്തുണച്ചും നിരവധി പേർ രംഗത്തുവന്നു.ആരുമില്ലാത്ത സമയത്ത് ഞങ്ങളെ ചേർത്തു നിർത്തിയത് ലക്ഷ്മി നക്ഷത്രയാണെന്ന് ഇതിനകം പല തവണ രേണു സുധി വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിൽ സ്റ്റാർ മാജിക് എന്ന പരിപാടി ഉണ്ടായിരുന്ന കാലത്തോളം എല്ലാ മാസവും ഒരു തുക ലക്ഷ്മി നക്ഷത്ര തങ്ങൾക്കു നൽകാറുണ്ടായിരുന്നു. ഇക്കാര്യം പല അഭിമുഖങ്ങളിലും രേണു ആവർത്തിച്ചിട്ടുണ്ട്. ലക്ഷ്മി നക്ഷത്ര നടത്തുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമം ആണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും രേണു വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തകാലത്ത് റീൽസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും സമൂഹ മാധ്യമങ്ങളിൽ രേണു സുധി വൈറലായിരുന്നു. അഭിനയിക്കാനാണ് തനിക്കിഷ്ടം എന്ന് വ്യക്തമാക്കിയാണ് രേണു സുധി മറ്റു ജോലികളിലേക്കു പോകാതെ അഭിനയ രംഗത്തേക്കു വന്നത്. ഇപ്പോൾ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചും ഫോട്ടോ ഷൂട്ടുമൊക്കെയായി രേണു സുധി തിരക്കിലാണ്. സുധിയുടെ വസ്ത്രധാരണത്തിനെതിരെയും ഫോട്ടോ ഷൂട്ടിനെതിരെയും വലിയ വിമർശനങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയരാറുണ്ട്. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് രേണു മുന്നോട്ടുപോകുന്നത്.
അതിനിടെ ലക്ഷ്മി നക്ഷത്രയുമായി പഴയ സൗഹൃദം ഇല്ലെന്ന തരത്തിൽ നിരവധി ഓൺലൈൻ ചാനലുകളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇക്കാര്യത്തിൽ വ്യക്തമായ ഒരു മറുപടി പറയാൻ ഇരുവരും തയാറായിട്ടില്ല. തങ്ങൾ ഇപ്പോഴും പരസ്പരം മെസേജ് അയക്കാറുണ്ടെന്നും തിരക്കായത് കൊണ്ടാണ് നേരിട്ട് കാണാൻ പറ്റാത്തത് എന്നും രേണു സുധി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തിരക്ക് കാരണമാണ് ലക്ഷ്മി നക്ഷത്ര തന്റെ വീട്ടിലേക്കു വരാത്തതെന്ന് രേണു വ്യക്തമാക്കുമ്പോഴും ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന മട്ടിൽ അഭ്യൂഹങ്ങളും പരന്നിരുന്നു.
അടുത്തിടെ നൽകിയ അഭിമുഖത്തിലും രേണു ലക്ഷ്മി നക്ഷത്രയേ കുറിച് പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിന്റെ മാർക്കറ്റിങ്ങിന്റെ ഭാഗമായിട്ടല്ലേ ലക്ഷ്മി നക്ഷത്ര, രേണുവിനെ വച്ച് പുതിയ വീഡിയോകൾ ചെയ്യുന്നതെന്നായിരുന്നു അവതാരകയുടെ ചോദ്യം. മാർക്കറ്റ് ചെയ്യുകയായിരുന്നു എന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ആരും ഇല്ലാതിരുന്ന സമയത്താണ് ആ കുട്ടി ഒരു വരുമാനം നൽകിയതെന്നും രേണു സുധി മറുപടി പറഞ്ഞു. സ്റ്റാർ മാജിക് പരിപാടി ഉണ്ടായിരുന്ന കാലത്തോളം ഒരു വരുമാനം എനിക്ക് തന്നിട്ടുണ്ട്. ഞാനത് സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല എന്നും രേണു സുധി കൂട്ടിച്ചേർത്തു.
ലക്ഷ്മി ഇപ്പോഴും കൊല്ലം സുധിയുടെ പെങ്ങളൂട്ടി തന്നെയാണെന്നാണ് രേണു പറയുന്നത്. നേരത്തെ ലക്ഷ്മി നക്ഷത്ര രേണുവിനും കുടുംബത്തിനും എല്ലാ മാസവും ഒരു തുക നൽകുമെന്ന് പറഞ്ഞിരുന്നു. സ്റ്റാർ മാജിക് ഉണ്ടായിരുന്നിടത്തോളം ലക്ഷ്മി പണം നൽകിയിരുന്നുവെന്നാണ് രേണു പറയുന്നത്.
”സ്റ്റാർ മാജിക് ഉണ്ടായിരുന്നിടത്തോളം ഉണ്ടായിരുന്നു. നമ്മുടെ കൂടെ തന്നെയുണ്ടായിരുന്നു. ആരുമില്ലാതിരുന്ന സമയത്ത്, എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു.” എന്നാണ് രേണു പറയുന്നത്. അതേസമയം, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായെന്നും താരം പറയുന്നുണ്ട്. സുധിലയത്തിലേക്ക് ലക്ഷ്മി നക്ഷത്ര വന്നിരുന്നുവോ എന്ന് ചോദിച്ചപ്പോൾ വീടിന്റെ പണി നടക്കുമ്പോൾ വന്നിരുന്നു. പിന്നീട് വന്നിട്ടില്ലെന്നാണ് രേണു പറയുന്നത്. ലക്ഷ്മി തിരക്കിലാകും. ഞാനും തിരക്കിലാണ്. മെസേജ് അയക്കാറുണ്ടെന്നും രേണു വ്യക്തമാക്കുന്നുണ്ട്.
തന്നെക്കുറിച്ച് സംസാരിക്കുന്ന ലക്ഷ്മിയുടെ വീഡിയോയെക്കുറിച്ചും രേണു സംസാരിക്കുന്നുണ്ട്. ”വീഡിയോ കണ്ടിരുന്നു. പറയുന്നത് സത്യമല്ലേ. അവരായി, അവരുടെ ജീവിതമായി. അവർക്ക് ഇഷ്ടമുള്ളത് കൊണ്ടല്ലേ അഭിനയിക്കുന്നത്. അങ്ങനെ ചെയ്യട്ടേ എന്നാണ് പറഞ്ഞത്. അത് നല്ല കാര്യമല്ലേ. കമന്റോളികൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല. ലക്ഷ്മി പറഞ്ഞത് ഞാൻ പോസിറ്റിവായിട്ടാണ് എടുത്തത്. അവർ അത് എങ്ങനെയാണ് എടുക്കുന്നതെന്ന് എനിക്കറിയില്ല. അവർ എങ്ങനെ വേണമെങ്കിലും എടുത്തോട്ടെ.” എന്നാണ് രേണു പറയുന്നത്.
രേണു സുധി അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ എന്നാണ് പറഞ്ഞത്. ഷിയാസ് കരീമിന്റെ വീഡിയോയും കണ്ടിരുന്നു. അതിലും പറയുന്നത് രേണു ചേച്ചി അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ എന്നാണ്. ഇതൊക്കെ ഞാൻ കാണുന്നുണ്ട്. കാണാതിരിക്കുന്നൊന്നുമില്ലെന്നും രേണു പറയുന്നത്. വീട്ടിലേക്ക് വരാത്തതിൽ വിഷമമുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നൽകുന്നുണ്ട്.
”വീട്ടിലേക്ക് വരാത്തതിൽ വിഷമമുണ്ടോ എന്ന് ചോദിച്ചാൽ നമ്മൾ ആഗ്രഹിക്കുന്നത് പോലെ എല്ലാവരുടേയും തിരക്കുകൾ മാറ്റി വെക്കാൻ പറ്റില്ല” എന്നാണ് രേണു നൽകിയ മറുപടി. പിന്നാലെ രേണുവും ലക്ഷ്മിയും പിരിഞ്ഞുവെന്ന് ആളുകൾ പറയുന്നുണ്ടെന്ന് അവതാരക ചൂണ്ടിക്കാണിക്കുകയാണ്. എന്നാൽ എന്തിനാണ് അങ്ങനെ പറയുന്നത്. എന്തിനാണ് പിരിയുന്നത്? ലക്ഷ്മി എനിക്ക് ഉപകാരമേ ചെയ്തിട്ടുള്ളൂ. ഞാൻ എന്തിനാണ് വഴക്ക് പിടിക്കുന്നതും പിണങ്ങുന്നതും? എന്നാണ് രേണു ചോദിക്കുന്നത്.
പിരിയാൻ ഞങ്ങൾ കാമുകി കാമുകന്മാരല്ല. പിണങ്ങിയിട്ടുമില്ല. ആ കുട്ടി തിരക്കിലാണ്. ഞാനും തിരക്കിലാണ്. അത്രയേയുള്ളൂ. തിരക്ക് കഴിയുമ്പോൾ വരുമെന്നാണ് അറിയിച്ചത്. വരും. ഇടയ്ക്ക് മെസേജ് അയക്കാറുണ്ട്. വല്ലപ്പോഴും വിളിക്കാറുണ്ട്. ഞാൻ വിളിച്ചാൽ എടുക്കുകയും ചെയ്യുമെന്നും രേണു പറയുന്നുണ്ട്.
അതേസമയം, നേരത്തെ, കൊല്ലം സുധിയേയും അദ്ദേഹത്തിന്റെ കുടുംബത്തെയും വിറ്റ് കാശാക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളാണ് ലക്ഷ്മിക്കെതിരെ വന്നിരുന്നത്. നടനും മിമിക്രി താരവുമായ സാജു നവോദയ അടക്കമുള്ളവർ ലക്ഷ്മിയുടെ നടപടിയെ വിമർശിച്ചിരുന്നു. സുധിയുടെ കുടുംബത്തെ സഹായിക്കാൻ വീഡിയോ ചെയ്ത് കാണിക്കേണ്ടതില്ലെന്നായിരുന്നു സാജു പറഞ്ഞത്. ലക്ഷ്മി നക്ഷത്രയുടെ വിഷയത്തിൽ സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്കും അങ്ങനെ തോന്നും. സുധിയുടെ കാര്യത്തിന് ഞാൻ, രാജേഷ് പറവൂർ തുടങ്ങിയവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.
പക്ഷെ ഞങ്ങൾക്കാർക്കും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല. ജനങ്ങളിലേയ്ക്ക് ചീത്ത കേൾക്കാൻ പാകത്തതിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്ന് തന്നയെ ഞാൻ പറയൂ. ചെയ്തിട്ടുള്ളതുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നത്. അല്ലെങ്കിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുകയെന്നാണ് സാജു നവോദയ പറഞ്ഞിരുന്നത്.
പിന്നാലെ സൈബർ ആക്രമണം രൂക്ഷമാകുകയും പ്രതികരണവുമായി ലക്ഷ്മി നക്ഷത്ര തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി പറയാൻ ഒരുപാട് ആളുകളുണ്ടാകും എന്നാണ് ലക്ഷ്മി പറയുന്നത്. നമ്മൾ എന്ത് നല്ലത് ചെയ്താലും അതിനെ കുറ്റപ്പെടുത്തുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. അവരെ ഞാൻ ഗൗനിക്കുന്നില്ല. എനിക്ക് അദ്ദേഹത്തിന്റെ വീട്ടുകാരെയും അദ്ദേഹത്തെയും എന്റെ വീട്ടുകാരെയും എന്റെ മനഃസാക്ഷിയെയെയും മാത്രം നോക്കിയാൽ മതി. എനിക്കെതിരെ മോശം പറഞ്ഞവർ എന്താണ് ചെയ്തത് എന്ന് വിലയിരുത്തട്ടെ എന്ന് ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേർത്തു. തന്റെ പ്രവൃത്തിയിൽ ഒരുപാട് ആത്മസംതൃപ്തിയുണ്ട് എന്നും അവർ വ്യക്തമാക്കിയിരുന്നു.