അവൻ അധികം സംസാരിക്കാത്ത ആളാണ്. സുധിച്ചേട്ടനുള്ളപ്പോൾ സുധി ചേട്ടനോടാണ് കൂടുതൽ സംസാരിക്കുക. ഇപ്പോൾ എന്നോടും. ഓരോരുത്തർക്ക് ആ സ്വഭാവമല്ലേ; രേണു

മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്റ്റേജ് പരിപാടി കഴിഞ്ഞ് കാറിൽ യാത്ര ചെയ്ത ഉണ്ടായ അപകടത്തിലാണ് സുധി മരണപ്പെടുന്നത്. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്.

രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. കഴിഞ്ഞ ദിവസം ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താൻ ആൽബങ്ങളിലും മറ്റ് അഭിനയിക്കുന്നത് കുടുംബത്തോട് പറഞ്ഞതിന് ശേഷമാണ് എന്ന് പറയുകയാണ് രേണു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് രേണഉ മനസ് തുറന്നത്.

കുട്ടികൾക്ക് അതൊന്നും വിഷയമല്ല. കുഞ്ഞിന് അതൊന്നും അറിയില്ല. മൂത്ത മോൻ അതൊന്നും മൈൻഡ് പോലും ചെയ്യില്ല. അമ്മ എന്തിനാണ് ഈ കമന്റൊക്കെ വായിക്കുന്നത് എന്ന് നേരത്തെ ചോദിച്ചിട്ടുണ്ട്. വേറെ പണിയില്ലേ, അമ്മയ്ക്ക് എന്നെ അറിയാം, എനിക്ക് അമ്മയേയും അറിയാം. അവൻ അധികം സംസാരിക്കാത്ത ആളാണ്. സുധിച്ചേട്ടനുള്ളപ്പോൾ സുധി ചേട്ടനോടാണ് കൂടുതൽ സംസാരിക്കുക. ഇപ്പോൾ എന്നോടും. ഓരോരുത്തർക്ക് ആ സ്വഭാവമല്ലേ.

ആ കുട്ടിക്ക് ആ ഒരു സ്വഭാവമാണ്. അവന്റെ മുഖം വിഷമത്തിൽ ഇരിക്കുന്നു, ഞാൻ ഏതാണ്ട് ചെയ്തു എന്നൊക്കെയാണ് പറയുന്നത്. എനിക്ക് അറിയില്ല. അവൻ 20 വയസുള്ള ഒരു കുട്ടിയാണ്. അത്രയും വലിയ ഒരു കുട്ടി എന്നെ ഇപ്പോഴും അമ്മയായിട്ട് അംഗീകരിക്കണമെങ്കിൽ ഞാൻ എങ്ങനെയായിരിക്കും അവന്റെയടുത്ത് നിൽക്കുന്നത്. 12-ാമത്തെ വയസിൽ എന്നെ അമ്മ എന്ന് വിളിച്ചവനാണ് അവൻ. ഇന്നും അമ്മ എന്ന് തന്നെയാണ് അവൻ വിളിക്കുന്നത്. അതിനകത്ത് ഒരു സത്യമില്ലേ. അതുകൊണ്ട് ഞാനീ കമന്റ് കണ്ട് ടെൻഷനടിക്കുന്നത് എന്തിനാണ്.

എല്ലാം അവനെ അറിയിച്ച് തന്നെയാണ് ഞാൻ ചെയ്യുന്നത്. വീട്ടുകാർ എനിക്ക് ഫുൾ സപ്പോർട്ടാണ്. ദാസേട്ടനുമായുള്ള വീഡിയോയ്ക്കും മനുവുമായുള്ള വീഡിയോയ്ക്കും എല്ലാം പ്രൊജക്ട് വരുമ്പോൾ എനിക്ക് അറിയിക്കേണ്ടത് ഇവരോട് മാത്രമാണ്. എനിക്ക് നാട്ടുകാരെയൊന്നും ബോധിപ്പിക്കേണ്ട കാര്യമില്ല. എന്റെ അമ്മ സോഷ്യൽ മീഡിയയിൽ ആക്ടീവല്ല, നോക്കാറുമില്ല. അമ്മ കാണിച്ചാൽ കാണും. അവരുടെ അടുത്ത് ഇപ്പോഴും കീ പാഡ് സെറ്റാണ്. പപ്പ, ചേച്ചി, ചേച്ചിയുടെ ഹസ്ബന്റ്. ഈ നാല് പേരോട് ഞാൻ പറയും. അവർ ഓക്കെയാണെ. അവർ ഫുൾ സപ്പോർട്ട് ആണ്. അതുപോലെ കിച്ചു. അവൻ ഇതൊന്നും മൈൻഡ് ചെയ്യാറേയില്ല.

ഒരിക്കൽ ഒരുത്തൻ കമന്റിട്ടു നിങ്ങളുടെ വീഡിയോയ്ക്ക് അവൻ ലൈക്കിടുന്നില്ലല്ലോ എന്ന്. ഞങ്ങൾ റീൽ കണ്ട് ലൈക്ക് ചെയ്തിട്ടുള്ള ബന്ധമല്ല. ഞാൻ അവന്റെ അമ്മയാണ്, എന്റെ മോനാണ് അവൻ. അവൻ ലൈക്ക് ചെയ്യാൻ വേണ്ടി ഞാനൊന്നും അയച്ച് കൊടുക്കാറില്ല. ഇതിന് മുൻപ് ഞാൻ അവനോട് പറയും എടാ ഒരു ഷൂട്ട് വരുന്നുണ്ട് ഞാൻ പോയി ചെയ്യും എന്ന്. അവൻ ഓക്കെ പറയും.

ഇത്രേ ഉള്ളൂ. പിന്നെ എനിക്ക് ബോധിപ്പിക്കേണ്ട ഒരാൾ കൂടിയുണ്ട്. സുധിച്ചേട്ടന്റെ ചേട്ടന്റെ വൈഫ്. ഏടത്തിയുടെ അടുത്ത് കാര്യം പറയും. ഒരു ഷൂട്ട് വരുന്നുണ്ട് അത് ചിലപ്പോൾ നാളെ കല്യാണം കഴിഞ്ഞു എന്ന് തന്നെയായിരിക്കും വരിക. നമുക്ക് അറിയില്ലല്ലോ. രേണുവിനോട് കംഫർട്ട് ഉള്ളത് ചെയ്യുക എന്നാണ് ഏടത്തിയും പറയുക. ഇത്ര പേരെയാണ് എനിക്ക് ബോധിപ്പിക്കേണ്ട കാര്യമുള്ളൂ. ബാക്കിയാരേയും ബോധിപ്പിക്കേണ്ട കാര്യമില്ല എന്നും രേണു പറഞ്ഞു.

റീൽ കണ്ടശേഷമുള്ള മൂത്ത മകൻ കിച്ചുവിന്റെ പ്രതികരണത്തെ കുറിച്ചും രേണു വെളിപ്പെടുത്തി. കിച്ചു കൊല്ലത്താണ് പഠിക്കുന്നത്. അതുകൊണ്ട് ഇവിടെ ഞങ്ങളുടെ ഒപ്പമില്ല. ദാസേട്ടൻ കോഴിക്കോടിനൊപ്പം റീൽ വീഡിയോ ചെയ്തിട്ടുണ്ടെന്നും അത് ഉടനെ പുറത്ത് വരുമെന്നും അവനോട് ഞാൻ പറഞ്ഞിരുന്നു. അത് കേട്ട് ഓക്കെ അമ്മ എന്ന് മാത്രമാണ് അവൻ പറഞ്ഞത്. അവന് പ്രത്യേകിച്ച് ഒരു പ്രശ്നവും അതിലില്ല. ഇളയമകനേയും ഞാൻ റീൽ വീഡിയോ കാണിച്ചിരുന്നു.

അമ്മയെപ്പോലെയുണ്ടല്ലോ എന്നാണ് അവൻ പറഞ്ഞത്. കിച്ചു ഇത് കണ്ടാൽ എന്ത് ചെയ്യും എന്നൊക്കെ കമന്റ് കണ്ടു. അവൻ എന്ത് ചെയ്യാനാണ്. അവന് ഒരു കുഴപ്പവുമില്ല. കിച്ചു എന്നും എന്നെ വിളിച്ച് സംസാരിക്കും. അവന് ഈ ലോകത്ത് ജീവനോടെ ഇരിക്കുന്ന ഒരു അമ്മയേയുള്ളു അത് ഞാനാണ്.

അവന് അറിയാം ഞാൻ ആരാണെന്ന്. എനിക്ക് അറിയാം അവൻ ആരാണെന്നും. ഞങ്ങൾ തമ്മിലുള്ള ബന്ധം ആർക്കും തകർക്കാൻ പറ്റില്ല. ഞങ്ങൾ അമ്മയും മകനും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ പരിചയമില്ലാത്തവർ ഇടുന്ന കമന്റ് ഞങ്ങളെ ബാധിക്കില്ല. മക്കൾ വീഡിയോ കണ്ടാൽ എന്ത് ചെയ്യാനാണ്?. അവര് കാണും നല്ലതാണേൽ നല്ലതാണെന്ന് പറയും. കോൺട്രവേഴ്സി അവൻ മൈന്റ് പോലും ചെയ്യാറില്ലെന്നും രേണു പറഞ്ഞു.

എന്ത് ചെയ്താലും വിധവ എന്ന് പറഞ്ഞ് വിമർശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് രേണു പറയുന്നു. ഇത് അവസാനിപ്പിക്കാൻ ഉള്ള വഴി ഒന്നെങ്കിൽ തന്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുക എന്നതാണ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. ഒന്നിനും ഞാൻ ഇല്ല. എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല.

വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്ത്ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കരണം. ശരിക്കും മടുത്തിട്ട് തന്നെയാണ് സ്‌റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാൻ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്. പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടൻ മരിച്ചതു കൊണ്ടല്ലേ ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കിൽ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോൾ പിന്നെ ഈ പേര് അങ്ങ് തീർന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാൻ എന്നാണ് മുമ്പ് ചോദിച്ചത്.

അ‍ഞ്ച് വർഷത്തെ ദാമ്പത്യമായിരുന്നു ഞാനും സുധി ചേട്ടനും തമ്മിൽ. പണ്ട് സുധി ചേട്ടൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഞാൻ അറിയുന്നത് സ്റ്റാർ മാജിക്കിൽ അദ്ദേഹം പങ്കുവെച്ചപ്പോൾ മാത്രമാണ്. കാരണം ഞാൻ വിഷമിക്കുമെന്ന് ഓർത്ത് ഒന്നും പറയാറില്ലായിരുന്നു. സുധി ചേട്ടന്റെ ആണ്ടിന് കുറച്ചുപേരെ മാത്രമെ വിളിച്ചിരുന്നുള്ളു. കിച്ചു ചടങ്ങിൽ പങ്കെടുക്കാതിരുന്നത് അവൻ ഇവിടെ ഇല്ലാത്തതുകൊണ്ടാണ്.‍

സുധി ചേട്ടൻ ഹിന്ദുവാണ്. ഞാൻ ക്രിസ്ത്യനാണ്. എന്നെ വിവാഹം ചെയ്ത് ഇവിടെ താമസമാക്കിയ ശേഷം സുധി ചേട്ടൻ എനിക്കൊപ്പം പള്ളിയിലാണ് പോയികൊണ്ടിരുന്നത്. പക്ഷെ മതമൊന്നും മാറിയിട്ടില്ല. ഹിന്ദു തന്നെയാണ് സർട്ടിഫിക്കറ്റിൽ. ചേട്ടനെ ക്രിസ്ത്യൻ രീതിയിലാണ് അടക്കിയത്. അതുപോലെ ചരമ വാർഷികത്തിന്റെ ഭാഗമായി സുധി ചേട്ടന്റെ കൊല്ലത്തെ വീട്ടിലും ചില ചടങ്ങുകൾ ഉണ്ടായിരുന്നു.

മൂത്ത മകൻ വേണമല്ലോ ബലിയിടാൻ. അതുകൊണ്ട് അവൻ കൊല്ലത്ത് വേണം. അതിന് വേണ്ടി കിച്ചു സുധി ചേട്ടന്റെ കൊല്ലത്തെ വീട്ടിലാണുള്ളത്. അല്ലാതെ ഞങ്ങളും അവനും തമ്മിൽ പിണക്കമൊന്നുമില്ല. ഞങ്ങൾ വീഡിയോ കോൾ ചെയ്ത് സംസാരിച്ചിരുന്നു. സുധി ചേട്ടന്റെ മരണത്തിനുശേഷം ഇനി ഇവൾ സുധിയുടെ മകനെ നോക്കുമോ എന്നുള്ള തരത്തിൽ കമന്റ്സ് വന്നിരുന്നു. അവന് പത്തൊമ്പത് വയസുണ്ട്. അവൻ ഇനി എന്നെയാണ് നോക്കേണ്ടത്.

പതിനൊന്ന് വയസുള്ളപ്പോൾ കിച്ചുവിനെ എന്റെ കയ്യിൽ കിട്ടിയതാണ്. ഞാൻ അവനെ പൊന്നുപോലെയാണ് നോക്കിയത്. ഇപ്പോഴും അവൻ എന്നെ അമ്മേയെന്നാണ് വിളിക്കുന്നത്. അവൻ ഇപ്പോൾ പഠനത്തിന്റെ തിരക്കിലാണ്. കൊല്ലത്ത് നിന്നാണ് അവൻ പഠിക്കുന്നത്. സിംപതിക്ക് വേണ്ടിയല്ല ഞാൻ റീൽസ് ചെയ്യുന്നത്. സുധി ചേട്ടനുള്ളപ്പോഴും ഞാൻ റീൽസ് ചെയ്യുമായിരുന്നു.

ഇളയവൻ ഇടയ്ക്കിടെ സുധി ചേട്ടനെ കുറിച്ച് ചോദിക്കും. സുധി അച്ഛൻ ഇനി എഴുന്നേൽക്കില്ലേ അമ്മേയെന്ന് അടുത്തിടെ അവൻ ചോദിച്ചിരുന്നു. അതുപോലെ സുധി ചേട്ടനെ കുറിച്ച് പറയരുത് വിഷമം വരുമെന്ന് അവൻ പറയാറുണ്ട്. നമ്മൾ കരയുന്നത് കാണുമ്പോൾ ഞാൻ തന്നെയാണ് അമ്മേ സുധിയച്ഛൻ‌ എന്നൊക്കെ പറയും. കിച്ചുവിനും റിതുലിനും പരസ്പരം ഭയങ്കര സ്നേഹമാണ്. കിച്ചുവിന്റെ കയ്യിലാണ് ഇളയകുഞ്ഞ് എപ്പോഴും. അച്ഛന്റേയും ചേട്ടന്റേയും സ്നേഹം കിച്ചു റിതുലിന് കൊടുക്കുന്നുണ്ട് എന്നാണ് രേണു പറഞ്ഞത്.

സുധിയില്ലാത്ത ജീവിതവുമായി പൊരുത്തപ്പെട്ട് വരികയാണെന്നും മക്കൾക്ക് വേണ്ടിയാണ് തന്റെ ഇനിയുള്ള ജീവിതമെന്നും രേണു പറഞ്ഞിരുന്നു. പൊരുത്തപ്പെട്ട് തുടങ്ങിയല്ലേ പറ്റൂ, അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെന്നേയുള്ളൂ. ആത്മാവെന്നൊരു സത്യം എന്റെ കൂടെ തന്നെയുണ്ടാകും. കരഞ്ഞുകൊണ്ട് ഇരുന്നാൽ അത് എനിക്കും കുഞ്ഞുങ്ങൾക്കുമെല്ലാം നെഗറ്റീവ് ഉണ്ടാക്കും എന്നുമാണ് രേണു അടുത്തിടെ പറഞ്ഞത്. എന്റെ ഈ അവസ്ഥ വരുന്നവർക്ക് മാത്രമേ അത് മനസ്സിലാവൂ.

ജീവന് തുല്യം സ്‌നേഹിച്ച ഭർത്താവ് മരിച്ചെന്നത് ഞാൻ അക്‌സെപ്റ്റ് ചെയ്തില്ലെങ്കിൽ എനിക്ക് തന്നെ ചിലപ്പോൾ ഭ്രാന്തായി പോകുമായിരുന്നു. മക്കൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ. അതിൽ നിന്ന് പുറത്തു കടക്കാൻ എന്തെങ്കിലും ഒക്കെ ചെയ്യണം. ഏട്ടൻ മരിച്ച സമയത്ത് ഒരുപാട് പേർ സഹായിച്ചിരുന്നു. പക്ഷെ എല്ലാവരുടെയും സഹായം എല്ലാ കാലത്തും കിട്ടണം എന്നില്ലല്ലോ. എനിക്ക് ഇപ്പോൾ ഒരു ജോലിയാണ് ആവശ്യം’. ‘റേഷൻ കടയിൽ നിന്ന് അരിയും മറ്റു സാധനങ്ങളും കിട്ടുന്നതുകൊണ്ട് അങ്ങനെ പോകുന്നു. ഒരു ജോലി നേടിയെടുക്കണം എന്നാണ് ഇപ്പോൾ’, എന്നും രേണു പറഞ്ഞിരുന്നു.

Vijayasree Vijayasree :