നിലപാടുകള്‍ പറയുമ്പോള്‍ നഷ്ടങ്ങളുണ്ടാവാം, ഇവിടെ ഇതുവരെ നടന്നു വന്നിട്ടുള്ളത് ആണ്‍കോയ്മ; പല കാരണങ്ങള്‍ കൊണ്ടും മലയാള സിനിമയില്‍ നിന്നും അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ടെന്ന് രമ്യ നമ്പീശന്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് നടി രമ്യ നമ്പീശന്‍. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. എന്നാല്‍ ഇപ്പോഴിതാ ‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

നിലപാടുകള്‍ പറയുമ്പോള്‍ നഷ്ടങ്ങളുണ്ടാവാമെന്നാണ് നടി പറയുന്നത്. ‘നടന്മാരെ കേന്ദ്രീകരിച്ചു തന്നെയാണ് ഇപ്പോഴും സിനിമ നടക്കുന്നത്. തുല്യവേതനം എന്ന അവസ്ഥയിലേക്ക് നമ്മുടെ സിനിമയും ഇന്‍ഡസ്ട്രിയും വളരണമെന്നാണ് തന്റെ ആഗ്രഹം. ഒരുപാട് പിറകിലേക്ക് പോകേണ്ട ഒരു കാര്യമാണിത്.

ആണ്‍കോയ്മയാണ് ഇവിടെ ഇതുവരെ നടന്നുവന്നിട്ടുള്ളത്. ഒരു സ്ത്രീ സിനിമ പറയുന്നു എന്ന് കേള്‍ക്കുമ്പോള്‍ വേറെന്തോ ഭാവമാണ് അത്തരം സിനിമകള്‍ ഒന്ന് കാണുകയും കേള്‍ക്കുകയും ചെയ്ത് നോക്കൂ അത് കേള്‍ക്കുന്നതിനും മുന്നേയുള്ള വിധി പ്രസ്താവനയിലേക്കാണ് പോകുന്നത്’. അതുതന്നെ ആദ്യം മാറണം.

‘പല സാഹചര്യങ്ങള്‍കൊണ്ടും സിനിമയില്ലാത്ത അവസരമുണ്ടായിരുന്നു. അതിന് 24 മണിക്കൂറും വീട്ടിലിരുന്ന് കരയുന്നയാളല്ല ഞാന്‍. ചില സാഹചര്യങ്ങളില്‍ നിലപാടുകളെടുക്കുമ്പോള്‍ നമ്മുടെ ഇന്‍ഡസ്ട്രിക്ക് ഒരു പ്രത്യേക സ്വഭാവമുള്ളതുകൊണ്ടും നമുക്ക് പല കാര്യങ്ങളും നഷ്ടപ്പെടാം. അതിനെ ഭയങ്കര വൈകാരികമായി കാണുന്നതിനേക്കാള്‍ കൂടുതല്‍ വളരെ അഭിമാനത്തോടുകൂടിയാണ് ഞാന്‍ കാണുന്നത്’, എന്നും രമ്യ പറഞ്ഞു.

അതേസമയം, ശ്രുതി ശരണ്യം സംവിധാനം ചെയ്യുന്ന ‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രമാണ് രമ്യയുടെ അടുത്ത ഇറങ്ങാനിരിക്കുന്ന ചിത്രം. കേരള സ്‌റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പാണ്.

ശ്രുതി ശരണ്യം, ഇന്ദു വി ആര്‍, വി.എസ്.സനോജ്, അരുണ്‍ ജെ.മോഹന്‍, എന്നിവരാണ് നാല് ചിത്രങ്ങള്‍ ഒരുക്കുന്നത്. ‘ബി 32 മുതല്‍ 44’ വരെ എന്ന സിനിമയുടെ അണിയറ സംഘത്തില്‍ മുപ്പതോളം വനിതകളാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. സ്ത്രീകളുടെ വീക്ഷണത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.

Vijayasree Vijayasree :