തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രക്ഷിത് ഷെട്ടി. അദ്ദേഹത്തിന്റേതായി പുറത്തെത്തിയ ‘സപ്തസാഗര ദാച്ചേ എല്ലോ സൈഡ് എ’ എന്ന ചിത്രം ഹിറ്റ് ആയിരുന്നു. സൈഡ് എ, സൈഡ് ബി, എന്നിങ്ങനെയാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചത്. ഇതില്‍ സൈഡ് എ സെപ്റ്റംബര്‍ ഒന്നിന് തിയറ്ററുകളില്‍ എത്തി. ആഴ്ചകള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് എത്തുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയ രക്ഷിത് ഷെട്ടി മലയാള സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘മലയാള സിനിമകളില്‍ ഏറ്റവും മികച്ചത് എഴുത്തുകാരാണ്. ഇവിടെ മലയാളത്തില്‍ നല്ല എഴുത്തുകാര്‍ ഉണ്ട്. എഴുത്തും സിനിമ എടുക്കുന്ന രീതികളും എല്ലാം വ്യത്യസ്തമാണ്. കുറഞ്ഞ സമയം കൊണ്ട് ഒരു പാട് നല്ല സിനിമകള്‍ മലയാളത്തില്‍ സംഭവിക്കുന്നുണ്ട്. ഇപ്പോള്‍ മലയാള സിനിമകള്‍ ലോകം മുഴുവന്‍ ശ്രദ്ധ നേടുന്നുണ്ട്. പണ്ടൊക്കെ മലയാള സിനിമയെ കുറിച്ച് അറിവില്ലാത്തവര്‍ പോലും ഇന്ന് മലയാള സിനിമ കാണുന്നുണ്ട്.
എന്റെ സുഹൃത്തുക്കളില്‍ പലരും ഇന്ന് മലയാള സിനിമയുടെ ആരാധകരാണ്. മലയാള സിനിമയെ പറ്റി എന്നേക്കാള്‍ അവര്‍ക്ക് നല്ല ധാരണയുണ്ട്. അവര്‍ മലയാളത്തില്‍ കാണാത്ത സിനിമകള്‍ ഇല്ലെന്ന് തന്നെ പറയാം. ഇന്റര്‍നെറ്റിലൂടെയാണ് അവരൊക്കെ സിനിമകള്‍ കാണുന്നത്. ഇത്തരം സിനിമകള്‍ ലോകത്തുള്ള എല്ലാവരും സ്വീകരിക്കപ്പെടുന്നത് നല്ല കാര്യമാണ്.
എനിക്ക് മലയാളത്തില്‍ നിന്നും കുറച്ച് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ അതൊന്നും എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. കാരണം എനിക്ക് സംവിധാനം ചെയ്യാന്‍ ആഗ്രഹമുള്ള കുറച്ച് സിനിമകള്‍ ഉണ്ട്. അതൊക്കെ ചെയ്യണം, ആ സിനിമകള്‍ സംവിധാനം ചെയ്ത് കഴിഞ്ഞാല്‍ മാത്രമേ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തെ പറ്റി ഇനി ചിന്തിക്കുകയുള്ളു.
ഒരു മലയാളം സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ ആ സിനിമയില്‍ പൃഥ്വിരാജ് ആകും നായകന്‍. ഇപ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ചാര്‍ളിയിലൂടെയും ഈ സിനിമയിലൂടെയും പരിചയമുണ്ട്. എനിക്ക് മലയാളത്തില്‍ നിവിനെയും അറിയാം. അവരെയാകാം ഞാന്‍ ചൂസ് ചെയ്യുന്നത്. ഞാന്‍ മലയാളത്തില്‍ മോഹന്‍ലാല്‍ സാറിന്റെ ഫാനാണ് എന്നും രക്ഷിത് ഷെട്ടി പറഞ്ഞു.