ഫസ്റ്റ് റണ്ണറപ്പ് എന്ന നിലയിൽ പലരും അഭിനന്ദിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മുടെ കൂടെ ഉണ്ടായിരുന്ന ആളുകൾ തന്നെ ഞാൻ അർഹയല്ല എന്ന് പറഞ്ഞത് വേദനിപ്പിച്ചു; റെനീഷ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ആദ്യ എപ്പിസോഡ് തൊട്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ മത്സരാര്‍ത്ഥിയാണ് റെനീഷ റഹ്‌മാന്‍. കലാശപ്പോരില്‍ അഖില്‍ മാരാരിനോട് പരാജയപ്പെട്ടെങ്കിലും ഫസ്റ്റ് റണ്ണറപ്പ് എന്ന നേട്ടം കരസ്ഥമാക്കിയാണ് റെനീഷ മടങ്ങിയത്.സീത കല്യാണം എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നേ സുപരിചിതയാണ് താരം. ഈ സീസണിൽ ഹൗസിലേക്ക് പ്രവേശിച്ച ആദ്യ മത്സരാർത്ഥിയും റെനീഷ ആയിരുന്നു. തുടക്കം മുതൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടാനും റെനീഷയ്ക്ക് സാധിച്ചു. ഫിസിക്കൽ ടാസ്കുകളിലും പെർഫോമൻസ് ടാസ്കുകളിലും എല്ലാം തിളങ്ങിയ റെനീഷ അതിവേഗം ആരാധകരെ സ്വന്തമാക്കി.

എന്നാൽ ഇടയ്ക്ക് വച്ച് ഹൗസിനുള്ളിലെ സൗഹൃദങ്ങൾ റെനീഷയ്ക്ക് തിരിച്ചടിയായി. കൂടുതൽ ശ്രദ്ധ സൗഹൃദത്തിലായതോടെ ആരാധകരുടെ പിന്തുണ കുറഞ്ഞു. പക്ഷേ അവസാന ആഴ്ചകളിൽ ഗെയിമിലേക്ക് തിരിച്ചു വന്ന റെനീഷയ്ക്ക് വീണ്ടും പിന്തുണ വർധിക്കുകയായിരുന്നു. ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 5 ലെ ഫസ്റ്റ് റണ്ണറപ്പായാണ് റെനീഷ ഹൗസിന്റെ പടിയിറങ്ങിയത്. ഇതിനു പിന്നാലെ ആ രണ്ടാം സ്ഥാനം റെനീഷയ്ക്ക് അർഹതപ്പെട്ടതല്ല എന്നടക്കമുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

ഇപ്പോഴിതാ അതിനോടെല്ലാം പ്രതികരിച്ചിരിക്കുകയാണ് റെനീഷ.പ്രമുഖ ഓൺലൈൻ മാധ്യമത്തിന്റെ ഫാൻസ്‌ മീറ്റിൽ സംസാരിക്കുകയായിരുന്നു താരം. രണ്ടാം സ്ഥാനം ലഭിച്ചതിൽ സന്തോഷമേയുള്ളൂ. ഏതായാലും സ്വീകരിക്കാൻ താൻ തയ്യാറായിരുന്നുവെന്ന് റെനീഷ പറയുന്നു.

‘വേദിയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ഞാൻ തയ്യാറായിരുന്നു. ഒന്നിലെങ്കിൽ ഫസ്റ്റ് റണ്ണറപ്പ് അല്ലെങ്കിൽ വിന്നർ എന്നത് അറിയാമായിരുന്നു. രണ്ടിൽ ഏതാണെങ്കിലും എങ്ങനെയാകും എന്ന് ഞാൻ ചിന്തിച്ചിരുന്നു. ഒപ്പം ലാലേട്ടൻ കൈപിടിച്ച് നിൽക്കുന്നു എന്നതിന്റെ എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. വിന്നർ ആരായാലും സന്തോഷം എന്നായിരുന്നു മനസിൽ. അഖിലേട്ടൻ ആയാൽ സന്തോഷം ഞാനാണെങ്കിൽ അതിയായ സന്തോഷം. അതായിരുന്നു മൈൻഡ് സെറ്റ്,’

‘അഖിലേട്ടൻ ആണെന്ന് പറഞ്ഞപ്പോൾ സങ്കടം തോന്നിയിട്ടില്ല. മോണിറ്ററി ബെനഫിറ്റ് മാത്രമാണ് അതിലെ വ്യത്യാസം. 100 ദിവസം എനിക്ക് അവിടെ നിൽക്കാൻ പറ്റി. അഖിലേട്ടന് പിറകെ തന്നെ പ്രേക്ഷകർ എന്നെ വോട്ട് രണ്ടാം സ്ഥാനം വരെ എത്തിച്ചതിലും ഞാൻ ഒരുപാട് അനുഗ്രഹീതയാണ്. അതുകൊണ്ട് തന്നെ ഒട്ടും സന്തോഷ കുറവ് ഉണ്ടായിട്ടില്ല. സാമ്പത്തിക നേട്ടത്തിൽ ഉള്ള ആ ഒരു വ്യത്യാസമെ ഉള്ളൂ. പൈസ വരും പോകും. പക്ഷേ സ്നേഹം അങ്ങനെയല്ലല്ലോ’, റെനീഷ പറയുന്നു.

ഫിനാലെയ്ക്ക് ശേഷം മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ രണ്ടാം സ്ഥാനത്തിൽ താൻ ഹാപ്പിയല്ലെന്ന് നാദിറ പറയുകയുണ്ടായി. തേർഡ് റണ്ണറപ്പായ ശോഭയും താൻ രണ്ടാം സ്ഥാനം പ്രതീക്ഷിച്ചിരുന്നതായി വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് റെനീഷയ്ക്ക് ആയിരുന്നില്ല രണ്ടാം സ്ഥാനം ലഭിക്കേണ്ടിയിരുന്നത് എന്ന ചർച്ചകൾ സോഷ്യൽമീഡിയയിലും സജീവമാകുന്നത്.

രണ്ടാം സ്ഥാനത്തിന് അർഹയല്ല എന്ന് പറഞ്ഞത് വേദനിപ്പിച്ചിരുന്നു എന്നായിരുന്നു ഇതിനോട് റെനീഷയുടെ പ്രതികരണം. ഫസ്റ്റ് റണ്ണറപ്പ് എന്ന നിലയിൽ പലരും അഭിനന്ദിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മുടെ കൂടെ ഉണ്ടായിരുന്ന ആളുകൾ തന്നെ അപ്പുറത്ത് ചെന്നിട്ട് അല്ല, അത് റനീഷയ്ക്ക് അർഹത പെട്ടതല്ല എന്ന് പറയുമ്പോൾ, അർഹത ഇല്ലാത്ത എന്തെങ്കിലും ആണോ കിട്ടിയത് എന്ന് തോന്നും. അതേസമയം യൂട്യൂബിലെയും മറ്റും കമന്റുകൾ കാണുമ്പോൾ അത് മറക്കാൻ തോന്നുമെന്നും റെനീഷ പറഞ്ഞു.

‘ഞാൻ ഒറിജിനലാണെന്ന് വിശ്വസിച്ച എനിക്ക് വേണ്ടി വോട്ട് ചെയ്ത ഒരുപാട് ആളുകളെ അവിടെ കാണാം. ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ ഒരു കാര്യത്തെ പോസിറ്റീവായും നെഗറ്റീവായും കാണുന്ന ആളുകളുണ്ടാകും. നാദിറയും ശോഭ ചേച്ചിയുമൊക്കെ പറഞ്ഞത് അവർ വിശ്വസിക്കുന്ന കാര്യങ്ങളാണ്.

എന്നെ വിശ്വസിച്ച് എനിക്ക് വേണ്ടി വോട്ട് ചെയ്ത ഒരുപാട് ജനങ്ങളുണ്ട്. അവർ തന്നൊരു സ്ഥാനമായിട്ടാണ് ഞാൻ അതിനെ കാണുന്നത്. സന്തോഷത്തോടെയാണ് ഞാൻ അത് സ്വീകരിച്ചത്. നെഗറ്റീവായത് ഒന്നും മനസിലേക്ക് എടുക്കുന്നില്ല’, റെനീഷ വ്യക്തമാക്കി.

AJILI ANNAJOHN :