ആർ സി ബി ആരാധിക ആയ ദീപിക ഗോസേ വളരെ പെട്ടെന്നാണ് സ്റ്റാർ ആയത്. ഒറ്റരാത്രികൊണ്ട് അവർ ലോക പ്രസിദ്ധയായി. മത്സര ശേഷം ഏറ്റവും കൂടുതല്‍ പേരും തിരഞ്ഞത് ചാനല്‍ ക്യാമറയില്‍ മിന്നിമറഞ്ഞ, മനോഹരമായ നൃത്തം ചെയ്യുന്ന ആ പെണ്‍കുട്ടി ആരെന്ന് അറിയാനായിരുന്നു.
ആരും കൊതിക്കുന്ന പ്രശസ്തിയാണ് ഒരു രാത്രി കൊണ്ട് ദീപികയെ തേടിയെത്തിയത്. എന്നാല്‍ പലരേയും മോഹിപ്പിക്കുന്ന ഈ പ്രശസ്തിയില്‍ ദീപിക സന്തുഷ്ടയല്ല. മാത്രവുമല്ല, അപ്രതീക്ഷിത പ്രശസ്തി തലവേദനയായി മാറിയിരിക്കുകയാണ് ദീപികയ്ക്ക്. തന്റെ വ്യക്ത്വിത്വം പോലും നഷ്ടമായിരിക്കുകയാണെന്നും ആളുകള്‍ തന്നോട് മോശമായി പെരുമാറുകയാണെന്നും ദീപിക പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദീപികയുടെ വെളിപ്പെടുത്തല്‍.
”എന്റെ പേര് ദീപിക ഗോസെ എന്നാണ്. ഒരുപക്ഷെ എന്നെ കുറിച്ച് പറയപ്പെടുന്ന കാര്യങ്ങളില്‍ ഒരേയൊരു വസ്തുതയാണിത്. എന്നെ ആരും തിരിച്ചറിയേണ്ട. എത്ര തവണ ടിവിയില്‍ വന്നെന്ന് ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നില്ല. ഞാനൊരു താരമല്ല. കളി കാണാന്‍ വന്നൊരു സാധാരണ പെണ്‍കുട്ടിയാണ്. ടിവിയില്‍ എന്റെ ചിത്രം വരണമെന്ന് ഞാന്‍ ആഗ്രഹിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിട്ടില്ല,” ദീപിക പറയുന്നു.
സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ ദീപിക, പക്ഷെ താന്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെ കുറിച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. തന്നെ മാനസികമായി വേദനിപ്പിച്ചെന്നും അസഭ്യ വാക്കുകള്‍ ചൊരിഞ്ഞെന്നും തന്റെ പേരും പ്രൊഫൈലുമെങ്ങനെയാണ് ആളുകള്‍ കണ്ടെത്തിയതെന്ന് അറിയില്ലെന്നും ദീപിക പറയുന്നു.
”എന്റെ വ്യക്തിത്വവും സ്വകാര്യതയും ആക്രമിക്കപ്പെട്ടു. ഒരു രാത്രി കൊണ്ട് നിരവധി പുരുഷന്മാരാണ് എനിക്ക് അശ്ലീല സന്ദേശങ്ങളയച്ചത്. അപമാനകരമായിരുന്നു അത്. പക്ഷെ അതിലും ഞെട്ടിച്ചത് ചില സ്ത്രീകളുടെ പ്രതികരണമാണ്. എന്നെ അറിയുക പോലുമില്ലാത്തവര്‍ എത്ര ക്രൂരമായ കാര്യങ്ങളാണ് എന്നെ കുറിച്ച് പറഞ്ഞത്. ഞാന്‍ നിങ്ങളില്‍ ഒരാളാണ്,” ദീപിക കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ സ്ത്രീകളെ പിന്തുണക്കേണ്ടത് അനിവാര്യതയാണെന്നും ദീപിക പറഞ്ഞു. ”അനുകമ്പയും സ്‌നേഹവും നല്‍കേണ്ടതിന് പകരം എന്നെ വിധിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തത് അത്ഭുതപ്പെടുത്തുന്നതാണ്. ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ ഞാന്‍ കടന്നു പോയ അവസ്ഥ ആലോചിച്ചു നോക്കൂ” ദീപിക പറയുന്നു.
RCB viral fan girl against unwanted publicity