ഡബ്ബിങ് ആർട്ടിസ്റ്റും നടിയും ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടെ മകളുമായ രവീണ വിവാഹിതയാകുന്നു; വരൻ വാലാട്ടിയുടെ സംവിധായകൻ ദേവൻ ജയകുമാർ

ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ രവീണ രവി വിവാഹിതയാകുന്നു. വാലാട്ടി എന്ന സിനിമയുടെ സംവിധായകൻ ദേവൻ ജയകുമാർ ആണ് വരൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്നുള്ള വിവരം പങ്കുവെച്ചത്. പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടേയും ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെ. രവീന്ദ്രനാഥിന്റെയും മകളാണ് രവീണ.

ആറാമത്തെ വയസ്സിൽ വാനപ്രസ്ഥം എന്ന സിനിമയിൽ ഒരു ബാലതാരത്തിന് ഡബ്ബ് ചെയ്തുകൊണ്ടാണ് രവീണ സിനിമാരംഗത്തേയ്ക്കെത്തുന്നത്. ശേഷം വലിയൊരു ഇടവേളയെടുത്തിരുന്നു താരം. ശേഷം 2013ൽ ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെയാണ് രവീണ ഡബ്ബിങ് രംഗത്ത് സജീവമായത്.

മമ്മൂട്ടിയുടെ ഭാസ്ക്കർ ദ് റാസ്ക്കൽ, ലൗ ആക്‌ഷൻ ഡ്രാമ എന്നീ സിനിമകളിൽ നയൻതാരയ്ക്ക് ശബ്ദം നൽകിയതുൾപ്പെടെ മുപ്പതിലധികം മലയാള ചിത്രങ്ങളിൽ രവീണ ഡബ്ബ് ചെയ്തിട്ടുണ്ട്. ദീപിക പ​ദുകോൺ, എമി ജാക്സൺ, കൃതി ഷെട്ടി എന്നിവർക്കും ശബ്ദം നൽകിയത് രവീണയാണ്.

ഒരു കിടയിൻ കരുണൈ മനു എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് ചുവടുവച്ചു. തുടർന്ന് റോക്കി, ലവ് ടുഡേ, മാമന്നൻ എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ രവീണ അഭിനയിച്ചിട്ടുമുണ്ട്. മാമന്നൻ എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ ഭാര്യ കഥാപാത്രമായി ആണ് രവീണയെത്തിയത്.

സംവിധായകനും നിർമാതാവുമായ ജയൻ മുളങ്ങാടിന്റെയും ശ്രീകലയുടെയും മകനാണ് ദേവൻ. സംവിധായകൻ വി.കെ. പ്രകാശിന്റെ സഹായിയായാണ് ദേവൻ കലാരംഗത്തേക്കെത്തുന്നത്.

പിന്നീട്, ഹലോ നമസ്തേ എന്ന ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടറായി. വാലാട്ടി എന്ന ചിത്രത്തിലൂടെയാണ് ദേവൻ ജയകുമാർ സ്വതന്ത്ര സംവിധായകനാകുന്നത്.

ഫർസി, ജൂബ്‌ലി എന്നീ ഹിന്ദി സീരീസുകളുടെ മലയാളം മൊഴിമാറ്റത്തിന് ഡയലോഗുകൾ എഴുതിയത് ദേവനായിരുന്നു. മാത്രമല്ല, ഫർസിയിലെ ജമാൽ എന്ന കഥാപാത്രത്തിന് മലയാളം ഡബ്ബിങിൽ ശബ്ദം നൽകിയതും ദേവനായിരുന്നു. ഇവർക്ക് ആശംസകളുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

Vijayasree Vijayasree :