കന്നഡ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി രന്യ രാവു. ഇപ്പോഴിതാ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ നടി പിടിയിലായിരിക്കുകയാണ്. 14.8 കിലോ സ്വർണം നടിയിൽ നിന്നും പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു. ബംഗലൂരു കെംപഗൗഡ വിമാനത്താവളത്തിലാണ് സംഭവം. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലാണ് നടി.
സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നാണ് രന്യ സ്വർണം കടത്തിയതെന്നും പോലീസ് പറയുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ നടി 4 തവണയാണ് ദുബായ് യാത്ര നടത്തിയത്. തുടർന്നാണ് ഡിആർഐ നടിയെ നിരീക്ഷിച്ചത്.
കർണാടകയിലെ മുതിർന്ന ഡിജിപിയുടെ മകളാണ് രന്യ. സാധാരണ വിമാനത്താവളത്തിലെത്തി ഡിജിപിയുടെ മകളാണെന്ന് പറഞ്ഞ് പൊലീസ് എസ്‌കോർട്ടോടെ പരിശോധന കൂടാതെ പുറത്തു കടക്കുകയായിരുന്നു നടിയുടെ പതിവ്. വിമാനത്താവളത്തിൽ പിടിയിലായപ്പോഴും ഡിജിപിയുടെ മകളാണെന്ന് പറഞ്ഞെങ്കിലും ഡിആർഐ വിട്ടില്ല.
തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. നടിയുടെ പക്കൽ നിന്നും കണ്ടെടുത്ത 14.8 കിലോ സ്വർണത്തിന് ഏകദേശം 12.5 കോടി രൂപ വിലവരുമെന്നാണ് കസ്റ്റംസ് അറിയിച്ചിരിക്കുന്നത്. കുറ്റകൃത്യത്തിൽ മകൾ പിടിയാലപ്പോൾ താൻ തകർന്നുപോയെന്നും തനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. അവൾ തനിച്ചാണ് താമസിക്കുന്നതെന്നും പിതാവും കർണാടക പോലീസ് ഹൗസിങ് കോർപറേഷൻ ഡിജിപിയുമായ രാമചന്ദ്ര റാവു പറഞ്ഞു.