കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തത്. എന്നാൽ ഇപ്പോഴിതാ നടിയെ സിനിമയിൽ അഭിനയിപ്പിക്കാത്തതിന്റെ നീരസമാണ് തനിക്കെതിരെ പരാതി നൽകാൻ കാരണമെന്ന് പറയുകയാണ് രഞ്ജിത്ത്. കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
പരാതിക്കാരിയെ സിനിമയിൽ തിരഞ്ഞെടുക്കാത്തതിലുള്ള നീരസവും നിരാശയുമാണ് പരാതിക്ക് കാരണമെന്ന് പറഞ്ഞ സംവിധായകൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് തന്നെ നീക്കാനുള്ള ചില നിക്ഷിപ്ത താൽപര്യക്കാർ ഇത് ആളിക്കത്തിച്ചുവെന്നും ആരോപിക്കുന്നു. പരാതിയിൽ പറഞ്ഞിരിക്കുന്ന അപ്പാർട്ട്‌മെന്റിന്റെ ഭൂരിഭാഗം സ്ഥലവും ഓഫീസ് കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്.
ബംഗാളി നടി അപ്പാർട്ട്‌മെന്റിലുണ്ടായിരുന്ന മുഴുവൻ സമയത്തും അസോസിയേറ്റ് ഡയറക്ടർമാരായ ശങ്കർ രാമകൃഷ്ണൻ, ഗിരീഷ് ദാമോദരൻ, നിർമ്മാതാവ് സുബൈർ, ഓഫിസ് അസി. ബിജു തുടങ്ങിയവരും ഫ്‌ളാറ്റിലുണ്ടായിരുന്നു. യഥാർഥത്തിൽ ശങ്കർ രാമകൃഷ്ണനാണ് സിനിമയെ കുറിച്ച് നടിയുമായി ചർച്ച നടത്തിയത്.
ശങ്കർ രാമകൃഷ്ണനും സ്ഥലത്തുണ്ടായിരുന്നു എന്ന കാര്യത്തെ കുറിച്ച് പരാതിയിൽ നടി മൗനം പാലിച്ചിരിക്കുന്നത് ഇതിലെ വഞ്ചന വെളിവാക്കുന്നു. അടുത്തിടെയാണ് തന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. താൻ നിരവധി അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന ആളാണ്.
അതിനാൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്. ഗോസിപ്പുകളിലോ വിവാദങ്ങളിലോ മറ്റ് ആരോപണങ്ങളിലോ ഉൾപ്പെടാതെ കഴിഞ്ഞ 37 വർഷമായി സിനിമാരംഗത്തുള്ള ആളാണ് താൻ എന്നുമാണ് രഞ്ജിത്ത് ഹർജിയിൽ പറയുന്നു.
നടിയുടെ ആരോപണം ഇങ്ങനെയായിരുന്നു;
ശ്യാമപ്രസാദ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ അകലെ എന്ന സിനിമയിൽ താൻ അഭിനയിച്ചിരുന്നു. അകലെയിലെ അഭിനയം കണ്ടാണ് എന്നെ പാലേരി മാണിക്യത്തിലേയ്ക്ക് വിളിച്ചത്. എനിക്കൊരു ഇ-മെയിലോ ഫോൺ കോളോ വന്നു. കൊച്ചിയിലേക്ക് എത്തിച്ചേരണമെന്നാണ് പറഞ്ഞത്.
മമ്മൂട്ടിയോടൊപ്പം ഒരു മലയാള സിനിമയിൽ അഭിനയിക്കാനായിരുന്നു വിളിച്ചത്. ആ സമയത്ത് ഞാൻ ചില വ്യക്തിപരമായ പ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. അതിൽ നിന്നും പുറത്ത് കടക്കുക എന്നതും, മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നത് വലിയ കാര്യമായതിനാലും ഞാൻ തയ്യാറായി.
എനിക്ക് സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ഏറെ ഇഷ്ടമാണ്, പ്രത്യേകിച്ച് മലയാളം സിനമകളിൽ. അതുകൊണ്ടു തന്നെ ഞാൻ രാവിലെ തന്നെ സംവിധായകനെ കണ്ടു. രാവിലെ ഫോട്ടോഷൂട്ടുണ്ടായിരുന്നു. വസ്ത്രത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും ഡേറ്റിനെക്കുറിച്ചുമൊക്കെയുള്ള ചർച്ചകളും നടന്നിരുന്നു. ഇവിടെ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റും നല്ല താമസസൗകര്യവും ഒരുക്കിയിരുന്നു അവർ.
വൈകുന്നേരം എന്നെ വീണ്ടും വിളിച്ചു. ഞാനവിടെ ചെല്ലുമ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. ഞാൻ അകത്തേക്ക് ചെന്നു. ബാൽക്കണിയിലായിരുന്നു ഞങ്ങൾ.
ആദ്യം അദ്ദേഹം എന്റെ വളകളിലൂടെ കയ്യോടിച്ചു. ചിലപ്പോൾ വളകൾ കണ്ട കൗതുകം കൊണ്ടാകാം എന്ന് ഞാൻ കരുതി. സ്വയം ശാന്തായാകാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ഇത് എവിടെ വരെ പോകും എന്ന് നോക്കമല്ലോ. ഒരുപക്ഷെ വളരെ നിഷ്‌കളങ്കമായ പ്രവർത്തിയാണെങ്കിലോ? എന്ന് ഞാൻ ചിന്തിച്ചു.
എന്നാൽ ഞാൻ പ്രതിഷേധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ എന്റെ മുടിയിൽ തലോടാൻ തുടങ്ങി. ശേഷം അയാളുടെ സ്പർശനം എന്റെ കഴുത്തിലേയ്ക്ക് നീണ്ടു. അതോടെ ഞാൻ പെട്ടെന്ന് തന്നെ ആ മുറിയിൽ നിന്നിറങ്ങിയോടി. ടാക്‌സി വിളിച്ചാണ് ഹോട്ടലിലേക്ക് പോയത്. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല.എന്നും നടി പറയുന്നു.
എന്റെ ഹോട്ടൽ റൂമിന്റെ മാസ്റ്റർ കീ ആരുടെയെങ്കിലും കയ്യിലുണ്ടോ എന്നും, ആരെങ്കിലും രാത്രി വന്ന് വാതിലിൽ മുട്ടുമോ എന്നും ഞാൻ ഭയന്നു. ആ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. പിറ്റേന്ന് എന്നെ ആ സിനിമയിലേക്ക് വിളിച്ചയാളെ വിളിച്ച് ഞാൻ നടന്നതെല്ലാം പറഞ്ഞു. എനിക്ക് റിട്ടേൺ ടിക്കറ്റ് വേണമെന്ന് ഞാൻ പറഞ്ഞു. അവർ പണമൊന്നും തന്നില്ല. സ്വന്തം ചെലവിലാണ് ഞാൻ തിരിച്ചു വന്നത്.
ഭർത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങൾ പറയാൻ പറ്റിയില്ല. താൻ കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആർക്കും മനസിലാക്കാനാവില്ല. ഡോക്യുമെൻ്ററി സംവിധായകൻ ജോഷിയോട് പരാതി പറഞ്ഞു. എന്നാൽ ആരും പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. അതിന് ശേഷം ഒരു മലയാള സിനിമയിലും എനിക്ക് അവസരം ലഭിച്ചിട്ടില്ല. അയാളുടെ ആ മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് എനിക്ക് അവസരം നിഷേധിച്ചത് എന്നും നടി പറഞ്ഞിരുന്നു.