വർഷങ്ങളായി സിനിമാ ലോകം കാത്തിരുന്ന നിമിഷത്തിന് വിരാമമായിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനും ഹർജികൾക്കുമൊടുവിലാണ് റിപ്പോർട്ട് പുറത്തെത്തിയിരിക്കുന്നത്. അവസാന നിമിഷം റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതോടെയാണ് എല്ലാം പുറത്ത് വിടേണ്ടി വന്നത്.
എന്നാൽ ഇപ്പോഴിതാ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണമറിയിച്ചിരിക്കുകയാണ് രഞ്ജിനി. റിപ്പോർട്ട് പുറത്തുവരണമെന്ന് തന്നെയായിരുന്നു തന്റെ അഭിപ്രായമെന്നാണ് രഞ്ജിനി പറയുന്നത്.
നടിയുടെ വാക്കുകൾ ഇങ്ങനെ;
കമ്മിറ്റി റിപ്പോർട്ട് പുറത്തുവരണമെന്ന് തന്നെയായിരുന്നു എന്റെ അഭിപ്രായം. എന്നാൽ, നൽകിയ മൊഴി തനിക്ക് കാണണമായിരുന്നു. പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട് വായിച്ചിട്ടില്ല. എന്റടർടെയ്ന്മെന്റ് ട്രൈബ്യൂണൽ എന്നൊരു വാക്ക് അതിൽ കണ്ടു. ഞാൻ വർഷങ്ങളായി ഉന്നയിക്കുന്ന ഒരു ആശയമായിരുന്നു ഇത്.
ഇക്കാര്യത്തിൽ ഏറെ സന്തോഷവതിയാണ്. സ്ത്രീകളുടെ വിജയമാണിത്. ഐ.സി.സി മലയാള സിനിമയിൽ പ്രാവർത്തികമാകില്ലെന്ന് നേരത്തെ അഭിപ്രായമുണ്ടായിരുന്നു. അതിലുള്ളത് സിനിമാമേഖലയുമായി ബന്ധമുള്ളവരാണ്. ഇത്തരത്തിലുള്ള ഒരു സ്ഥലത്ത് നിന്നും നീതി പ്രതീക്ഷിക്കാനാകില്ല.
ഹേമാ കമ്മിറ്റി നിലവിൽവന്നത് വിമൻ ഇൻ സിനിമാ കളക്ടീവ് കാരണമാണ്. അവർ ശബ്ദിച്ചില്ലായിരുന്നുവെങ്കിൽ ഈ റിപ്പോർട്ട് പുറത്തുവരില്ലായിരുന്നു. അവരിൽ ഒരാളായിട്ടാണ് മൊഴി നൽകിയത്. അങ്ങിനെ ഒരുപാട് പേർ മൊഴി നൽകിയിട്ടുണ്ട്. ഇത് ഒരിക്കലും തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന സ്ഥിതിയുണ്ടാകരുത്.
വൈകി കോടതിയെ സമീപിച്ചതിനാലാണ് ഹർജി പരിഗണിക്കാതെ പോയത്. മൊഴികൊടുത്തവർക്ക് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമായിട്ടില്ല. വനിത കമ്മിഷൻ ഇക്കാര്യത്തിൽ ഇടപെടുമെന്ന് കരുതിയിരുന്നു. എന്നാൽ, അതുണ്ടായി എന്നാണ് രഞ്ജിനി മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയത്.
നേരത്തെ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ രഞ്ജിനി ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി കോടതി തള്ളിയതോടെ സിംഗിൾ ബഞ്ചിനെ സമീപിച്ചിരുന്നു. എന്നാൽ ഈ പരിഗണിക്കാൻ കഴിയില്ലെന്ന കോടതിയുടെ നിരീക്ഷണത്തിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് റിപ്പോർട്ട് പുറത്തുവിട്ടത്.
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിർദേശത്തെ തുടർന്നാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ 2017 ജൂലൈയിൽ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുൻ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സർക്കാർ രൂപീകരിക്കുന്നത്.
ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ മറച്ചുവെക്കണമെന്ന വ്യവസ്ഥയിൽ മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളാണ് സെറ്റിൽ നേരിടേണ്ടിവന്ന പീഡനത്തെ കുറിച്ചും, കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഹേമ കമ്മീഷന് മുൻപിൽ പങ്കുവെച്ചത്.