മലയാള ടെലിവിഷൻ റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ നിന്നും എടുത്ത് മാറ്റാൻ പറ്റാത്ത പേരാണ് രഞ്ജിനി ഹരിദാസിന്റേത്. നിരവധി റിയാലിറ്റി ഷോകളും സ്‌റ്റേജ് ഷോകളും എല്ലാം ചെയ്തിരുന്ന മലയാളത്തിലെ ഏറ്റവും തിരക്കുള്ള അവതാരികയായിരുന്നു രഞ്ജിനി. എന്നാൽ കുറച്ച് നാളുകളായി വളരെ കുറച്ച് പരിപാടികളിൽ മാത്രമാണ് രഞ്ജിനി പ്രത്യപ്പെടാറുള്ളത്. എന്നാൽ സോഷ്യൽ മീഡിയയിൽ വളരെ സജീവവുമാണ്. താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ചില ഉദ്ഘാടനങ്ങളുടെയും ഷോകളുടെയും പിന്നിൽ നടക്കുന്ന ചില ചൂഷണങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രഞ്ജിനി. തന്നെ വിളിക്കുമ്പോൾ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ട അനുഭവങ്ങളുണ്ടെന്നാണ് രഞ്ജിനി പറയുന്നത്. ഉദ്ഘാടനത്തിന് വിളിക്കുമ്പോൾ ഇത് കൂടെ ചെയ്ത് കൊടുത്താൽ എത്ര കാശ് വേണമെങ്കിലും തരാമെന്ന് പറയുന്നു. ചില നടിമാരുടെ പേര് പറഞ്ഞ് ഇവരൊക്കെ ചെയ്യാറുണ്ടെന്ന് പറയും.
പരസ്പര സമ്മതത്തോടെ ആർക്കും എന്തും ചെയ്യാം. അത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. പക്ഷേ എനിക്ക് താൽപര്യമില്ല. ഇതിന് പുറമെ ഷോകൾ ചെയ്യുമ്പോഴും ഇത്തരം സാഹചര്യം ഞാൻ കണ്ടിട്ടുണ്ട്. കുറേ വർഷങ്ങൾക്ക് മുമ്പ് ഒരു ഷോ ചെയ്തപ്പോൾ നല്ല ഒരു സംഘം ആർട്ടിസ്റ്റുകളാണ്. ഞാൻ പൊതുവെ ഷോകൾക്ക് പോകുമ്പോൾ ഹോട്ടലുകളിൽ ക്രൂവിന്റെ കൂടെ താമസിക്കില്ല.
എവിടെ പോയാലും എനിക്ക് സുഹൃത്തുക്കളുണ്ടാകും. അവരുടെ വീട്ടിലാണ് താമസിക്കുക. ഈ ഷോയിൽ പോയപ്പോൾ ഞാൻ ഷാർജയിൽ എന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു. ഇവരെല്ലാം അജ്മാനിലോ മറ്റോ ആയിരുന്നു. പ്രാക്ടീസിന് വരുമ്പോൾ ഡാൻസർ കുട്ടികൾ വന്ന് ചേച്ചീ, രാത്രി മുറിയിൽ മുട്ടുന്നുണ്ടെന്നും ഫോൺ കോൾ വരാറുണ്ടെന്നും പറഞ്ഞു. അവർക്ക് കുറച്ച് ഭയമുണ്ട്. കോൾ എടുക്കരുതെന്ന് ഞാൻ പറഞ്ഞു.
അതിന് മുമ്പ് ഓർഗനൈസേർസ് വന്ന് ഷോയുടെ സ്പോൺസർമാർക്ക് രഞ്ജിനിയെ കാണാനും ലഞ്ചിന് കൊണ്ട് പോകാനും താൽപര്യമുണ്ടെന്ന് പറഞ്ഞു. അതിൽ കുഴപ്പമില്ലെന്ന് ഞാൻ കരുതി. തെറ്റായൊന്നും നമ്മൾ ആലോചിക്കുന്നില്ലല്ലോ. ഷോപ്പിംഗ് വല്ലതും ചെയ്യണോ എന്ന് ചോദിച്ചു. വേണ്ടെന്ന് പറഞ്ഞു. ഇതിന് ശേഷമാണ് ആ കുട്ടികൾ മുറിയിൽ തട്ടുന്ന കാര്യം പറയുന്നത്.
ഈ ഇവന്റ് ചെയ്ത ആൾക്കാർ സ്പോൺസർമാരോട് പറഞ്ഞ് വെച്ചെന്ന് തോന്നുന്നു. ഇങ്ങനെ കുറച്ച് കുട്ടികളുണ്ട്, നിങ്ങൾ ട്രെെ ചെയ്തോളൂ എന്ന രീതിയിൽ. ഇതേ ഗ്രൂപ്പ് ഇവന്റ് കഴിഞ്ഞ് ഡിന്നറിന് ഒരു വാട്ടർ ക്രീക്കിലേക്ക് കൊണ്ട് പോയി. ഇവന്റ് കഴിഞ്ഞ് ക്ഷീണിച്ചാണ് ഞങ്ങൾ ഇരിക്കുന്നത്. ഒന്നര മണിക്കൂർ ഏതോ ബോട്ടിൽ യാത്ര ചെയ്യണം.
അവിടെ പോയി ഡിന്നറിന് പബ്ലിക്കിൽ കുറേ ആൾക്കാരെ വിളിപ്പിച്ചു. അവിടെ ഞാൻ പ്രശ്നമുണ്ടാക്കി. കാരണം അവിടെ ആൽക്കഹോൾ ഉണ്ടായിരുന്നു. അന്ന് ഞാൻ കുറച്ച് വയലന്റായി. ഒരു സ്ത്രീയ്ക്ക് ഒരിടത്തേയ്ക്ക് പോകുമ്പോൾ അവിടെ കംഫർട്ടബിൾ ആണോയെന്ന് നമുക്ക് മനസിലാകും. ഉള്ളിൽ നിന്ന് ഒരു കോളിംഗ് ഉണ്ടാകും. രഞ്ജിനീ, ഇത് ശരിയല്ലെന്ന് എന്നും രഞ്ജിനി ഹരിദാസ് പറയുന്നു.
അതേസമയം, തനിക്ക് ഷർട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടനുണ്ടെന്നും രഞ്ജിനി പറഞ്ഞിരുന്നു. എനിക്ക് ഷർട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന ഒരു നടനുണ്ട്. പക്ഷെ ഇപ്പോൾ കാണിച്ചു തരാൻ ആ ഫോട്ടോ കയ്യിലില്ല. എനിക്ക് ഫോട്ടോ അയച്ചു തരുന്നതിന്റെ ഉദ്ദേശം എന്താണ്? എന്നിട്ട് എന്നോട് പറയും, നിന്റെ ഫോട്ടോ അയച്ചു താ. എന്റെ കയ്യിൽ തെളിവില്ല. ഉണ്ടായിരുന്നുവെങ്കിൽ പേര് പറഞ്ഞേനെ. മുട്ടിയ വാതിൽ മാറിപ്പോയി എന്ന് ഞാൻ മറുപടി നൽകും. അതോടെ അത് അവസാനിക്കും.
കണ്ണ് മഞ്ഞളിപ്പിക്കുന്ന മേഖലയാണ് സിനിമാ മേഖല. പ്രശസ്തിയോടും പണത്തോടും നോ പറയാൻ എല്ലാവർക്കും സാധിച്ചെന്ന് വരില്ല. സാമ്പത്തികമായും മറ്റും പിന്നിൽ നിൽക്കുന്നവരാണ് ഇതിൽ പെട്ടു പോകുന്നതായി എനിക്ക് തോന്നിയിട്ടുള്ളതെന്നും രഞ്ജിനി മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞിരുന്നു.