മലയാള ചലച്ചിത്ര ലോകത്തേറെ പ്രശസ്തനായ എഡിറ്ററാണ് രഞ്ജൻ എബ്രഹാം. ഇതിനോടകം തന്നെ നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ എഡിറ്റിംഗ് നിർവഹിക്കാൻ രഞ്ജൻ എബ്രഹാമിന് കഴിഞ്ഞു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
മലയാള സിനിമയിൽ ഏറെ ആരാധകരുള്ള ചിത്രമാണ് ജോണി ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘സി ഐ ഡി മൂസ.’ 2003ൽ പുറത്തിറങ്ങിയ ചിത്രം വേറിട്ട പ്രമേയം കൊണ്ടും പൊട്ടിച്ചിരിപ്പിക്കുന്ന നർമ മുഹൂർത്തങ്ങൾ കൊണ്ടും പ്രേക്ഷക മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. ഉദയകൃഷ്ണ – സിബി കെ തോമസ് എന്നിവരുടെ തിരക്കഥയിൽ പിറവിയെടുത്ത ഓരോ ഡയലോഗും പലരും നിത്യ ജീവിതത്തിൽ ഉപയോഗിക്കാറുണ്ട്.
‘സിഐഡി മൂസ’യുടെ രണ്ടാം ഭാഗം വരുമെന്ന് സംവിധായകൻ ജോണി ആന്റണി പ്രഖ്യാപിച്ചിരുന്നു. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നുമുണ്ട്. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് പറയുമ്പോൾ മിണ്ടാതിരിയെന്ന് താൻ പറയാറുണ്ട് എന്ന് പറയുകയാണ് ചിത്രത്തിന്റെ എഡിറ്റർ ആയ രഞ്ജൻ എബ്രഹാം.
സിഐഡി മൂസയുടെ എഡിറ്റിംഗിനെ കുറിച്ച് ഇപ്പോഴും ചിന്തിക്കുമ്പോൾ പേടിയാണ്. ജോണിയും ദീലീപും ഒക്കെ സെക്കൻഡ് പാർട്ട് എന്ന് പറയുമ്പോൾ ഞാൻ പറയും ചുമ്മാ മിണ്ടാതിരിയെന്ന്. ഫസ്റ്റ് പാർട്ട് എഡിറ്റ് ചെയ്തതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. ഷൂട്ടിംഗ് തുടങ്ങി അവസാനിച്ചത് ജൂലൈ 2-ാം തീയതി രാവിലെയാണ്. അത്രയും കണ്ടന്റ് ഉണ്ടായിരുന്നു.
ജൂലൈ നാലാം തീയതിയാണ് പടം റിലീസ്. ജൂലൈ മൂന്നാം തീയതി രാവിലെയാണ് രണ്ട് പാട്ട് എഡിറ്റ് ചെയ്ത് തീർക്കുന്നത്. ‘ജെയിംസ് ബോണ്ടിൻ ഡിറ്റോ’, പിന്നെ ‘തീപ്പൊരി പമ്പരം’ എന്ന പാട്ടുകൾ. അവസാനം വേണ്ടാന്ന് പറഞ്ഞിട്ടും, ദിലീപ് എന്തു ചെയ്തിട്ടും സമ്മതിച്ചില്ല, അങ്ങനെ ചെയ്തു തീർത്തു. പടം റിലീസ് ആയി ഒരാഴ്ച കഴിഞ്ഞാണ് ഞാൻ ഫുൾ സിനിമ തിയേറ്ററിൽ ഇരുന്ന് കാണുന്നത്.
കാണുമ്പോൾ ഞാൻ മനസിൽ ഇങ്ങനെ ചിരിച്ചോണ്ട് ഇരിക്കുകയായിരുന്നു. ഓരോ ഷോട്ടിന് ഇടയിലും കളഞ്ഞത് എന്തു മാത്രമാണെന്ന് ആലോചിക്കുമ്പോൾ. എല്ലാ സീനിലും വെട്ടി വെട്ടി കളഞ്ഞിട്ടുണ്ട്. അന്ന് അതൊന്നും കളക്ട് ചെയ്ത് വയ്ക്കാനുള്ള ചാൻസ് ഉണ്ടായിരുന്നില്ല. അന്ന് ഫിലിമിൽ അല്ലേ ഷൂട്ട് ചെയ്യുന്നത്.
ഹാർഡ് ഡിസ്‌ക് ഒക്കെ ലഭിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഒരു പടത്തിലെയും റഷസ് കളയാറില്ല. ഒരു പടത്തിന്റെ റഷ് ഡിലീറ്റ് ചെയ്തു കളയുന്നത് എനിക്ക് ഏറെ സങ്കടം വരുന്ന കാര്യമാണ് എന്നാണ് രഞ്ജൻ എബ്രഹാം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.
സിഐഡി മൂസ ഇറങ്ങി 20 വർഷം പൂർത്തിയായ വേളയിൽ ആയിരുന്നു ദിലീപ് മൂസ വീണ്ടും തിരിച്ചുവരും. സിഐഡി മൂസയുടെ 20 വർഷങ്ങൾ,” എന്ന് കുറിച്ചത്. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് ഉദയകൃഷ്ണ, സിബി കെ തോമസ് ടീമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയും നാദിർഷയും എഴുതിയ ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതം നിർവ്വഹിച്ചത് വിദ്യാസാഗറായിരുന്നു.
ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ക്യാപ്റ്റൻ രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ, മുരളി എന്നിവരെല്ലാം ഈ കാലയളവിൽ മലയാളികളെ വിട്ടു പിരിഞ്ഞ അതുല്യ പ്രതിഭകളാണ്. ഈ വിടവുകളൊന്നും നികത്താനാകില്ലെന്നും എന്നാൽ അതെല്ലാം നികത്തുന്ന തരത്തിലാകും മൂസ എത്തുകയെന്നും ജോണി ആന്റണിയും പറഞ്ഞിരുന്നു.