ബോളിവുഡിൽ നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ആലിയ ഭട്ടും രൺബീർ കപൂറും. സോഷ്യൽ മീഡിയയിൽ ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സംസാരിക്കവെ ആലിയ ഭട്ട് തന്റെ മകൾ റാഹയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
റാഹയുടേയും രൺബീറിന്റെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ, റാഹയ്ക്കായി രൺബീർ മലയാളം താരാട്ടുപാട്ട് പഠിച്ചുവെന്നാണ് ആലിയ പറയുന്നത്. ഒരു താരാട്ടുപാട്ടുണ്ട്. മലയാളത്തിലാണ്.
ഞങ്ങളുടെ നഴ്‌സ്, റാഹ കുഞ്ഞായിരിക്കുമ്പോൾ മുതൽ പാടിക്കൊടുക്കുന്നതാണ്. ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ..! ഇപ്പോൾ റാഹ ഉറങ്ങാൻ സമയമാകുമ്പോൾ മമ്മ വാവാവോ, പപ്പ വാവാവോ എന്നാണ് പറയുന്നത്. രൺബീറും ഇപ്പോൾ ഉണ്ണി വാവാവോ പാടാൻ പഠിച്ചിട്ടുണ്ട് എന്നാണ് ആലിയ പറഞ്ഞത്.
1991ൽ ‘സാന്ത്വനം’ എന്ന ചിത്രത്തിലെ ഗാനമാണിത്. ഏറെ ശ്രദ്ധനേടിയ ഗാനം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. താരാട്ടുപാടുകൾ ചിട്ടപ്പെടുത്താൻ മോഹൻ സിത്താരയ്ക്കു പ്രത്യേക പ്രാവീണ്യമുണ്ട് എന്ന കേൾവിയെ അന്വർഥമാക്കുന്ന പാട്ടുകളിലൊന്നായിരുന്നു ‘ഉണ്ണി വാവാവോ’. ശങ്കരാഭരണത്തിന്റെ രാഗത്തിലായിരുന്നു ഈ ഗാനം തയ്യാറാക്കിയത്. കൈതപ്രത്തിന്റെ വരികൾ പാടിയത് കെ.ജെ.യേശുദാസും കെ.എസ്.ചിത്രയും.
അതേസമയം, രൺബീറും ആലിയയും തങ്ങളുടെ സിനിമാ തിരക്കുകളിലാണ്. വേദാംഗ് റെയ്‌നയ്‌ക്കൊപ്പം അഭിനയിക്കുന്ന ജിഗ്രയാണ് ആലിയയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രം ഒക്ടോബർ 11ന് റിലീസ് ചെയ്യുമെന്നാണ് വിവരം. ഇത് കൂടാതെ, ആൽഫ എന്ന ചിത്രത്തിന്റെ ചിത്രീകരണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ആലിയയും രൺബീറും ബ്രഹ്മാസ്ത്ര രണ്ടാം ഭാഗത്തിലും ലവ് & വാർ എന്ന ചിത്രത്തിലും ഒരുമിച്ചാണ് അഭിനയിക്കുക. രൺബീർ ആനിമൽ പാർക്ക്, രാമായണം എന്നിവയിലും അഭിനയിക്കുന്നുണ്ട്.