‘ഞാൻ ഒരു നീണ്ട ഇടവേള എടുക്കുന്നു; മകൾ റാഹയ്ക്കു വേണ്ടി സമയം സമർപ്പിക്കുന്നു ; രണ്‍ബീര്‍ കപൂര്‍

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് രണ്‍ബീര്‍ കപൂര്‍. അഭിനേതാക്കളായ ഋഷി കപൂറിന്റെയും നീതു സിംഗിന്റെയും മകനും രാജ് കപൂറിന്റെ ചെറുമകനുമായ രണ്‍ബീര്‍ ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്

അടുത്തിടെ ഒരു സൂം സെഷൻ വഴി ആരാധകരുമായി സംവദിച്ച ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍, പുതിയ ചിത്രങ്ങളായ ‘അനിമൽ,’ ‘ബ്രഹ്മാസ്ത്ര 2’ തുടങ്ങിയ പ്രോജക്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തി. ഒപ്പം, തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചില വിശേഷങ്ങള്‍ പങ്കു വെക്കുകയും ചെയ്തു.

‘അനിമലി’ന് ശേഷം താൻ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും തന്‍റെ സമയം മകൾ റാഹയ്ക്കു വേണ്ടി സമർപ്പിക്കുകയാണെന്നും രൺബീർ വെളിപ്പെടുത്തി.

‘ഞാൻ ഒരു നീണ്ട ഇടവേള എടുക്കുന്നു. അഞ്ചാറു മാസം ഞാൻ വീട്ടിലുണ്ടാകും. ഇത് എപ്പോഴും എന്‍റെ പ്ലാനില്‍ ഉണ്ടായിരുന്നു. കാരണം റാഹ ജനിച്ചപ്പോൾ, ഞാൻ ‘അനിമലി’ന് വേണ്ടി ഷൂട്ട് ചെയ്യുകയായിരുന്നു, എനിക്ക് അവൾക്ക് സമയം നൽകാൻ കഴിഞ്ഞില്ല. എനിക്ക് പറ്റെര്‍ണിറ്റി ലീവ് എടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഈ ശരിയായ സമയത്ത് എനിക്ക് അത് കിട്ടി. കാരണം അവൾ ഇപ്പോൾ വളരെ എക്സ്പ്രസീവ് ആണ്. ആളുകളെ തിരിച്ചറിയുന്നു. പാ, മാ തുടങ്ങിയ വാക്കുകൾ സംസാരിക്കാൻ ശ്രമിക്കുന്നു. ഇതൊരു മനോഹരമായ സമയമാണ്,’ രൺബീർ പറഞ്ഞു.

ഭാര്യയും അഭിനേത്രിയുമായ ആലിയ ഭട്ട്, വാസൻ ബാലയുടെ ‘ജിഗ്ര’യുടെ ഷൂട്ടിംഗുമായി തിരക്കിലാണ്. ‘അതിനർത്ഥം റാഹയെ എനിക്കായി മാത്രം കിട്ടുന്നു എന്നാണ്,’ രൺബീർ കപൂർ കൂട്ടിച്ചേര്‍ത്തു.

‘അർജുൻ റെഡ്ഡി,’ ‘കബീർ സിംഗ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറായ അനിമലിന്‍റെ റിലീസിനായി രൺബീർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ബ്രഹ്മാസ്ത്ര 2’ ന്‍റെ തിരക്കഥ തയ്യാറാണെന്നും അടുത്ത വർഷം അവസാനത്തോടെ അതിന്‍റെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നും താരം വെളിപ്പെടുത്തി.

AJILI ANNAJOHN :