ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും തനിക്ക് മോശമായ അനുഭവം ഉണ്ടായെന്ന് നടന് റാണ ദഗ്ഗുബതി. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ലോഗോ ചിത്രം ട്വീറ്ററില്‍ പങ്കുവെച്ചാണ് നടന് പ്രതികരിച്ചത്.
‘ഇന്‍ഡിഗോയ്ക്ക് ഫ്ലൈറ്റിന്റെ സമയത്തെ കുറിച്ച് വ്യക്തതയില്ല. എന്റെ കാണാതായ ലഗേജ് ട്രാക്ക് ചെയ്തിട്ടില്ല. അതിനെ പറ്റി എയര്‍ലൈന്‍സിന്റെ ജീവനക്കാര്‍ക്ക് യാതൊരു സൂചനയുമില്ല. ഇതിലും മോശമായത് എന്തെങ്കിലും ഉണ്ടോ’. എന്നാണ് റാണ ട്വീറ്റ് ചെയ്തത്.
ഇതിന് മുന്‍പ് ഇന്‍ഡിഗോ ജീവനക്കാര്‍ യാത്രക്കാരുടെ ലഗേജുകള്‍ അശ്രദ്ധമായി എറിയുന്ന വീഡിയോ ട്വീറ്ററില്‍ വൈറലായിരുന്നു. റാണയുടെ ട്വീറ്റ് ചര്‍ച്ച ആയതോടെ എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ലഗേജ് എത്രയും വേഗത്തില്‍ എത്തിക്കുമെന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞത്.
ഇപ്പോള്‍ നടന് തന്റെ ട്വീറ്റര്‍ അക്കൗണ്ടില്‍ നിന്നും ആ ട്വീറ്റ് നീക്കി. കുറച്ച് നാളുകള്‍ക്ക് മുമ്പ് നടി പൂജ ഹെഗ്ഡേയും ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നുമുണ്ടായ മോശം അനുഭവം പങ്കുവെച്ചിരുന്നു.
ഇന്‍ഡിഗോയിലെ ജീവനക്കാരന് അഹങ്കാരവും നിറഞ്ഞതും ഭീഷണിപ്പെടുത്തുന്നതുമായ സ്വരത്തിലാണ് സംസാരിച്ചത് എന്നാണ് പൂജ പറഞ്ഞത്. തുടര്‍ന്ന് നടിയോടും ഖേദം പ്രകടിപ്പിച്ച് എയര്‍ലൈന്‍സ് രംഗത്തെത്തിയിരുന്നു.
