വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; മത്സര രംഗത്തേയ്ക്ക് ഉടനേയില്ല, രമേശ് പിഷാരടി

ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ് പാലക്കാടും ചേലക്കരയും. പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നടന്‍ രമേശ് പിഷാരടി മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇത്തരം വാര്‍ത്തകളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് രമേശ് പിഷാരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.

മത്സര രംഗത്തേക്ക് ഉടനെയില്ല എന്നാണ് രമേഷ് പിഷാരടി ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ‘എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല.. പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്‍ത്തനത്തിനും പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും’ എന്നും പിഷാരടി കുറിച്ചു. കൈപ്പത്തി ചിഹ്നമുള്ള കൊടിയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

പാലക്കാട് എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലുള്‍പ്പടെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമായിരുന്നു രമേഷ് പിഷാരടി. വിവിധ കോണ്‍ഗ്രസ് പരിപാടികളിലും പിഷാരടി പങ്കെടുക്കാറുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് നേരിയ ഭൂരിപക്ഷമാണെങ്കിലും നിലവിലെ സാഹചര്യം തീര്‍ത്തും സുരക്ഷിതമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. നഗരസഭയിലെ സ്വാധീനം മുതലെടുത്ത് മുന്നിലെത്താമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അതേസമയം വലിയ സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ നില മെച്ചപ്പെടുത്താനാകും സിപിഎമ്മിന്റെ ശ്രമം.

അതേസമയം എല്‍ഡിഎഫിന് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമാണ് പാലക്കാട് മുന്‍ തെരഞ്ഞെടുപ്പുകളിലെ കണക്കുകളൊന്നും സിപിഎമ്മിന് പ്രതീക്ഷയ്ക്ക് വകനല്‍കുന്നുമില്ല.

2019 ല്‍ നിന്ന് 2024 ല്‍ എത്തിയപ്പോള്‍ കുറഞ്ഞത് 5323 വോട്ടാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് യുഡിഎഫിന് ലഭിച്ചത് 52,779 വോട്ടാണ്.

രണ്ടാമതെത്തിയ ബിജെപിയേക്കാള്‍ 9707 വോട്ടിന്റെ ഭൂരിപക്ഷം. നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് കണക്കുകൂട്ടല്‍.

Vijayasree Vijayasree :