‘ചാക്കോച്ചന്‍ വന്നു കമന്റ് ഇട്ടാല്‍ ‘അനിയത്തിപ്രാവ്’ ഒന്നുകൂടെ കാണു’മെന്ന് രമേഷ് പിഷാരടി; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

നായകനായി കുഞ്ചാക്കോ ബോബന്‍ അരങ്ങേറ്റം കുറിച്ചിട്ട് 27 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഫാസിലിന്റെ സംവിധാനത്തില്‍ ഇറങ്ങി ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയ അനിയത്തിപ്രാവ് തിയറ്ററുകളിലെത്തിയത് 1997 മാര്‍ച്ച് 26ന് ആയിരുന്നു. ഇതിലൂടെ ആണ് കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ മലയാളികള്‍ക്ക് മുന്നില്‍ എത്തിയതും.

ഇപ്പോഴിതാ സിനിമ ഇറങ്ങി ഇരുപത്തി ഏഴ് വര്‍ഷം കഴിയുമ്പോള്‍ രമേഷ് പിഷാരടി പങ്കുവച്ച പോസ്റ്റും അതിന് ചാക്കോച്ചന്‍ പറഞ്ഞ കാര്യങ്ങളുമാണ് ശ്രദ്ധനേടുന്നത്.

‘ചാക്കോച്ചന്‍ വന്നു കമന്റ് ഇട്ടാല്‍ ‘അനിയത്തിപ്രാവ്’ ഒന്നുകൂടെ കാണും..27 years of aniyathipravu’, എന്നായിരുന്നു രമേഷ് പിഷാരടി പോസ്റ്റ് ചെയ്തത്. ഒപ്പം കുഞ്ചാക്കോ ബോബനെ ടാഗ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ചാക്കോച്ചന്‍ ഉടന്‍ മറുപടിയുമായി എത്തി. പോയി കാണൂ കാണൂ എന്നാണ് ചാക്കോച്ചന്‍ മറുപടി കമന്റ് ചെയ്തത്. പിന്നാലെ കമന്റുമായി സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തി.

പിഷാരടി കമന്റിന് റിപ്ലെ തന്നാല്‍ കപ്പല്‍ മുതലാളി കാണാം എന്നാണ് ഒരാളുടെ കമന്റ്. ഇതിന് പോയി കാണൂ എന്ന് പിഷാരടിയും മറുപടി നല്‍കി. അനിയത്തിപ്രാവ് വന്ന് കമന്റിട്ടാല്‍ ചാക്കോച്ചനെ ഒന്നൂടെ കാണാം എന്നാണ് രാജ് കലേഷ് ഇട്ട കമന്റ്. വിജയ് യേശുദാസും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അനിയത്തിപ്രാവിന്റെ 27ാം വര്‍ഷത്തെ സന്തോഷം കുഞ്ചാക്കോ ബോബനും പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ‘ചാവേര്‍’ ആണ് കുഞ്ചാക്കോ ബോബന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സംവിധാനം ചെയ്തത് ടിനു പാപ്പച്ചന്‍ ആയിരുന്നു. ജോയ് മാത്യു തിരക്കഥ എഴുതിയ ചിത്രമാണ് ചാവേര്‍. ഒക്ടോബര്‍ 5ന് ആയിരുന്നു ചാവേറിന്റെ റിലീസ്.

Vijayasree Vijayasree :