സത്യം പുറത്തുവരുമെന്ന ഭയമാണ് ട്രോളുകള്‍ക്കും ആക്രമണങ്ങള്‍ക്കും പിന്നില്‍, സിനിമ പൂര്‍ത്തിയാക്കിയത് രണ്ടരക്കോടിയോളം രൂപ ബജറ്റില്‍; രാമസിംഹന്‍

രണ്ടു വര്‍ഷമായി തനിക്കെതിരെ ട്രോളുകള്‍ സൃഷ്ടിച്ചവരും ആക്രമണം നടത്തിയവരും ‘1921: പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയിലൂടെ പുറത്തുവരുന്ന സത്യത്തെ ഭയപ്പെടുന്നവരാണെന്ന് സംവിധായകന്‍ രാമസിംഹന്‍ പറഞ്ഞു. അത്തരത്തില്‍ ഭയപ്പെടുന്നവരാണ് സംസ്ഥാനത്തിന്റെ പലയിടത്തും തന്റെ സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറുന്നതെന്നും രാമസിംഹന്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ബിബിസി ഡോക്യുമെന്ററി നാടുനീളെ കാണിക്കുന്നുണ്ട്. എന്നാല്‍ തന്റെ സിനിമയ്‌ക്കെതിരെ വ്യാപകമായ ആക്രമണം നടത്തുകയും ചെയ്തു. കോര്‍പറേഷനില്‍ പണമടച്ച് അനുവാദം വാങ്ങിയാണ് സിനിമയുടെ പോസ്റ്ററുകള്‍ ഒട്ടിച്ചത്. എന്നാല്‍ ഇതിനുതൊട്ടുപിറകെ ഒരുകൂട്ടരെത്തി പോസ്റ്ററുകള്‍ വലിച്ചുകീറി കളയുകയാണ് ചെയ്യുന്നത്. സത്യം പുറത്തുവരുമെന്ന ഭയമാണ് ട്രോളുകള്‍ക്കും ആക്രമണങ്ങള്‍ക്കും പിന്നില്‍.

തനിക്കെതിരെ ക്രൂരമായ ട്രോളുകള്‍ വരുന്നതുകണ്ട് അനുകമ്പ തോന്നി സിപിഎമ്മുകാര്‍ പോലും സിനിമാനിര്‍മാണത്തിനു പണം നല്‍കിയിട്ടുണ്ട്. ‘1921: പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമ മുടക്കാന്‍ പലരും പരമാവധി ശ്രമിച്ചുവെന്ന് അലി അക്ബര്‍ പറഞ്ഞു. ആദ്യം ചിത്രീകരണം മുടക്കാന്‍ ശ്രമിച്ചു. ലൊക്കേഷനില്‍ ഉദ്യോഗസ്ഥരെ അയച്ച് നിരന്തരം ഭീഷണി പെട്ടുതിയിരുന്നു. ചിത്രം പൂര്‍ത്തിയായതോടെ സെന്‍സര്‍ ചെയ്ത് സര്‍ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ബോര്‍ഡ് തയാറായില്ല.

ഇതോടെയാണ് കോടതിയെ സമീപിച്ചത്. കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടുപോലും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ തടഞ്ഞുവച്ചു. ഒരു വഴിയുമില്ലാതായതോടെ പ്രധാനമന്ത്രിക്കു പരാതി അയച്ചു. നാലുദിവസത്തിനകം പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെടുകയും സര്‍ടിഫിക്കറ്റ് നല്‍കുകയുമായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.

1921ല്‍ കൊന്നവര്‍ക്ക് സ്മാരകം പണിയുകയും കൊല്ലപ്പെട്ടവരെ തഴയുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പൃഥ്വിരാജ് നായകനായി വാരിയംകുന്നന്‍ എന്ന പേരില്‍ സിനിമയെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് വാരിയംകുന്നനെ വിമര്‍ശിച്ച് സിനിമയെടുക്കാന്‍ താന്‍ മുന്നിട്ടിറങ്ങിയത്. 80 കോടി രൂപ ബജറ്റുമായി പൃഥ്വിരാജിന്റെ സിനിമയടക്കം നാലു സിനിമകളാണ് അന്നു പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ജനങ്ങള്‍ നല്‍കിയ പണമുപയോഗിച്ച് നിര്‍മിച്ച തന്റെ സിനിമ മാത്രമാണ് പൂര്‍ത്തിയായി തീയറ്ററുകളിലേക്കെത്തുന്നത്.

ചരിത്രം പഠിക്കാതെയാണ് പൃഥ്വിരാജ് സിനിമയിലേക്ക് ചാടിയിറങ്ങിയത്. സത്യം മനസിലാക്കിയപ്പോഴാണ് അദ്ദേഹം പിന്‍തിരിഞ്ഞതെന്നും സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞു. ചരിത്രകാരന്‍ കെ. മാധവന്‍നായര്‍ മലബാര്‍ കലാപത്തെക്കുറിച്ചുപറഞ്ഞതുമാത്രമേ തന്റെ സിനിമയിലും പറയുന്നുള്ളൂ. താന്‍ ചരിത്രത്തെ പച്ചക്കണ്ണടയും ചുവപ്പുകണ്ണടയുമിട്ടല്ല കാണുന്നത്.

രണ്ടരക്കോടിയോളം രൂപ ബജറ്റിലാണ് സിനിമ പൂര്‍ത്തിയാക്കിയത്. രണ്ട് കോടി രൂപ പൊതുജനങ്ങളില്‍ നിന്നും പിരിച്ചുകിട്ടി. ജനങ്ങള്‍ പണം തന്നത് ബാങ്ക് അക്കൗണ്ട് വഴിയാണ്. ഇതിനു ജിഎസ്ടി അടച്ചിട്ടുണ്ട്. അക്കൗണ്ട് ഓഡിറ്റ് ചെയ്തിട്ടുണ്ട്. ആര്‍ക്കും പരിശോധിക്കാവുന്നതാണ്. ദിവസേന രണ്ടരലക്ഷത്തോളം രൂപ ചെലവില്‍ അന്‍പതു ദിവസത്തോളം ചിത്രീകരണം നടത്തി. പോസ്റ്റ് പ്രൊഡക്ഷനടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കി. മലയാളം, ഹിന്ദി പതിപ്പുകളാണ് ഈ തുക കൊണ്ട് റിലീസിനൊരുങ്ങുന്നത്. എന്നിട്ടും ജനങ്ങള്‍ നല്‍കിയ പണം താന്‍ അടിച്ചുമാറ്റിയെന്നാണ് പലരും സമൂഹമാധ്യമങ്ങളിലിരുന്ന് ആരോപിക്കുകയും കരയുകയും ചെയ്യുന്നത്. ആരോപണമുന്നയിച്ച ആരും തനിക്ക് പണം തന്നിട്ടില്ലെന്നും രാമസിംഹന്‍ പറഞ്ഞു.

തന്നെ ട്രോളിയവര്‍ക്കും ആക്രമിച്ചവര്‍ക്കുമുള്ള മറുപടിയായാണ് സിനിമ സംസ്ഥാനത്തെ 86 തീയറ്ററുകളില്‍ റിലീസിനെത്തുന്നത്. സിനിമയ്ക്ക് പണം നല്‍കിയത് സാധാരണ ജനങ്ങളാണ്. പടത്തിനു ലാഭമുണ്ടായാല്‍ ഇവരോരോ!രുത്തര്‍ക്കും മുടക്കുമുതല്‍ തിരികെ നല്‍കുകയെന്നത് അപ്രായോഗികമാണ്. അതുകൊണ്ട് ഈ തുക സാമൂഹികസേവനത്തിലൂടെ സമൂഹത്തിനു നല്‍കാനാണ് തീരുമാനമെന്നും രാമസിംഹന്‍ പറഞ്ഞു.

ചിത്രത്തിന്റെ നിര്‍മാണത്തിനായി രൂപീകരിച്ച ‘മമധര്‍മ’ എന്ന കമ്പനി ട്രസ്റ്റായി റജിസ്റ്റര്‍ ചെയ്യും. ചിത്രത്തിനു തീയറ്ററുകളില്‍നിന്നു ലഭിക്കുന്ന തുക ഈ ട്രസ്റ്റിലൂടെ വിവിധ സാമൂഹികസേവന പദ്ധതിക്കായി ചെലവഴിക്കും. സേവാഭാരതിയുമായി ചേര്‍ന്ന് വീടില്ലാത്ത അഞ്ചുപേര്‍ക്ക് വീടു നിര്‍മിച്ചു നല്‍കാനും രോഗികള്‍ക്ക് ചികിത്സാ ചെലവു നല്‍കാനും ലക്ഷ്യമിടുന്നുണ്ടെന്നും രാമസിംഹന്‍ പറഞ്ഞു.

Vijayasree Vijayasree :