മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുൻനിര നായകന്മാർക്കൊപ്പവും എത്തിയത്. പിന്നീട് നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ നിരവധി വേഷങ്ങളിലാണ് ഷൈൻ തിളങ്ങിയത്.
സിനിമയ്ക്ക് അകത്ത് അഭിനയം കൊണ്ട് വിസ്മയിപ്പിക്കുമ്പോൾ പുറത്ത് പലപ്പോഴും വിവാദങ്ങളും രസകരമായ ചില പ്രതികരണങ്ങളുമാണ് ഷൈൻ ടോം ചാക്കോയെ ശ്രദ്ധേയനാക്കുന്നത്. അഭിമുഖത്തിലും മറ്റും അദ്ദേഹം ഇടപെടുന്ന രീതിയിൽ വിമർശനങ്ങൾ ഉണ്ടെങ്കിലും സിനിമയിലെ അഭിനയത്തിന്റെ കാര്യത്തിൽ ആർക്കും രണ്ട് അഭിപ്രായം ഉണ്ടാകാൻ വഴിയില്ല.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹോട്ടലിലെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ അടക്കം പുറത്തെത്തിയിരുന്നു. ഈ സംഭവത്തിൽ നടൻ പോലീസിന് മുന്നിൽ ഹാജരായിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇന്നലെ തന്നെ ഷൈനിന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരുന്നു നോട്ടീസിൽ ഷൈനിനോട് ആവശ്യപ്പെട്ടിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ, മകൻ യാത്രയിലാണെന്നും ഷൈൻ ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും എന്നാണ് പിതാവ് ചാക്കോ പൊലീസിനെ അറിയിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച രാവിലെ തന്നെ നടൻ സ്റ്റേഷനിലെത്തുകയായിരുന്നു. ബുധനാഴ്ച രാത്രി കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നിന്ന് രക്ഷപെട്ടതിന്റെ കാരണം കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ഹോട്ടലിൽ നിന്ന് ലഹരിമരുന്നൊന്നും കണ്ടെത്താത്തതിനാൽ ഷൈനെതിരെ നിലവിൽ കേസെടുത്തിട്ടില്ല. ഷൈനിനൊപ്പം അഭിഭാഷകനും സ്റ്റേഷനിലെത്തി.
സെൻട്രൽ എസിപി സി. ജയകുമാറിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ. അന്ന് പരിശോധനക്കെത്തിയ ഡാൻസാഫ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരിയിടപാട് നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഈ ഇടപാടുകൾ മറയ്ക്കാനാണ് ഷൈൻ രക്ഷപ്പെട്ടതെന്നും പൊലീസ് സംശയിക്കുന്നു.
നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരനെ തേടിയാണ് ഡാൻസാഫ് സംഘം അന്ന് ഹോട്ടലിലെത്തിയത്. കൊച്ചിയിൽ നിന്ന് മുങ്ങിയ ഷൈൻ പൊള്ളാച്ചിയിലെ റിസോർട്ടിൽ പോയെന്നായിരുന്നു വിവരം. ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പൊലീസ് പ്രത്യേക ചോദ്യാവലി തയാറാക്കിയിട്ടുണ്ട് എന്നാണ് വിവരം. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയിരിക്കുന്നത്.
ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴ കീറി ചോദിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഡാൻസാഫ് ടീം എത്തിയപ്പോൾ ഷൈൻ എന്തിന് ഇറങ്ങിയോടി, ഹോട്ടലിൽ മുറിയെടുത്തത് എന്തിന്, ഒളിവിൽ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ചോദിക്കുക. മുതിർന്ന അഭിഭാഷകരിൽ നിന്നും ഷൈൻ നിയമോപദേശം എടുത്തിട്ടുണ്ട്. ആ ചോദ്യങ്ങൾ മനസ്സിലാക്കി ഉത്തരങ്ങൾ മുൻകൂട്ടി പഠിച്ച ശേഷമാണ് എത്തിയതെന്നാണ് വിവരം.
അതിനിടെ സെറ്റിലെ അപമര്യാദയിൽ പോലീസിന് പരാതി നൽകില്ലെന്ന നിലപാടിലാണ് വിൻസി അലോഷ്യസ്. അതുകൊണ്ട് തന്നെ പോലീസിന്റെ 32 ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞാൽ മതിയാകും. ഡാൻസാഫ് ടീം എത്തിയപ്പോൾ ഷൈൻ എന്തിന് ഇറങ്ങിയോടി, ഹോട്ടലിൽ മുറിയെടുത്തത് എന്തിന്, ഒളിവിൽ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളാണ് പൊലീസിന് അറിയേണ്ടത്. നിലവിൽ ഷൈനെ ഒരു കേസിലും പ്രതി ചേർത്തിട്ടില്ല.
നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് കലൂരിൽ ഡാൻസാഫ് സംഘം എത്തിയത്. ഇയാൾ നടൻ ഷൈൻ ടോം ചാക്കോയുടെ മുറിയിൽ ഉണ്ടാകുമെന്നായിരുന്നു നിഗമനം. റൂം സർവീസെന്ന് പറഞ്ഞാണ് ഡാൻസാഫ് ടീം റൂമിൽ ബെല്ലടിച്ചത്. ഇവിടെ സർവീസ് വേണ്ടെന്ന് പറഞ്ഞ ശേഷം ഷൈൻ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.
ഹോട്ടലിൽ പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴകീറി ചോദിക്കാനാണ് നീക്കം. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്.
അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്‌സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിലെ മൂന്ന് പ്രമുഖ ക്രിമിനൽ അഭിഭാഷകരുമായി ഷൈൻ ഫോണിൽ സംസാരിച്ചു. മുതിർന്ന ക്രിമിനൽ അഭിഭാഷകൻ രാമൻ പിള്ളയാണ് ഷൈനിന്റെ അഭിഭാഷകൻ എന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഭാഷകനാണ് രാമൻപിള്ള. അതിനാൽ തന്നെ നിയമോപദേശം കാര്യമായി തന്നെ കിട്ടിയിരിക്കാമെന്നും വിലയിരുത്തുന്നുണ്ട്.
ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ യുവതിയുടെ മൊഴി പുറത്തു വരുകയും സിനിമാ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് അവർ പറയുകയും ചെയ്തിരുന്നു. ഷൈൻ ടോം ചാക്കോയുമായി ഇടപാടുകളുണ്ടെന്ന ആരോപണവും പുറത്തുവന്നു. ഈ സാഹചര്യത്തിൽ ഷൈനിനെ എക്‌സൈസ് സംഘം ചോദ്യം ചെയ്‌തേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. മുറിയുടെ പുറത്ത് പോലീസിനെ കണ്ട് ഈ കേസിൽ അറസ്റ്റിന് വന്നതാണോയെന്ന സംശയംകൊണ്ട് രക്ഷപ്പെട്ടതാകാനാണ് ഒരു സാധ്യതയെന്ന് പോലീസ് സംശയിക്കുന്നു.
ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്തിരിക്കാമെന്ന സംശയവും ഓട്ടത്തിന് കാരണമായോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇത് സ്ഥിരീകരിക്കണമെങ്കിൽ നടനെ അപ്പോൾ രക്ത പരിശോധനയ്ക്ക് വിധേയമാക്കണമായിരുന്നു. അതിന് കഴിഞ്ഞില്ല. മുടിയും നഖവും പരിശോധിച്ചാൽ നടൻ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയാം. എന്നാൽ ഇത്തരമൊരു പരിശോധനയ്ക്ക് നടൻ തയ്യാറാകില്ലെന്നാണ് സൂചന.
ഒരു നടനിൽനിന്ന് മോശം അനുഭവമുണ്ടായെന്ന് നടി വിൻ സിയുടെ ആരോപണം ചൊവ്വാഴ്ചയാണ് പുറത്തു വന്നത്. ഈ വിഷയത്തിൽ എന്തെങ്കിലും ചോദ്യം ചെയ്യലിനെത്തിയതാണോയെന്നും നടൻ സംശയിച്ചിരിക്കാമെന്നും പോലീസ് കരുതുന്നു. സിനിമാ മേഖലകളിലെ സുഹൃത്തുക്കൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സിസിടിവി ക്യാമറകൾ, മൊബൈൽ ഫോൺ വിവരങ്ങൾ എന്നിവയും പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണത്തിൽ നടി വിൻസി അലോഷ്യസിൽ നിന്നും എക്സൈസ് വിവരങ്ങൾ തേടാനുള്ള നീക്കം എക്സൈസ് ഉപേക്ഷിച്ചു. വിൻസിയുടെ ഭാഗത്ത് നിന്നും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണിത്. പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും എക്സൈസ് വ്യക്തമാക്കി.
വിൻസിയുടെ പരാതിയിൽ തിങ്കളാഴ്ചക്കുള്ളിൽ ഷൈൻ ടോം ചാക്കോ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ പുറത്താക്കാൻ അച്ചടക്കം സമിതി ജനറൽബോഡിക്ക് ശുപാർശ ചെയ്യുമെന്നും താരസംഘടനയായ അമ്മ അറിയിച്ചു. അതേസമയം ഷൈൻ എതിരായ ലഹരി ആരോപണത്തിൽ നടി വിൻസി അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകില്ല. വിൻസിയുടെ മൊഴിയെടുക്കാൻ എക്‌സൈസ് സമീപിച്ചെങ്കിലും താൽപര്യമില്ലെന്ന് കുടുംബം വ്യക്തമാക്കുകയായിരുന്നു.
സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ഷൈൻ ടോം ചാക്കോ വിൻസിയോട് അപമര്യാദയായി പെരുമാറിയത്. റിലീസിന് തയ്യാറെടുക്കുന്ന സിനിമയാണ് സൂത്രവാക്യം. ലഹരി ഉപയോഗിച്ച് ഷൈൻ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചായിരുന്നു ഈ സംഭവമെന്നും വിൻസി അമ്മയ്ക്ക് നൽകിയ പരാതിയിലുണ്ട്.
ഫിലിം ചേംബറിനും അമ്മയ്ക്കും പുറമെ സൂത്രവാക്യം സിനിമയിടെ ആഭ്യന്തര പരാതി പരിഹാര സമിതിയ്ക്കും വിൻസി പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഒരു സിനിമയുടെ സെറ്റിൽ വെച്ച് ലഹരി ഉപയോഗിച്ച നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ലഹരി ഉപയോഗിക്കുന്ന നടൻമാർക്കൊപ്പം അഭിനയിക്കില്ല എന്നും താരം പറഞ്ഞിരുന്നു.
‘ഷൂട്ടിംഗിനിടെ എന്റെ വസ്ത്രത്തിൽ ഒരു പ്രശ്‌നം വന്നപ്പോൾ അത് ശരിയാക്കാൻ പോയി. അപ്പോൾ ഞാനും വരാം ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നിൽവെച്ച് പറയുന്ന രീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു,’ എന്നായിരുന്നു വിൻസി പറഞ്ഞിരുന്നത്.
ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിനിടയിൽ ഈ നടൻ വായിൽ നിന്ന് വെളുത്ത നിറത്തിലുള്ള ഒരു പൊടി തുപ്പുന്നത് കണ്ടിരുന്നു എന്നും വിൻസി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ താരസംഘടനയായ അമ്മ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിഷയം സംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റി ചർച്ച ചെയ്തു എന്നും പരാതി നൽകിയാൽ നടപടിയെടുക്കും എന്ന് നടനും ഭാരവാഹിയുമായ ജയൻ ചേർത്തല പറഞ്ഞിരുന്നു.
ഡബ്ല്യുസിസിയും വിൻസിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. അതിനിടെ സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർ നടപടിയുണ്ടാകുമെന്ന് എക്‌സൈസും അറിയിച്ചിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്റ്റേറ്റ് ഇന്റലിജൻസും അന്വേഷണം തുടങ്ങിയിരുന്നു എന്നാണ് വിവരം. വിൻസിയിൽ നിന്ന് പരാതി വാങ്ങി കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസും ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
അതേസമയം ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടപടി വേണമെന്ന് സിനിമാ മേഖലയിൽ നിന്ന് തന്നെ ആവശ്യം ഉയരുന്നുണ്ട്. ഇതാദ്യമായല്ല ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയുടെ പേര് ഉയർന്ന് കേൾക്കുന്നത്. 2015 ജനുവരിയിൽ നിരോധിത ലഹരിമരുന്നായ കൊക്കെയ്‌നുമായി ഷൈനിനെയും മറ്റ് നാലേ പേരെയും കൊച്ചിയിലെ ഒരു ഫ്‌ളാറ്റിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസ് പിന്നീട് ഷൈനിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പിന്നാലെ അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് ലഹരി കേസുമായി ബന്ധപ്പെട്ടും ഷൈൻ ടോം ചാക്കോയിടെ പേര് ഉയർന്ന് വന്നിരുന്നു. എന്നാൽ ഇക്കാര്യം ഷൈൻ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലായ് വിൻസി പരാതിയുമായി രംഗത്തെത്തിയത്.