ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. ഇപ്പോള്‍ വിവാദ പ്രസ്താവനകളിലൂടെയും വിമര്ശനങ്ങളിലൂടെയുമാണ് അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത്. അടുത്തിടെ ഒരു നടിയുടെ കാലുകള്‍ ചുംബിക്കുന്ന വീഡിയോയിലൂടെയാണ് രാം ഗോപാല്‍ വര്‍മ്മ വിവാദം ഉണ്ടാക്കിയത്.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ട്വീറ്റാണ് വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ആര്‍ആര്‍ആര്‍ സംവിധായകന് എസ്എസ് രാജമൗലിയെ കുറിച്ചാണ് ട്വീറ്റ്. നിങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വര്‍ധിപ്പിക്കാന്‍ ബാഹുബലി സംവിധായകനായ രാജമൗലിയെ സംബോധന ചെയ്ത് രാം ഗോപാല്‍ വര്‍മ്മ ആവശ്യപ്പെടുന്നുണ്ട്.
‘രാജമൗലി സാര്‍ ദയവായി നിങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുക. കാരണം അസൂയകൊണ്ട് നിങ്ങളെ കൊല്ലാന്‍ ഒരു കൊലയാളി സംഘം രൂപീകരിച്ച ഒരു കൂട്ടം സിനിമക്കാര്‍ ഇന്ത്യയിലുണ്ട്, ആ കൂട്ടത്തില്‍ ഞാനും ഉണ്ട്. ഇപ്പോള്‍ ഈ രഹസ്യം ഞാന്‍ പുറത്ത് പറയാന്‍ കാരണം ഞാന്‍ നാലെണ്ണം അടിച്ചിട്ടുണ്ട്’ എന്നും രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്യുന്നു.
മദ്യപിച്ചാല്‍ ഇദ്ദേഹത്തെ ഫോണ്‍ ഉപയോഗിക്കാന്‍ വിടരുത്, ടിപ്പിക്കല്‍ രാം ഗോപാല്‍ വര്‍മ്മ, ഇദ്ദേഹം നോര്മലാകുവാന് ഞങ്ങള്‍ കാത്തിരിക്കുന്നു.തുടങ്ങിയ നിരവധി പരാമര്‍ശങ്ങള്‍ വരുന്നുണ്ട്. നേരത്തെ ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബ് നേടിയ സമയത്ത് ഇന്ത്യയിലെ ഒട്ടുമിക്ക സംവിധായകരെയും പിന്നിലാക്കിയ താങ്കളുടെ കാലു നക്കാന്‍ പോലും താന്‍ തയ്യാറാണെന്ന് രാം ഗോപാല്‍ വര്‍മ്മ പ്രതികരിച്ചിരുന്നു.